തയ്യാറാക്കുന്ന വാക്‌സിന്‍ ചൂടപ്പം പോലെ വിറ്റു പോകുന്നു ! സമ്പന്ന രാജ്യങ്ങളെല്ലാം കോവിഡ് വാക്‌സിന്‍ വാങ്ങി സ്റ്റോക്ക് ചെയ്യുന്നതായി വിവരം…

കോവിഡ് ലോകം കീഴടക്കിക്കൊണ്ടിരിക്കുമ്പോള്‍ വാക്‌സിന്‍ എന്ന ഒറ്റ പ്രതീക്ഷയിലാണ് ലോകജനത മുമ്പോട്ടു പോകുന്നത്. പലയിടങ്ങളിലും വാക്സിന്റെ പരീക്ഷണങ്ങള്‍ അവസാനഘട്ടത്തിലുമാണ്.

ഇതിനിടെ വാക്‌സിന്റെ പരീക്ഷണവുമായി ബന്ധപ്പെട്ട് പലവിധ ചര്‍ച്ചകളാണുയരുന്നത്. ഇക്കൂട്ടത്തില്‍ ശ്രദ്ധേയമാവുകയാണ് ‘ഓക്സ്ഫാം’ എന്ന സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ട്.

പ്രാരംഭഘട്ടത്തില്‍ ആകെ ഉത്പാദിപ്പിച്ചെടുക്കാന്‍ സാധ്യതയുള്ള വാക്സിന്റെ പകുതിയും ഇപ്പോഴേ സമ്പന്ന രാജ്യങ്ങള്‍ സ്വന്തമാക്കിയെന്നാണ് ‘ഓക്സ്ഫാം’ ചൂണ്ടിക്കാട്ടുന്നത്. വാക്സിന്‍ ഉത്പാദിപ്പിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായും വാക്സിന്‍ നിര്‍മ്മാതാക്കളുമായാണ് രാജ്യങ്ങള്‍ ധാരണയിലെത്തിയിരിക്കുന്നത് എന്നും ‘ഓക്സ്ഫാം’ അവകാശപ്പെടുന്നു.

യുഎസ്, യുകെ, ഓസ്ട്രേലിയ, ജപ്പാന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളാണ് വാക്സിന്റെ നല്ലൊരു പങ്കും ഇപ്പോഴേ സ്വന്തമാക്കിയിരിക്കുന്നതത്രേ. ബാക്കി വരുന്ന വാക്സിനില്‍ ഒരു പങ്ക് ഇന്ത്യ, ബംഗ്ലാദേശ്, ചൈന, ബ്രസീല്‍, ഇന്തോനേഷ്യ, മെക്സിക്കോ പോലുള്ള രാജ്യങ്ങളും സ്വന്തമാക്കിയേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

കോവിഡ് 19 മഹാമാരിയുണ്ടാക്കിയ പ്രതിസന്ധികളും തിരിച്ചടികളും വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ രാജ്യങ്ങളും അനുഭവിച്ചുവെന്നും അതിനാല്‍ തന്നെ പക്ഷപാതമില്ലാതെ വാക്സിന്‍ വിതരണം നടക്കേണ്ടതുണ്ടെന്നും ‘ഓക്സ്ഫാം അമേരിക്ക’യുടെ വക്താവ് റോബര്‍ട്ട് സില്‍വര്‍മാന്‍ അഭിപ്രായപ്പെട്ടു.

നിങ്ങള്‍ ജീവിക്കുന്നത് ഏത് രാജ്യത്താണ്, നിങ്ങളുടെ പോക്കറ്റില്‍ പണമുണ്ടോ എന്നതിനെയെല്ലാം അടിസ്ഥാനപ്പെടുത്തിയാണോ ജീവന്‍ സുരക്ഷിതമാക്കാനുള്ള ഒരു മരുന്ന് നിങ്ങള്‍ക്ക് ലഭ്യമാകേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നു. അതിനാല്‍ തന്നെ ഫലപ്രദമായ വാക്‌സിന്‍ എത്തിയാലും ദരിദ്രരാജ്യങ്ങളിലെ രോഗവ്യാപനം വേഗത്തില്‍ പിടിച്ചുകെട്ടാന്‍ സാധിക്കില്ലെന്നു ചുരുക്കം.

Related posts

Leave a Comment