എന്തൊരു മാറ്റം !പൊണ്ണത്തടി കൊണ്ട് പോലീസുകാര്‍ക്കാകെ അപമാനമായി മാറിയ ആളുടെ ഇന്നത്തെ രൂപമാറ്റത്തിന്റെ പിന്നിലുള്ളത്…

പോലീസ് ഉദ്യോഗസ്ഥരെന്നു കേള്‍ക്കുമ്പോള്‍ മനസില്‍ വരുക നല്ല ആരോഗ്യ ദൃഢഗാത്രരായ, സിക്‌സ് പാക്ക് ബോഡിയുള്ള പുരുഷന്മാരെയാണ്. തീപ്പൊരി ഡയലോഗുകളിലൂടെയും ആക്ഷന്‍ രംഗങ്ങളിലൂടെയുമൊക്കെ കോരിത്തരിപ്പിച്ച പൊലീസ് കഥാപാത്രങ്ങളും ഏറെയുണ്ട്. എന്നാല്‍ നിത്യജീവിതത്തിലെ പൊലീസുകാരെല്ലാം അത്തരക്കാരാണോ? അല്ലേയല്ല. അവരില്‍ വണ്ണം കുറഞ്ഞവരും അമിതവണ്ണക്കാരുമൊക്കെയുണ്ടാകും. അത്തരത്തിലൊരാളായിരുന്നു മധ്യപ്രദേശുകാരനായ പൊലീസ് ഇന്‍സ്‌പെക്ടര്‍ ദൗലത് റാം ജോഗത്ത്. വണ്ണം മൂലം മര്യാദയ്‌ക്കൊന്നു നടക്കാന്‍ പോലും കഴിയാതിരുന്ന അദ്ദേഹത്തിന് ഇപ്പോള്‍ ഞെട്ടിക്കുന്ന രൂപമാറ്റമാണ് സംഭവിച്ചിരിക്കുന്നത്.

എഴുത്തുകാരി ശോഭാ ഡെയുടെ ഒരു ട്വീറ്റാണ് ഈ പോലീസുകാരനെ ഇരുത്തി ചിന്തിപ്പിച്ചത്. പൊലീസുകാരുടെയിടയിലെ അമിതവണ്ണത്തെ പരിഹസിച്ച് 2017, ഫെബ്രുവരിയില്‍ ശോഭ ട്വീറ്റ് ചെയ്തത് ദൗലത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയായിരുന്നു. ട്വീറ്റുകളും മറുട്വീറ്റുകളുമായി പൊണ്ണത്തടിയനായ പൊലീസുകാരന്റെ ചിത്രം വൈറലായി. പൊലീസുകാരുടെ അനാരോഗ്യത്തെക്കുറിച്ച് സമൂഹത്തെ അറിയിക്കാന്‍ വേണ്ടി ശോഭാ ഡെ ചെയ്ത ട്വീറ്റാണെങ്കിലും പരിഹാസം കൊണ്ടത് ദൗലത്തിന്റെ മനസിലാണ്.

ഇതോടെ ഏതുവിധേനയും തടി കുറയ്ക്കാന്‍ ദൗലത്ത് ഉറച്ച തീരുമാനമെടുത്തു. നേരെ മുംബൈയിലുള്ള ബെരിയാട്രിക് സര്‍ജന്‍ ഡോ. മുഹമ്മദ് ലക്ഡാവാലയെക്കണ്ടു. ട്വീറ്റ് ചെയ്ത് പരിഹാസ്യനായ കഥ വിവരിച്ചു. എങ്ങനെയെങ്കിലും തനിക്ക് തടികുറയണമെന്നു പറഞ്ഞു. ദയനീയസ്ഥിതി കണ്ട ഡോക്ടര്‍ സൗജന്യമായി ദൗലത്തിനെ തടികുറയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയയോടൊപ്പം കൃത്യമായ വ്യായാമവും ഭക്ഷണരീതികളുമായതോടെ ഒരുവര്‍ഷം കൊണ്ട് കുറഞ്ഞത് 65 കിലോ. 180 കിലോയില്‍ നിന്നും 115 കിലോയായി ശരീരഭാരം കുറഞ്ഞു.

ട്വീറ്റിന്റെ പേരില്‍ ശോഭാഡെയോട് ആദ്യം വിദ്വേഷം തോന്നിയെങ്കില്‍ ഇപ്പോള്‍ താന്‍ ഏറ്റവും അധികം നന്ദി പറയുന്നത് അവരോടാണെന്ന് ദൗലത്ത് പറയുന്നു. തന്റെ ജീവിതം മാറ്റിമറിച്ച ട്വീറ്റിന് നന്ദി പറയുന്നതോടൊപ്പം എന്നെങ്കിലും ശോഭാഡെയെ നേരിട്ട് കാണണമെന്ന ആഗ്രഹവും പൊലീസ് ഓഫീസര്‍ പങ്കുവെയ്ക്കുന്നു. ആരോഗ്യപൂര്‍ണ്ണമായ ശരീരത്തിന്റെ ആവശ്യകത ബോധ്യമായത് ഇപ്പോഴാണെന്നും അദ്ദേഹം പറയുന്നു. ശ്വാസം മുട്ടില്ലാതെ ഒരടി പോലു തനിക്ക് നടക്കാന്‍ സാധിക്കില്ലായിരുന്നു, ചികിത്സവേണ്ട അസുഖം തന്നെയാണ് പൊണ്ണത്തടിയെന്നും ദൗലത്ത് പറയുന്നു. ഇനിയും ഒരു 30 കിലോ കുറഞ്ഞതിന് ശേഷമേ ദൗലത്തിനെ ശോഭാഡെയുടെ മുമ്പില്‍ എത്തിക്കുകയുള്ളൂവെന്നാണ് ഡോക്ടറുടെ പക്ഷം. എന്തായാലും ഇത് വല്ലാത്തൊരു മാറ്റം തന്നെയെന്ന പ്രതികരണമാണ് സോഷ്യല്‍ മീഡിയ പങ്കുവയ്ക്കുന്നത്.

Related posts