നെടുമ്പാശേരി: കെനിയൻ പൗരനിൽനിന്നും നെടുമ്പാശേരി വിമാനത്താവളത്തിൽ പിടികൂടിയ ഏഴ് കോടി രൂപയുടെ കൊക്കെയ്ൻ ആർക്കുവേണ്ടിയാണ് കൊണ്ടുവന്നതെന്ന് കണ്ടെത്താൻ ഊർജിതമായ അന്വേഷണം ആരംഭിച്ചു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് വിഭാഗമാണ് രഹസ്യ വിവരത്തെതുടർന്ന് വിമാനത്താവളത്തിലെത്തി കോടികൾ വിലവരുന്ന മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരനെ പിടികൂടിയത്.
കെനിയൻ പൗരനായ കരിഞ്ചാ മിഷാലാണ് ഡിആർഐയുടെ പിടിയിലായത്. പ്രത്യേക കവറിൽ ക്യാപ്സ്യൂൾ രൂപത്തിലാക്കിയ കൊക്കെയിൻ ഇയാൾ വിഴുങ്ങിയിരിക്കുകയായിരുന്നു. 668 ഗ്രാം കൊക്കെയിൽ അടങ്ങിയ 50 ക്യാപ്സുളുകളാണ് ഇയാളിൽനിന്നും കണ്ടെത്തിയത്. എത്യോപ്യയിൽനിന്നും മസ്ക്കറ്റ് വഴി എത്തിയ ഇയാൾ ഈ മാസം 19 നാണ് വിമാനത്താവളത്തിൽനിന്നു പിടിയിലായതെങ്കിലും ഒരാഴ്ച്ച നീണ്ട ശ്രമത്തിനൊടുവിലാണ് മയക്കുമരുന്ന് പൂർണമായും വയറ്റിൽനിന്നും പുറത്തെത്തിക്കാനായത്.
കൊച്ചിയിൽ വിതരണം ചെയ്യാനാണ് വിദേശത്തുനിന്നും കൊക്കെയിൻ എത്തിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽനിന്നും ലഭ്യമാകുന്ന വിവരം. എന്നാൽ ഇത് ആർക്ക് വേണ്ടിയാണ് കൊണ്ടുവന്നതെന്ന് കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. മയക്കുമരുന്ന് കടത്തിലെ കാരിയാറാണ് പിടിയിലായതെന്നാണ് വ്യക്തമാകുന്നത്. ഇയാളെ ചോദ്യം ചെയ്തതിൽനിന്നും കാര്യമായ വിവരങ്ങൾ അന്വേഷണ വിഭാഗത്തിന് ലഭ്യമായിട്ടില്ല.
വിമാനമിറങ്ങിയ ശേഷം ഇയാൾ താമസിക്കുന്ന ഹോട്ടലിൽ മയക്കുമരുന്ന് കൈമാറേണ്ടയാൾ എത്തുമെന്ന് മാത്രമാണ് മയക്കുമരുന്ന് കൊടുത്ത് വിട്ടവർ പറഞ്ഞിട്ടുള്ളത്. കൂടുതൽ അന്വേഷണങ്ങളുടെ ഭാഗമായി ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം.
അടുത്തിടെയായി സംസ്ഥാനത്തേക്ക് വൻ തോതിൽ മയക്കുമരുന്ന് എത്തുന്നതായി വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. മയക്കുമരുന്ന് വിപണനത്തിന്റെ പ്രധാന കേന്ദ്രമായി കൊച്ചി മാറുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് മാഫിയ വല വീശുന്നത്.
ഇരകളെ കണ്ടെത്താൻ യുവതികൾ അടക്കമുള്ള പ്രത്യേക സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. ഇവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കാൻ അധികാരികൾ മടിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.