ചിന്താ ജെറോം ആരാ കേരളത്തിന്റെ മയിലമ്മയോ? ഇ.എം.എസിന്റെ ഭാര്യ ആര്യാ അന്തര്‍ജ്ജനം 82-ാം വയസിലും യാത്ര ചെയ്തത് സ്വകാര്യ ബസില്‍

കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന ഇ എം എസിന്റെ ഭാര്യ ആര്യാ അന്തര്‍ജ്ജനം 82ാം വയസിലും കഷ്ടപ്പെട്ട് യാത്ര ചെയ്തിരുന്നത് സ്വകാര്യബസിലായിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തരന്‍ ജി. ശക്തിധരന്‍.

അങ്ങിനെയുള്ളവര്‍ കെട്ടിപ്പെടുത്ത പാര്‍ട്ടിയുടെ ചോരയും നീരുമാണ് ചിന്താശക്തിയില്ലാത്ത ചിന്താ ജെറോമുമാര്‍ വെട്ടിക്കീറി തിന്നുന്നതെന്നും ജി ശക്തിധരന്‍ വിമര്‍ശിക്കുന്നു.

‘ആര്യാ അന്തര്‍ജ്ജനം എറണാകുളത്തു കലൂരില്‍ റാവുവിന്റെ പലവ്യഞ്ജന കടയുടെ മുന്നില്‍ നിന്ന് മകന്‍ ഇ എം ശ്രീധരനൊപ്പം അങ്കമാലിയിലെ വീട്ടില്‍ പോയിരുന്ന രംഗം കണ്ട് ഞാന്‍ കണ്ണീര്‍ വാര്‍ത്തിട്ടുണ്ട്.

മകന്റെ നിര്‍ദ്ദയമായ പിശുക്കില്‍ ആ ‘അമ്മ അനുഭവിച്ച ദൈന്യത ഓര്‍ത്ത്. കുതിരയെപ്പോലെ കുതിക്കുന്ന ആ സ്വകാര്യബസില്‍ ആരോഗ്യമുള്ളവര്‍ക്ക് പോലും സുഗമമായി യാത്രാചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുമ്പോള്‍ ആണ് ഈ ‘അമ്മ അതില്‍ സാഹസിക യാത്രചെയ്തിരുന്നത്.

അങ്ങനെയുള്ളവര്‍ കെട്ടിപ്പടുത്ത പാര്‍ട്ടിയുടെ ചോരയും നീരുമാണ് ചിന്താശക്തിയില്ലാത്ത ചിന്താ ജെറോം മാര്‍ വെട്ടിക്കീറി തിന്നുന്നത് ‘ ജി ശക്തിധരന്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

വയറൊട്ടി കഴിയുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരുനേരത്തെയെങ്കിലും ആഹാരം എത്തിച്ചുകൊടുക്കാന്‍ ആവതില്ലാതെ പിച്ചച്ചട്ടിയുമായി പട്ടിണിപ്പാവങ്ങള്‍ പണിതേടി നടക്കുന്ന ഒരു നാട്ടില്‍ ഒരുത്തി സിനിമാതാരത്തെ അനുകരിച്ച വേഷവിധാനങ്ങളോടെ നിഗളിച്ചു നിന്ന് അധികൃതരോട് ആക്രോശിക്കുന്നു:

‘വൈക്കേടാ എന്റെ പത്തുലക്ഷം രൂപാ. അത് കേട്ടിട്ടും മാനമില്ലാതെ അനുചരന്മാര്‍ മുറുമുറുക്കുന്നു.എതിര്‍ത്തു ഒന്നും മൊഴിയരുതേ . ഇതിനെയും നാട്ടില്‍ വിളിക്കുന്നത് അരുമ കമ്മ്യുണിസ്റ്റ്.

മുഖ്യമന്ത്രിയുടെ അടുത്ത ആളാണ്.മുഖ്യമന്ത്രിയുടെ പുത്രിയുടെ തോഴിയാണ് . തിരുവായ്ക്കു എതിര്‍വായ് ഇല്ല എന്നറിയില്ലേ’ ശക്തിധരന്‍ കളിയാക്കുന്നുണ്ട്.

700 രൂപ ശമ്പളമുണ്ടായിരുന്ന മുഖ്യമന്ത്രി ഇ എം എസ് അത് വെട്ടിക്കുറിച്ച് തന്റെ ശമ്പളം 500 രൂപയാണെന്ന് പ്രഖ്യാപിച്ചിരുന്നു,

ആ മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ ഇന്നത്തെ പിന്‍ഗാമിയാണ് ലക്ഷങ്ങള്‍ കുടിശ്ശികയായി ഖജാനാവില്‍ നിന്ന് എടുത്തുതരണമെന്ന് അവകാശത്തോടെ ആജ്ഞാപിക്കുന്നത് !

ഇത് ആദ്യത്തെയോ അവസാനത്തെയോ ആവില്ല.. രാഷ്ട്രീയ സ്വാധീനത്തിന്റെ പേരില്‍ ഓരോ പദവികളില്‍ കയറിപ്പറ്റിയവര്‍ അവരുടെ സാമ്രാമ്രാജ്യം എങ്ങിനെ പറുദീസ ആക്കാം എന്ന ചിന്തയിലാണ്.

ഇതിന്റെ ഗുണഭോക്താക്കള്‍ ആയിരമോ രണ്ടായിരമോ മാത്രമാണ്. മൂന്നു കോടിയിലേറെ ജനങ്ങളില്‍ നിന്ന് കവര്‍ന്നെടുക്കുന്ന നികുതിയാണ് ഇവര്‍ക്കായി പങ്കുവെക്കുന്നത്.

അമിതമായ ഈ പണം കയ്യില്‍ കിട്ടുന്നതില്‍ അല്‍പ്പം താമസിച്ചതിനാണ് അട്ടഹസിക്കുന്നത് കണ്ടത്! ഇത്തരം വേതാളങ്ങളെ ഇരുത്തേണ്ടിടത്തു ഇരുത്താന്‍ നിയമസഭയില്‍ പ്രസംഗിച്ചതുകൊണ്ടോ മാധ്യമങ്ങളില്‍ എഴുതിയതുകൊണ്ടോ മുദ്രാവാക്യം വിളിച്ചതുകൊണ്ടോ കാര്യമില്ലന്നും എസ് ആര്‍ ശക്തിധരന്‍ പരിഹസിക്കുന്നു.

Related posts

Leave a Comment