അങ്കക്കലി പൂണ്ടു പോയി ! അങ്കക്കോഴികളുടെ കൂവലില്‍ കോടതി സ്തംഭിച്ചു; കോടതിയിലെത്തിയത് മത്സരിച്ചു കൂവി പോലീസുകാരുടെ ഉറക്കം കെടുത്തിയതിനു ശേഷം; നാടകീയ രംഗങ്ങള്‍ അരങ്ങേറിയതിങ്ങനെ…

cock600കാസര്‍ഗോഡ്: കോഴികള്‍ കാരണം കോടതിയുടെ സഭാനടപടികള്‍ സ്തംഭിക്കുന്നത് ഒരു പക്ഷെ ലോകത്തില്‍ തന്നെ ആദ്യമായിരിക്കാം. നിശബ്ദത പാലിക്കേണ്ട കോടതിക്കകത്ത് ജഡ്ജി വിധിയെഴുതുമ്പോഴും കോഴികള്‍ കൂവിക്കൊണ്ടിരുന്നു. കോഴിയങ്കത്തിനിടെ മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്ത ഏഴ് കോഴികളെ കാസര്‍ഗോഡ് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു ഈ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കോടതി വരാന്തയില്‍ കാലുകള്‍ ബന്ധിച്ച നിലയിലായിരുന്ന കോഴികള്‍ ശൗര്യം വിടാതെ ഉച്ചത്തില്‍ കൂവുകയായിരുന്നു. കാസര്‍ഗോഡ് ,മഞ്ചേശ്വരം താലൂക്കില്‍ കേരളത്തില്‍ നിരോധിച്ച കോഴി അങ്കം വ്യാപകമാകുകയാണ്. അങ്കകോഴികളെയും ഉടമസ്ഥര്‍ക്കെതിരെയും പോലീസ് കണ്ണടക്കുന്നതാണ് കോഴി അങ്കം തുളുനാടിന്റെ ഗ്രാമങ്ങളില്‍ വീണ്ടും സജീവമാകാന്‍ കാരണം. മൃഗീയ വിനോദമായി കാണാവുന്ന കോഴിയങ്കം കര്‍ണ്ണാടകക്കാരുടെ ഇഷ്ടവിനോദവും ഒപ്പം തന്നെ ധനസമ്പാദനത്തിലുള്ള മാര്‍ഗം കൂടിയാണ്.

കോടതില്‍ വാദം മുറുകുന്നതിനനുസരിച്ച് കോഴികളുടെ കൂവലിന്റെ ശക്തി വര്‍ധിച്ചു വരുന്നത് ഒരു കൗതുകക്കാഴ്ചയായിരുന്നു. കോഴിയുടെ കൂവലില്‍ കണ്‍ട്രോള്‍ പോയ അഭിഭാഷകര്‍ക്ക് നാക്കു പിഴയ്ക്കുകപോലും ചെയ്തു.കോടതി കോഴികളെ പിന്നീട് ലേലത്തില്‍ വിടുകയായിരുന്നു. കോഴികളെ ലേലത്തില്‍ കിട്ടാന്‍ പതിവ് വാതുവെപ്പുകാര്‍ ആരും ഉണ്ടായിരുന്നില്ല.കോടതി ജീവനക്കാരും ഏതാനും പേരും മാത്രമായി ലേലക്കാര്‍ ചുരുങ്ങിയപ്പോള്‍ ലേലത്തുകയ്ക്കും കുറവുസംഭവിച്ചു. മുന്‍ ലേലങ്ങളില്‍ ഒരു കോഴിക്ക് ആയിരത്തിലേറെ രൂപയാണ് കിട്ടിയിരുന്നത്.ഒരു കോഴിയുടെ ശരാശരി ലേലത്തുക 300 രൂപയില്‍ ഒതുങ്ങുകയായിരുന്നു. കനത്തമഴയുണ്ടായതും ലേലത്തിന് ആള് കുറയാന്‍ കാരണമായി. ലേലം കഴിഞ്ഞ് കോഴികളെ വിട്ടുകൊടുത്തതോടെയാണ് കോടതി ശാന്തമായത്.

