കോട്ടയം: കോട്ടയം വിട്ടുപോകാതെ കോവിഡ് പിന്നെയും ഭീഷണി ഉയര്ത്തുന്നു. സംസ്ഥാനത്ത് ഈയിടെ റിപ്പോര്ട്ട് ചെയ്ത 182 കോവിഡ് കേസുകളില് അറുപതും കോട്ടയത്താണ്. കിഴക്കന് മലയോരങ്ങളില് ഡെങ്കിപ്പനി ബാധിതരില് കോവിഡും ബാധിച്ചതായി റിപ്പോർട്ട് ചെയ്തു.
വാക്സിനേഷന് എടുത്തവരില് മൂന്നാം തവണയും കോവിഡ് ബാധയുണ്ടായി എന്നത് ആശങ്ക ഉയർത്തുന്നു. ഹോങ്കോംഗ്, സിംഗപ്പൂര്, തായ്ലാന്ഡ്, മലേഷ്യ ഉള്പ്പെടെ രാജ്യങ്ങളില് കോവിഡ് കേസുകള് വ്യാപകമായി റിപ്പോര്ട്ട് ചെയ്യുന്നതിനൊപ്പമാണ് കോട്ടയത്തും വ്യാപനം. ഇപ്പോള് വ്യാപിച്ചിരിക്കുന്ന ഒമിക്രോണ് ജെഎന് 1 വകഭേദങ്ങളായ എല്എഫ് 7, എന്ബി 1.8 എന്നിവയ്ക്ക് രോഗവ്യാപന ശേഷി കൂടുതലാണ്. എന്നാല് തീവ്രത കൂടുതലല്ലാത്തതിനാല് ആശങ്ക വേണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയവ ഉള്ളവര് നിര്ബന്ധമായും മാസ്ക് ധരിക്കണം. പ്രായമായവരും ഗര്ഭിണികളും ഗുരുതര രോഗമുള്ളവരും പൊതു ഇടങ്ങളിലും യാത്രകളിലും മാസ്ക് ധരിക്കുന്നത് സുരക്ഷിതം. ആശുപത്രികളില് മാസ്ക് നിര്ബന്ധമാക്കിയിട്ടുണ്ട്.
ആരോഗ്യ പ്രവര്ത്തകരും മാസ്ക് ധരിക്കണം. അനാവശ്യ യാത്രകള് ഒഴിവാക്കാനും ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈ കഴുകാനും നിര്ദേശമുണ്ട്.രോഗലക്ഷണമുള്ളവര്ക്ക് കോവിഡ് പരിശോധന നടത്താനും ആര്ടിപിസിആര് കിറ്റുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും ഉറപ്പാക്കാനും ആശുപത്രികള്ക്ക് നിര്ദേശമുണ്ട്.