കണ്ണിറുക്കി പെണ്‍കുട്ടി ‘പ്രിയാ വാര്യര്‍ രണ്‍വീര്‍ സിംഗിന്റെ നായികയാവുന്നു ? രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാതാവ് കരണ്‍ ജോഹര്‍ എന്നും റിപ്പോര്‍ട്ട്

ഒരൊറ്റ കണ്ണിറുക്കലിലൂടെ കോടിക്കണക്കിന് യുവാക്കളുടെ ഇടനെഞ്ചിലേക്ക് ഇടിച്ചു കയറിയ പ്രിയാ വാര്യര്‍ രണ്‍വീര്‍ സിംഗിന്റെ നായികയാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലൗവിലൂടെ സിനിമയില്‍ അരങ്ങേറ്റം നടത്താനിരിക്കുന്ന പ്രിയ ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനരംഗത്തില്‍ കാണിച്ച കണ്ണിറുക്കല്‍ ലോകം മുഴുവന്‍ നടിയ്ക്ക് ആരാധകരെ സൃഷ്ടിച്ചിരുന്നു.

ആദ്യ ചിത്രം പുറത്തിറങ്ങും മുമ്പുതന്നെ നടിയെത്തേടി ബോളിവുഡില്‍ നിന്നും വമ്പന്‍ ഓഫര്‍ വന്നിരിക്കുകയാണ് എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. രണ്‍വീര്‍സിംഗിന്റെ നായികയായാവും നടി ബോളിവുഡില്‍ അരങ്ങേറുക എന്നും സൂചനയുണ്ട്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് കരണ്‍ ജോഹറാണ്.ബോളിവുഡ് സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയയെ ഏറെ പരിചിതമായതിനാലാണ് പരിഗണിക്കുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിംബ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് രണ്‍വീര്‍ എത്തുക.ഈ വര്‍ഷം അവസാനം ചിത്രം പുറത്തിറങ്ങും. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പദ്മാവത് വന്‍ വിജയമായിരുന്നു. ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജി ചെയ്ത പ്രതിനായകവേഷം നായകനെ കടത്തിവെട്ടുന്നതായിരുന്നു എന്നാണ് പരക്കെയുള്ള അഭിപ്രായം. എന്തായാലും പ്രിയയുടെ ആരാധകരെ സന്തുഷ്ടരാക്കുന്നതാണ് പുതിയ വാര്‍ത്ത.

Related posts