ആലപ്പുഴക്കാരുടെ ചങ്കായി മറ്റൊരു കളക്ടര്‍ ബ്രോ! മൂന്നാഴ്ചയിലധികമായി ഊണും ഉറക്കവും കുട്ടനാട്ടുകാര്‍ക്കൊപ്പം; ദുരിതാശ്വാസ ക്യാമ്പില്‍ കളക്ടര്‍ എസ് സുഹാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുണയായി ഡോക്ടറായ ഭാര്യയും

പതിറ്റാണ്ടുകളായി കേട്ടുകേള്‍വി പോലുമില്ലാതിരുന്ന തരത്തലുള്ള ഒരു പ്രളയത്തിനാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളം സാക്ഷ്യം വഹിച്ചത്. പെരുമഴയിലും പ്രളയത്തിലും ആലപ്പുഴയും സമീപപ്രദേശങ്ങളും മുങ്ങിത്താഴ്ന്നപ്പോള്‍ ജില്ലയിലെ ദുരിതബാധിതര്‍ക്കൊപ്പം രാപ്പകല്‍ പ്രവര്‍ത്തിച്ച് നാട്ടുകാരുടെയിടയില്‍ മറ്റൊരു കളക്ടര്‍ ബ്രോ ആയിരിക്കുകയാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ എസ് സുഹാസ്.

ക്യാമ്പില്‍ നിന്ന് മാത്രം ഭക്ഷണം കഴിച്ചും, ജനങ്ങളുടെ ചെറുതും വലുതുമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിനൊപ്പം നിന്നും ജനപ്രതിനിധികള്‍ക്കും മറ്റ് കളക്ടര്‍മാര്‍ക്കു പോലും മാതൃകയായിരിക്കുകയാണ് ഈ മംഗളൂരു സ്വദേശി.

മൂന്ന് ആഴ്ചയിലധികമായി കുട്ടനാട്ടുകാര്‍ക്കൊപ്പമാണ് കളക്ടര്‍. കുട്ടനാട്ടിലേക്ക് ഭക്ഷണ സാധനങ്ങളും, പമ്പ് സെറ്റുകളും മറ്റും എത്തിച്ച കളക്ടര്‍ പകര്‍ച്ചവ്യാധികള്‍ ഭീതിപ്പെടുത്തുന്ന സാഹചര്യത്തില്‍ ഡോക്ടറായ തന്റെ ഭാര്യയെയും ദുരിതാശ്വാസ ക്യാമ്പില്‍ എത്തിച്ചു എന്നതാണ് മറ്റൊരു പ്രത്യേകത. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ഇവര്‍ തന്റെ ജോലിക്കിടയിലും കുട്ടനാട്ടിലെ ക്യാമ്പുകളിലെത്തി രോഗികളെ പരിചരിച്ചു വരികയാണ്.

കളക്ട്രേറ്റിലെ ഉദ്യോഗസ്ഥര്‍ക്കിടയിലും കളക്ടര്‍ ചങ്കാണ്. കാരണം ഉദ്യോഗസ്ഥമേധാവിയുടെ യാതൊരു വിധ ജാടകളും ഇല്ലാതെയാണ് കീഴ് ഓഫീസര്‍മാരുമായുള്ള പ്രവര്‍ത്തനം. ചാര്‍ജെടുത്ത് ആലപ്പുഴയെ അടുത്തറിയുന്നതിന് മുന്‍പ് തന്നെ തന്റെ നാടിനുണ്ടായ ദുരന്തത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാരിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുകയാണ് അന്യദേശക്കാരന്‍ കൂടിയായ കളക്ടര്‍ സുഹാസ്.

Related posts