വോര്‍ക്കാടി ഗുവതപ്പടുപ്പില്‍ നിന്നാണ് അങ്കക്കോഴികളെ മഞ്ചേശ്വരം എസ്.ഐ ഇ.അനൂപ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. കോഴിയങ്കത്തിന് നേതൃത്വം നല്‍കിയവരെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഞയറായാഴ്ച രാത്രിയാണ് കോഴികളെയും പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തത്. പിറ്റേന്ന് പുലരും വരെ കോഴികള്‍ പോലീസ് സ്റ്റേഷനില്‍ ഇരുന്നു കൂവി പോലീസുകാരുടെ ഉറക്കം കെടുത്തി. കെട്ടിയിട്ടിരുന്നതിനാല്‍ പരസ്പരം പോരടിക്കാനാവാതെ സ്റ്റേഷന്‍ തറയില്‍ കിടക്കുകയായിരുന്ന കോഴികള്‍ വര്‍ധിതവീര്യത്തോടെയാണ് കൂവിയത്. കോടതിയില്‍ ഹാജരാക്കുന്നതു വരെ പോലീസ് സ്റ്റേഷനില്‍ കൂവിയ കോഴികള്‍ കോടതിയില്‍ എത്തിയപ്പോഴും കൂവല്‍ നിര്‍ത്തിയില്ല.
പൂവന്‍കോഴികളുടെ കാലുകളില്‍ മൂര്‍ച്ചയുള്ള കത്തി കെട്ടി കോഴികളെ പരസ്പരം പോരടിപ്പിക്കുന്നതാണ് കോഴിയങ്കം. അങ്കത്തില്‍ ജയിച്ച കോഴിയുടെ ഉടമയ്ക്ക് തോറ്റ കോഴിയെ നല്‍കുന്നതോടൊപ്പം ആദ്യം നിശ്ചയിക്കുന്ന മത്സര തുകയും നല്‍കണം. മൂര്‍ച്ചയുള്ള കത്തിയില്‍ നിന്ന് മുറിവുണ്ടായി കോഴികള്‍ പ്രാണവേദന കൊണ്ട് പിടഞ്ഞ് മരിക്കുകയും പതിവാണ്. ഗ്രാമീണ ഉത്സവങ്ങളില്‍ മുമ്പ് കാണികളുടെ വിനോദത്തിനായി കോഴിയങ്കം ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് നിരോധിച്ചതോടെ കോഴിയങ്കം സാധാരണ വേദികളില്‍ നിന്ന് മറയുകയായിരുന്നു. എന്നാല്‍ കര്‍ണ്ണാടകയിലെ ചുവടു പിടിച്ചാണ് അങ്കക്കോഴികളുമായി ചിലര്‍ കാസര്‍ഗോഡ് കോഴിയങ്കം നടത്തുന്നത്.

കാസര്‍ഗോഡ്, മഞ്ചേശ്വരം താലൂക്കിലെ ഉത്സവപ്പറമ്പുകളില്‍ കോഴിയങ്കം പതിവാകുന്നതായാണ് സൂചന. മുച്ചീട്ടുകളിയ്‌ക്കൊപ്പം തന്നെ ഇതിനും പ്രചാരമുണ്ട്. അങ്കക്കോഴികളെയും ഉടമകളെയും അറസ്റ്റ് ചെയ്താല്‍ പോലീസിന് പിന്നെ പൊല്ലാപ്പാണ്. നിയമപ്രകാരം പിടികൂടുന്ന കോഴികളെയും കസ്റ്റഡിയില്‍ എടുത്ത് ലോക്കപ്പില്‍ അടച്ച് അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കേണ്ടതാണ്. പല കേസുകളിലും ഉടമ ഓടിപ്പോകുന്നതിനാല്‍ പിന്നെ കോഴിയെയും തൂക്കി പോലീസിന് ഓടേണ്ടി വരുന്നു. മാത്രമല്ല, ലോക്കപ്പില്‍ അടച്ചാല്‍ കോഴി കാഷ്ഠിച്ച് ലോക്കപ്പ് വൃത്തികേടാക്കുകയും ചെയ്തു. അതുപോലെ തന്നെ കൂവിയും ഒച്ച വെച്ചും പോലീസ് സ്റ്റേഷന്റെ അച്ചടക്കം തന്നെ കോഴികള്‍ ലംഘിക്കുകയാണ്.കോടതിയിലെത്തിയാലും ഇതു തന്നെയാണ് ആവര്‍ത്തിക്കുക.

കോടതിയില്‍ കൂവി ജഡ്ജിയടക്കമുള്ളവര്‍ക്ക് അലോസരമുണ്ടാക്കുന്നു. കോടതിയില്‍ നിന്നും ലേലം ചെയ്യാന്‍ നിര്‍ദ്ദേശിച്ചാല്‍ ലേലത്തില്‍ പലപ്പോഴും വീണ്ടെടുക്കുന്നത് കോഴിയങ്കക്കാര്‍ തന്നെയായിരിക്കും. തിരിച്ചറിയാന്‍ മാര്‍ഗങ്ങളൊന്നുമില്ലാതെ കോഴികള്‍ വീണ്ടും വീണ്ടും ലോക്കപ്പും കോടതിയുമായി കയറിയിറങ്ങുകയാണ്. കോഴിയെയും തൂക്കി നടക്കേണ്ടതിന്റെ ബുദ്ധിമുട്ട് ഓര്‍ക്കുമ്പോള്‍ പോലീസുകാര്‍ കോഴിയങ്കക്കാര്‍ക്കെതിരേ കണ്ണടച്ചു പോവുകയാണ്.

Related posts