അമ്പത്തിയൊന്നാം വാരം..! പ്രധാനമന്ത്രിയെ പ്രതീകാത്മകമായി കുറ്റവിചാരണ ചെയ്ത് കോണ്‍ഗ്രസ്

TVM-CONGRESSആലപ്പുഴ: ജനത്തെ ആസൂത്രിതമായി കൊളളയടിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവധി ദിനങ്ങള്‍ കഴിഞ്ഞിട്ടും രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും പ്രതിസന്ധിയും അവസാനിക്കുന്നില്ലെന്ന് ഡിസിസി പ്രസിഡന്റ് എം. ലിജു. ആലപ്പുഴ നോര്‍ത്ത്–സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നരേന്ദ്രമോദിയെ കുറ്റവിചാരണ ചെയ്യുന്ന പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 50 ദിവസങ്ങള്‍ക്കുശേഷം ജനം തന്നെ തൂക്കിലേറ്റട്ടെയെന്നാണ് മോദി പറഞ്ഞത്.

ഇത്തരം വിഡ്ഢിത്തം നിറഞ്ഞ ഭരണപരിഷ്കാരങ്ങള്‍ കാട്ടിയ ഭരണാധികാരികളെ ലോകരാജ്യങ്ങള്‍ അത്തരത്തില്‍ തൂക്കിലേറ്റിയിട്ടുണ്ടെന്നും ഗാന്ധിജിയുടെ ഇന്ത്യയില്‍ അതുണ്ടാകില്ലെന്നും ലിജു കൂട്ടിച്ചേര്‍ത്തു. മോദിയുടെ വാഗ്ദാനം ജലരേഖയായിരിക്കുകയാണ്. നോട്ട് പിന്‍വലിക്കല്‍ കൊണ്ട് നേട്ടം റിലയന്‍സ് ഉള്‍പ്പടെയുളള കോര്‍പറേറ്റുകള്‍ക്കും നഷ്ടം സാധാരണക്കാര്‍ക്കുമാണ്. മോദി പറഞ്ഞ അമ്പതുദിവസങ്ങള്‍ ജനങ്ങള്‍ സഹിച്ചു. ഇനിയും ജനങ്ങളെ കണ്ണീരു കുടിപ്പിക്കാന്‍ അനുവദിക്കില്ല. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭം ഉയര്‍ന്നു വരുമെന്നും ലിജു പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് ഇല്ലിക്കല്‍ കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു.

സിറിയക്ക് ജേക്കബ് സ്വാഗതം പറഞ്ഞു. ജില്ലയിലെ വിവിധ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മോദിയെ കുറ്റവിചാരണ നടത്തുകയും കോലം കത്തിക്കുകയും ചെയ്തു. കായംകുളത്ത് നടന്ന പ്രതിഷേധ പരിപാടി കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. സി ആര്‍ ജയപ്രകാശും മാരാരിക്കുളം ബ്ലോക്കില്‍ മുന്‍ ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍, ചേര്‍ത്തലയില്‍ സി.കെ. ഷാജിമോന്‍, കുട്ടനാട് നോര്‍ത്തില്‍ എം.എന്‍. ചന്ദ്രപ്രകാശ്, കുട്ടനാട് സൗത്ത് ജെ.ടി. റാംസെ, നൂറനാട് ബ്ലോക്കില്‍ കെ.പി. ശ്രീകുമാര്‍, മാന്നാറില്‍ കെ.ആര്‍. മുരളീധരന്‍, അരൂരില്‍ ദിലീപ് കണ്ണാടന്‍ തുടങ്ങിയവര്‍ ഉദ്ഘാടനം ചെയ്തു.

Related posts