ചെയ്തതെല്ലാം വെറുതേയാവും..! നടിയെ ആക്രമിച്ച കേസ്: കുറ്റപത്രത്തിലെ വിവരങ്ങൾ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത് വിലക്കണമെന്ന് പോലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടക്കുന്ന മാധ്യമ ചർച്ചകൾക്ക് വിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിലേക്ക്. കേസിൽ അന്വേഷണ സംഘം സമർപ്പിച്ചിരിക്കുന്ന കുറ്റപത്രത്തിലെ വിവരങ്ങൾ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പിന്നാലെ ഇക്കാര്യത്തിൽ ചാനലുകളിൽ ചർച്ചയും നടക്കുന്നു. കേസിൽ വിവരങ്ങൾ പുറത്തുവിടുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെടുക.

കുറ്റപത്രത്തിൽ സിനിമ മേഖലകളിൽ നിന്നുള്ളവരുടേത് ഉൾപ്പടെ നിരവധി പേരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ എല്ലാം വിശദാംശങ്ങൾ പുറത്തുവരുന്നത് കേസിൽ പ്രോസിക്യൂഷന് തിരിച്ചടിയാകും. മാത്രമല്ല, പ്രതികൾക്കെതിരേ മൊഴി നൽകിയിരിക്കുന്ന സാക്ഷികളെ സ്വാധീനിക്കാൻ അവസരമൊരുങ്ങുകയും ചെയ്യും. സിനിമ രംഗത്തുനിന്നുള്ള പ്രധാന സാക്ഷികൾ വിവരങ്ങൾ പുറത്തുപോകരുതെന്ന കാര്യം ആവശ്യപ്പെട്ടുവെന്നും അതിനാൽ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്തുവിടുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും.

ചൊവ്വാഴ്ചയാണ് നടൻ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾക്കെതിരായ കുറ്റപത്രം അന്വേഷണ സംഘം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. ദിലീപിന്‍റെ മുൻഭാര്യ മഞ്ജു വാര്യരാണ് കേസിലെ മുഖ്യസാക്ഷി. കുറ്റപത്രം സ്വീകരിക്കുന്നതിന് മുൻപുള്ള പരിശോധനകൾ കോടതി നടത്തുന്നതിനിടെയാണ് വിവരങ്ങൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

Related posts