ഞാനാ കൊന്നത്..! ജര്‍മനിയില്‍ മലയാളി യുവതിയെ വധിച്ച ഭര്‍ത്താവിന് 12 വര്‍ഷം തടവു ശിക്ഷ; സംഭവം ഇങ്ങനെ…

2016dece15janet_reno

ബര്‍ലിന്‍: ജര്‍മനിയില്‍ കഴിഞ്ഞ ഏപ്രില്‍ 12ന് കൊല്ലപ്പെട്ട മലയാളി രണ്ടാം തലമുറക്കാരിയായ ജാനറ്റ് (34) വധക്കേസില്‍ പ്രതിയായ ജാനെറ്റിന്റെ ഭര്‍ത്താവ് ജര്‍മന്‍കാരനായ റെനെ ഫെര്‍ഹോഫനെ (34) 12 വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ചു.

കൊല നടത്തിയതു താനാണെന്ന് ഭര്‍ത്താവ് റെനെ അസ്റ്റിലായ സമയത്ത് പോലീസില്‍ മൊഴി നല്‍കിയിരുന്നു. മൂന്നു പ്രാവശ്യംകൊണ്ട് കേസിന്റെ വിസ്താരവും പൂര്‍ത്തിയായിരുന്നു. എന്നാല്‍ വിസ്താരങ്ങളില്‍ പ്രതിയായ റെനെ നിരത്തിയ പല കാര്യങ്ങളും പരസ്പര വിരുദ്ധമായിരുന്നു. ജാനെറ്റിന്റെ മാതാപിതാക്കളെയും റെനെയുടെ അയല്‍വാസികളെയും അന്വേഷണം നടത്തിയ പോലീസുകാരെയും കോടതിയില്‍ വിസ്തരിച്ചിരുന്നു.

വിധിന്യായം കേള്‍ക്കാന്‍ ജാനറ്റിന്റെ മാതാപിതാക്കളും മലയാളി സുഹൃത്തുക്കളും റെനെയുടെ മാതാവും സഹോദരിയും മകളും അവരുടെ കുടുംബസുഹൃത്തുക്കളും കോടതി മുറിയില്‍ സന്നിഹിതരായിരുന്നു. ശ്വാസം മുട്ടിച്ചും ഇലക്ട്രിക് വയറുകൊണ്ട് കഴുത്തു വരിഞ്ഞു മുറുക്കിയും കഴുത്തിനു പിന്നില്‍ കറിക്കത്തികൊണ്ട് ആഴത്തില്‍ മുറിവേല്‍പ്പിച്ചുമാണ് കൊല നടത്തിയതെന്നു പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.

ജാനെറ്റിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഡൂയീസ്ബുര്‍ഗ് പോലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. കഴുത്തിലുണ്ടായ ആഴത്തിലുള്ള മുറിവാണ് ജാനെറ്റിന്റെ മരണ കാരണമെന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

കൊലചെയ്തതിനു ശേഷം റെനെ, ജാനറ്റിനെ സ്വന്തം വീടിനോടു ചേര്‍ന്നുള്ള പൂന്തോട്ടത്തില്‍ മറവുചെയ്യുകയാണുണ്ടായത്. പിന്നീട് കാണാനില്ലെന്നു റെനെ തന്നെ വീട്ടുകാരെ അറിയിച്ചു. ഏപ്രില്‍ 13 മുതല്‍ കാണാതായ ജാനെറ്റിന്റെ മൃതദേഹം കുഴിച്ചു മൂടപ്പെട്ട നിലയില്‍ അവരുടെ സ്വന്തം വീടിന്റെ പൂന്തോട്ടത്തില്‍ നിന്നും മെയ് പകുതിയോടെ പോലീസ് കണ്ടെടുത്തു. നാലാഴ്ചത്തെ പോലീസിന്റെ അന്വേഷണത്തില്‍ പ്രതി റെനെ തന്നെയാണെന്നു കണ്ടെത്തി. ജാനെറ്റ്, റെനെ ദമ്പതികള്‍ക്ക് ഒന്നരവയസ് പ്രായമുള്ള ഒരു പെണ്‍കുട്ടിയുണ്ട്. കുട്ടി ഇപ്പോള്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന ആളുടെ സംരക്ഷണയിലാണ്.

സുഹൃത്തുക്കളായിരുന്ന ഫെര്‍ഹോവനും ജാനെറ്റും നീണ്ടകാലം പ്രണയത്തിനുശേഷം ഇവരുടെയും മാതാപിതാക്കളുടെ സമ്മതത്തോടെ ജാനെറ്റിന്റെ മാതാപിതാക്കളുടെ സ്വദേശമായ അങ്കമാലിയില്‍വച്ച് വിവാഹിതരാവുകയാ യിരുന്നു. ജര്‍മനിയിലെ ആദ്യ തലമുറക്കാരായ അങ്കമാലി സ്വദേശി സെബാസ്റ്റ്യന്‍ കിഴക്കേടത്തിന്റെയും റീത്തയുടെയും ഏകമകളായിരുന്നു ജാനെറ്റ്.

ജോസ് കുമ്പിളുവേലില്‍

Related posts