കോട്ടയം: നഗരമധ്യത്തിൽ യുവതിയുടെ കഴുത്തു മുറിച്ചയാളെ കോട്ടയം വെസ്റ്റ് പോലീസ് പിടികൂടി. കോട്ടയം കഞ്ഞിക്കുഴി സ്വദേശി റോയി (55)യെയാണു പിടികൂടിയത്. ഇന്നലെ രാത്രി ഏഴിനു തിരുനക്കര മൈതാനത്തിനു സമീപമാണു സംഭവം. കോട്ടയം നഗരത്തിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനി ബിന്ദുവിനാണു പരിക്കേറ്റത്.
അനാശാസ്യ ഇടപാടിനായിട്ടാണു റോയി യുവതിയെ സമീപിച്ചത്. യുവതി വഴങ്ങാതിരുന്നതോടെ ഇയാൾ കൈയിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ചു ബിന്ദുവിന്റെ കഴുത്ത് മുറിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ചോര വാർന്ന നിലയിൽ യുവതി തിരുനക്കര ബസ് സ്റ്റാൻഡിലെ പോലീസ്എയ്ഡ് പോസ്റ്റിൽ അഭയം തേടി.
പോലീസാണ് യുവതിയെ ജനറൽ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെസ്റ്റ് സിഐ നിർമൽ ബോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നഗരത്തിൽ നിന്നും പിടികൂടുകയായിരുന്നു. പോലീസ് ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
ഒരു മാസം മുന്പ് നഗരത്തിൽ അനാശാസ്യ ഇടപാടിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ കിണറ്റിലിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയാണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന യുവതി. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.