കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ മദ്യപിക്കാന്‍ പാടില്ല ! വാക്‌സിന്‍ സ്വീകരിക്കുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും മദ്യപാനം നിര്‍ത്തണം; വിദഗ്ധര്‍ പറയുന്നതിങ്ങനെ…

റഷ്യയുടെ കോവിഡ് വാക്‌സിന്‍ ‘സ്പുട്‌നിക് വി’ സ്വീകരിക്കുന്നവര്‍ മദ്യപിക്കാന്‍ പാടില്ലെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. വാക്സിന്റെ രണ്ട് ഡോസുകളില്‍ ആദ്യത്തേത് സ്വീകരിക്കുന്നതിന് രണ്ട് ആഴ്ച മുമ്പ് എങ്കിലും മദ്യം കഴിക്കുന്നത് നിര്‍ത്തണമെന്നും നിരീക്ഷകനായ അന്ന പോപോവ പറഞ്ഞു.

മാത്രമല്ല ഇത് 42 ദിവസം തുടരണമെന്നും നിര്‍ദേശമുണ്ട്. മദ്യപാനം കോവിഡിനെതിരായ പ്രതിരോധത്തില്‍ നിന്ന് ശരീരത്തെ പിന്നോട്ടടിക്കുമെന്ന് അന്ന പോപോവ പറയുന്നു.

ആരോഗ്യമുള്ളവരാകാനും ശക്തമായ രോഗ പ്രതിരോധ ശേഷി ലഭിക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍ മദ്യപിക്കരുതെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം അന്നയുടെ ഉപദേശത്തിന് വിരുദ്ധമാണ് വാക്സിന്‍ വികസിപ്പിച്ച അലക്സാണ്ടര്‍ ജിന്റ്സ്ബര്‍ഗ് നല്‍കുന്ന നിര്‍ദേശം.

സ്പുട്നിക് വി ട്വിറ്റര്‍ ചാനല്‍ ബുധനാഴ്ച ഹോളിവുഡ് നടന്‍ ലിയോനാര്‍ഡോ ഡി കാപ്രിയോ ഒരു ഗ്ലാസ് ഷാംപെയ്ന്‍ ഉയര്‍ത്തുന്നതിന്റെ ചിത്രത്തിനൊപ്പം വ്യത്യസ്തമായ ഉപദേശവും നല്‍കി.

‘ഒരു ഗ്ലാസ് ഷാംപെയ്ന്‍ ആരെയും വേദനിപ്പിക്കില്ല, നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെപ്പോലും’ ജിന്റ്സ്ബര്‍ഗ് പറഞ്ഞു. ശരീരം പ്രതിരോധശേഷി കൈവരിക്കുമ്പോള്‍ മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുന്നത് നല്ലതാണെന്നും എന്നാല്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് കുത്തിവയ്പ്പുകള്‍ സ്വീകരിക്കുന്നതിന് മൂന്ന് ദിവസം മുമ്പും ശേഷവും മദ്യം ഒഴിവാക്കുന്നത് നിര്‍ണായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകമെമ്പാടും വാക്സിന്‍ സ്വീകരിക്കുന്ന ഏതൊരാള്‍ക്കും ഈ നിര്‍ദേശം ബാധകമാണെന്നും റഷ്യയ്ക്കോ സ്പുട്നിക്കിനോ മാത്രമുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment