ഇസ്രയേലിന്റെയും ഇറാന്റെയും കൊമ്പു കോര്‍ക്കല്‍ മൂന്നാം ലോകയുദ്ധത്തിന് വഴിവെക്കുമോ ? 25 വര്‍ഷത്തിനുള്ളില്‍ ഇസ്രയേലിനെ ഇല്ലാതാക്കുമെന്ന് ഇറാന്‍; ഇറാനെ നേരിട്ടാക്രമിക്കാനുറച്ച് ഇസ്രയേല്‍; മുമ്പില്ലാത്ത ഭീതിയില്‍ ലോകം…

അമ്മാന്‍: ഇസ്രയേല്‍-ഇറാന്‍ വാക്‌പോര് പരിധിവിടുമ്പോള്‍ ലോകം ആശങ്കയില്‍. ഇസ്രയേലിനെ അടുത്ത 25 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാക്കുമെന്ന് ഇറാന്‍ സൈന്യം പ്രസ്താവനയ്ക്ക് ഇസ്രയേല്‍ പ്രസിഡന്റ് ബഞ്ചമിന്‍ നെതന്യാഹു മറുപടി കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രസ്താവന ആവര്‍ത്തിച്ച ഇറാന്‍ എരിതീയില്‍ കൂടുതല്‍ എണ്ണ പകര്‍ന്നു. സിറിയ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാന്തരീക്ഷം മൂന്നാംലോകയുദ്ധത്തില്‍ കലാശിക്കുമോ എന്നാണ് ലോകരാജ്യങ്ങള്‍ ഉറ്റു നോക്കുന്നത്.

ഇസ്രയേലിനെ തുരത്തിയോടിക്കുമെന്നു വെല്ലുവിളിച്ചത് ഇറാന്‍ സൈനിക മേധാവിയാണ്. കടലിലേക്കല്ലാതെ മറ്റൊരിടത്തേക്കും ഇസ്രയേലിനു പോകാന്‍ കഴിയാത്ത തരത്തില്‍ അവരെ ഓടിച്ചുവിടുമെന്നാണു സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ജനറല്‍ അബ്ദുല്‍റഹിം മൗസാവി ഭീഷണി പ്രസംഗം നടത്തിയത്. അടുത്തിടെ ഇറാനുനേര്‍ക്ക് ഇസ്രയേല്‍ നടത്തിയിട്ടുള്ള എല്ലാ ഭീഷണികളോടും പ്രതികരിക്കുകയായിരുന്നു മൗസാവി. ശനിയാഴ്ച ടെഹ്‌റാനില്‍ നടന്ന ‘ഷിയ പുണ്യ നഗരങ്ങളുടെ പ്രതിരോധക്കാര്‍’ (ഡിഫെന്‍ഡേഴ്‌സ് ഓഫ് ദി ഷിയ ഹോളി പ്ലേസസ്) ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷിയ ഇമാം ഹുസൈന്റെയും ഇസ്ലാമിക് റെവലൂഷനറി ഗാര്‍ഡ് കോറിന്റെയും ജന്മദിനം ആചരിക്കുന്ന ചടങ്ങായിരുന്നു അത്.

ഇറാനു നേര്‍ക്കുണ്ടാകുന്ന എല്ലാ യുദ്ധമുറകള്‍ക്കു നേരെയും പ്രതിരോധമുണ്ടാകും. ട്രിഗറില്‍തന്നെയാണു വിരലുകള്‍. മിസൈലുകള്‍ തയാറാണ്. ഏതുനിമിഷം വേണമെങ്കിലും ഞങ്ങളുടെ നാടിനെതിരെ യുദ്ധം നടത്തുന്ന ശത്രുക്കളുടെ നേരെ അവ വിക്ഷേപിക്കും’ – മൗസാവിയെ ഉദ്ധരിച്ച് തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നേരത്തേ, ഇറാനിയന്‍ ബ്രിഗേഡിയര്‍ ജനറല്‍ ഹുസൈന്‍ സലാമിയും സമാനമായ ഭീഷണി മുഴക്കിയിരുന്നു. ‘യുഎസില്‍നിന്ന് എത്ര സഹായം ലഭിച്ചാലും അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇസ്രയേല്‍ ‘മാഞ്ഞുപോകും’. ഒരു യുദ്ധമുണ്ടായാല്‍ അതിനുപിന്നാലെ ഇസ്രയേലിന്റെ ഉന്‍മൂലനമാണു സംഭവിക്കുക’ സലാമി വ്യക്തമാക്കിയിരുന്നു. ഇറാനില്‍നിന്നുള്ള ഭീഷണികള്‍ കേട്ടെന്നും തങ്ങളുടെ പോരാളികളും സുരക്ഷാ വിഭാഗങ്ങളും ഏതു പ്രശ്‌നവും നേരിടാന്‍ തയാറാണെന്നുമായിരുന്നു ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മറുപടി.

2013 മുതല്‍ സിറിയയില്‍ 100ല്‍ അധികം വ്യോമാക്രമണങ്ങള്‍ ഇസ്രയേല്‍ നടത്തിയിരുന്നു. ഇറാന്റെ സാമ്പത്തിക പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ലെബനീസ് ഭീകര സംഘടനയായ ഹിസ്ബുള്ളയ്ക്കും സൈനിക വാഹനവ്യൂഹത്തിനുനേര്‍ക്കുമായിരുന്നു ആക്രമണമെല്ലാം. എന്നാല്‍ ഈ വര്‍ഷം ആദ്യംമുതല്‍ ഇറാനെ നേരിട്ട് ആക്രമിക്കാനുള്ള അവസരങ്ങള്‍ ഇസ്രയേല്‍ വിട്ടുകളഞ്ഞില്ല, അതു പരസ്യമായി സമ്മതിച്ചില്ലെങ്കില്‍ക്കൂടിയും. ഈ മാസമാദ്യം സിറിയന്‍ നഗരമായ ഹോംസില്‍ ഇറാന്റെ ഏഴു സൈനിക ഉപദേഷ്ടാക്കന്മാരെ ഇസ്രയേലിന്റെ മിസൈല്‍ ആക്രമണം വധിച്ചിരുന്നു. ഇക്കാര്യം ഓദ്യോഗികമായി സമ്മതിച്ചില്ലെങ്കിലും രാജ്യാന്തര മാധ്യമങ്ങള്‍ അടക്കം ഇസ്രയേലാണ് ഇതിനു പിന്നിലുള്ളതെന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിറിയയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണങ്ങള്‍ നടത്തുന്ന ജെറ്റുകള്‍ക്കുനേരെ ഇറാന്‍ ഡ്രോണുകളെ വിന്യസിച്ചതിനെ പ്രതിരോധിച്ചായിരുന്നു ഇസ്രയേലിന്റെ നടപടി. ഒരു മൂന്നാം ലോകയുദ്ധത്തിനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Related posts