ദുർഗ്: കറുത്ത നിറത്തിന്റെ പേരിൽ സ്ഥിരമായി പരിഹസിച്ച ഭർത്താവിനെ യുവതി വെട്ടിക്കൊലപ്പെടുത്തി. ഛത്തീസ്ഗണ്ഡിലെ ദുർഗ് ജില്ലയിലെ അമലേശ്വർ ഗ്രാമത്തിലാണ് സംഭവം. 30കാരിയാണ് ഭർത്താവിനെ കോടലി കൊണ്ട് വെട്ടിക്കൊന്നത്.
ഭർത്താവ് അനന്ത് സോൻവാനിയെ (40) കൊലപ്പെടുത്തിയ ഭാര്യ സംഗീത സോൻവാനിയെ പോലീസ് അറസ്റ്റ് ചെയ്തു.
അനന്ത് സോൻവാനി ഭാര്യയെ പതിവായി വൃത്തികെട്ടവളെന്ന് വിളിക്കുകയും അവരുടെ ഇരുണ്ട ചർമ്മത്തെക്കുറിച്ച് പതിവായി പരിഹസിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ ദമ്പതികൾ മുമ്പ് പലതവണ വഴക്കിട്ടിട്ടുണ്ട്.
ഞായറാഴ്ചയും പതിവുപോലെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് സംഗീത വീട്ടിലിരുന്ന കോടാലി ഉപയോഗിച്ച് ഭർത്താവിനെ വെട്ടിക്കൊല്ലുകയായിരുന്നു. യുവതി ഭർത്താവിന്റെ ജനനേന്ദ്രിയം മുറിക്കുകയും ചെയ്തു.
പിറ്റേന്ന് തന്റെ ഭർത്താവിനെ ആരോ കൊന്നുവെന്ന് പറഞ്ഞ് ഗ്രാമവാസികളെ തെറ്റിദ്ധരിപ്പിക്കാൻ പ്രതി ശ്രമിച്ചു.
എന്നാൽ പോലീസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. അനന്ത് സോൻവാനിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്.
