കാക്കനാട്: തൃക്കാക്കര നഗരസഭയിലെ പൊതുമരാമത്ത് വിഭാഗം ഓഫീസിലെ 5 അലമാരകള്‍ കുത്തിത്തുറന്ന് ബില്‍ഡിംഗ് പെര്‍മിറ്റുകള്‍ സംബന്ധിച്ച സ്കെച്ചും പ്ലാനുകളും അടക്കമുള്ള ഫയലുകള്‍ കടത്തി. ശനിയാഴ്ച ഓഫീസ് അടച്ചു പോയ ശേഷം തിങ്കളാഴ്ച ഫയല്‍ എടുക്കാനെത്തിയപ്പോഴാണ് അലമാരകള്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയത്.
കൂടാതെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ കാബിനുള്ളില്‍ നിന്നും നിര്‍ണായക ഫയലുകളും കടത്തിക്കൊണ്ടു പോയിട്ടുണ്ട്. അവധി ദിവസമായ ഞായറാഴ്ചയും പൊതുമരാമത്ത് എന്‍ജിനിയറിംഗ് വിഭാഗത്തില്‍ നവീകരണ പ്രവര്ത്തനനങ്ങള് നടത്തിയിരുന്നു.
മൂന്നു പതിറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടത്തില്‍ എയര്‍ കണ്ടീഷനുകള്‍ ഫിറ്റു ചെയ്യുന്ന പ്രവര്‍ത്തികള്‍ നടന്നു വരികയാണ്. ഭിത്തി തുളക്കാന്‍ ഡ്രില്ലിംഗ് മെഷിനുകള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാവുന്ന ഉയര്‍ന്ന ശബ്ദം മുതലാക്കിയാണ് അലമാരകള്‍ പൊളിച്ചത്. ഇരുമ്പ് അലമാരകള്‍ പൊളിക്കുന്ന ശബ്ദം താഴെയുള്ള കച്ചവട സ്ഥാപനങ്ങളില്‍ പോലും അറിഞ്ഞിട്ടില്ല.
അലമാരകള്‍ കുത്തി പൊളിച്ച സംഭവം ശ്രദ്ധയില്‍ പെട്ടിട്ടും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ തിങ്കളാഴ്ച പരാതി നല്‍കിയിരുന്നില്ല. സംഭവം വിവാദമായതോടെ ഇന്ന് രാവിലെയാണ് ചുമതലയുള്ള സെക്രട്ടറി പൊലിസില്‍ പരാതി നല്‍കിയത്.
ഇദ്ദേഹത്തിന്റെ കാബിനുള്ളിലെ അലമാരകളും കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വിവാദങ്ങള്‍ കെട്ടടങ്ങാത്ത തൃക്കാക്കര നഗരസഭയിലെ അലമാരകള്‍ കുത്തിത്തുറന്ന് ഫയലുകള്‍ കടത്തിയ സംഭവം വരും ദിവസങ്ങളില്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്താനാണ് സാധ്യത.
ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരും മുമ്പുള്ള കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകളും അനുബന്ധ ഫയലുകളും സൂക്ഷിച്ചിരുന്ന അലമാരകള്‍ തെരഞ്ഞുപിടിച്ച് കുത്തിപ്പൊളിച്ചതിനു പിന്നില്‍ ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
അലമാരയില്‍ സൂക്ഷിച്ചിരുന്ന നിര്‍ണായക ഫയലുകളില്‍ പലതും വാരി വലിച്ച് പരിശോധിച്ച നിലയിലാണ് ഓഡിറ്റ് ഒബ്ജക്ഷനും വിജിലന്‍സ് പരിശോധനയും ഭയന്ന് ക്രമക്കേടുകള്‍ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ തന്നെ ഫയല്‍ കടത്തിക്കൊണ്ടു പോയതാണെന്ന ആരോപണവും ശക്തമാണ്.
