ന്യൂഡൽഹി: കേരളത്തിൽ വാക്സിൻ എടുത്ത 40,000ത്തി ധികം പേർക്ക് കോവിഡ് ബാധയുണ്ടായെന്നു റിപ്പോർട്ട്.
ഇത്തരത്തിൽ രോഗം ബാധിച്ചവരിൽ നിന്നു വൈറസിന്റെ ജനിതക ശ്രേണീകരണത്തിനായി സാന്പിളുകൾ ശേഖരിച്ചു നൽകാൻ സംസ്ഥാനത്തോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.
സ്ഥിതിഗതികൾ വിശദമായി വിലയിരുത്താൻ 15നുശേഷം വിഗദ്ധസംഘം കേരളത്തിലെത്തും.
ഒരുതവണ രോഗം വന്നതുവഴിയും വാക്സിൻ സ്വീകരിച്ചതുവഴിയും ലഭിച്ച രോഗ പ്രതിരോധ ശേഷിയെയും മറികടക്കാൻ കഴിയുന്ന വൈറസ് ആണോ ഇപ്പോൾ സംസ്ഥാനത്ത് വ്യാപിക്കുന്നത് എന്നാണ് കേന്ദ്രത്തിന്റെ ആശങ്ക.
കേരളത്തിൽ വാക്സിൻ എടുത്തവരിൽ ഉണ്ടാകുന്ന രോഗവ്യാപനം ഇന്ത്യയിൽ കണ്ടെത്തിയ വകഭേദം വന്ന ഡെൽറ്റ വൈറസ് ആണോ എന്നുറപ്പിച്ചിട്ടില്ല.
വാക്സിൻ എടുത്തവരിൽ രോഗം ഏറ്റവും കൂടുതൽ കണ്ടെത്തിയത് പത്തനംതിട്ട ജില്ലയിലാണ്. ആദ്യ കോവിഡ് വാക്സിൻ എടുത്തശേഷം പത്തനംതിട്ടയിൽ കോവിഡ് ബാധിച്ചത് 14,974 പേർക്കാണ്.
രണ്ടാമത്തെ വാക്സിൻ സ്വീകരിച്ചവരിൽ 5,042 പേർക്കും ഇവിടെ കോവിഡ് ബാധിച്ചതായും കണ്ടെത്തിയിട്ടുണ്ടെന്നു ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഒരു തവണ വൈറസ് ബാധിച്ചവരിൽ വീണ്ടും രോഗബാധ ഉണ്ടാകുന്നത് അപൂർവമാണെങ്കിലും തീർത്തും തള്ളിക്കളയാനാകില്ലെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു.
ഇത്തരം കേസുകൾ കേരളത്തിൽ പല ജില്ലകളിൽനിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വാക്സിൻ എടുത്തിട്ടും കോവിഡ് ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷമാണെന്നാണ് ഐസിഎംആറിന്റെ കണക്കുകൾ.
ഇതിൽ 40,000 കേസുകളും കേരളത്തിലാണെന്നത് സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരാവസ്ഥയിൽ ആണെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
വാക്സിൻ നൽകുന്ന രോഗപ്രതിരോധ ശേഷിയെയും മറികടക്കുന്ന വൈറസാണ് ഇത്തരത്തിൽ വ്യാപിക്കുന്നതെന്നാണു കേരളം സന്ദർശിച്ച വിദഗ്ധസമിതി അംഗം ചൂണ്ടിക്കാട്ടിയത്.
വാക്സിൻ എടുത്തവരിലെ രോഗവ്യാപനം കോവിഡ് വൈറസിന്റെ മറ്റൊരു വകഭേദത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും വിദഗ്ധസമിതി അംഗം മുന്നറിയിപ്പു നൽകി.
ഒരാഴ്ചയിലേറെയായി രാജ്യത്തെ കോവിഡ് കേസുകളുടെ പകുതിയും കേരളത്തിലാണ്. രാജ്യത്തെ കോവിഡ് കേസുകളിൽ 51.5 ശതമാനവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
സെബി മാത്യു