വാക്‌സിനെടുക്കാത്തവര്‍ക്ക് ചെക്കിന്റെ ‘ചെക്ക്’ ! വാക്‌സിനെടുക്കാത്തവരെ വീട്ടിലിരുത്തുന്ന പരിപാടി ലോകവ്യാപകമാവുന്നു…

കോവിഡ് മഹാമാരി ലോകത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. കേവലം ഒരു ആരോഗ്യപ്രശ്‌നം എന്ന നിലയില്‍ മാത്രമല്ല കോവിഡ് ലോകത്തെ ബാധിച്ചത്.

മാനസിക, ശാരീരിക പ്രശ്‌നങ്ങള്‍ മുതല്‍ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ മെഖലകളില്‍ വരെ മനുഷ്യര്‍ക്ക് ഏറെ തിരിച്ചടിയാണ് ഈ ഭീകര വൈറസ് സമ്മാനിക്കുന്നത്.

ഇതിനെ പൂര്‍ണ്ണമായി തടയാനുള്ള വഴിയൊന്നും ഇനിയും ശാസ്ത്രം കണ്ടെത്തിയിട്ടില്ലെങ്കിലും, ഈ പ്രതിസന്ധിയില്‍ നിന്നും ഇപ്പോള്‍ മറികടക്കുവാനുള്ള ഏറ്റവും വലിയ പ്രതിവിധി കോവിഡ് പ്രതിരോധ വാക്‌സിന്‍ മാത്രമാണ്.

രോഗം ഗുരുതരമാകാതെ കാക്കാനും, മരണനിരക്ക് കൂട്ടാതെ നോക്കാനും വക്‌സിന് കഴിയൂന്നു എന്നത് യാഥാര്‍ത്ഥ്യ ജീവിതത്തിലെ കണക്കുകളില്‍ നിന്നും വ്യക്തമാകുന്ന കാര്യമാണ്.

എന്നിട്ടും മതവിശ്വാസത്തിന്റെയും മറ്റ് തെറ്റിദ്ധാരണകളുടെയും പേരില്‍ വാക്‌സിന്‍ എടുക്കാതെ മാറിനില്‍ക്കുന്നവര്‍ മനുഷ്യകുലത്തോട് ചെയ്യുന്നത് കടുത്ത ദ്രോഹമാണെന്നതിന് ഒരു സംശയവുമില്ല.

അതുകൊണ്ടു തന്നെയാണ് യൂറോപ്പില്‍ വീണ്ടും രോഗവ്യാപനം കടുക്കാന്‍ തുടങ്ങിയപ്പോള്‍, വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പല യൂറോപ്യന്‍ രാജ്യങ്ങളും മുന്നോട്ടുവന്നത്.

പല രാജ്യങ്ങളിലും പൊതുയിടങ്ങളിലും ഹോസ്പിറ്റാലിറ്റി മേഖലയിലെ സ്ഥാപനങ്ങളിലും, സിനിമാ ഹോളുകളിലും മറ്റും പ്രവേശിക്കുന്നതിന് കോവിഡ് പാസ്സ്‌പോര്‍ട്ട് നിര്‍ബന്ധമാക്കിയപ്പോള്‍ ചെക്ക് റിപ്പബ്ലിക്ക് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് മാത്രമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ഒരുപടി കൂടി മുന്നോട്ട് പോയിരിക്കുകയാണ്.

വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശനം നിഷേധിക്കുന്ന ഈ തീരുമാനത്തിനെതിരെ പ്രാഗില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്.

പുതിയ നിയമമനുസരിച്ച് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പൊതു പരിപാടികളിലൊ, ബാര്‍, റെസ്റ്റോറന്റ് പോലുള്ള സ്ഥലങ്ങളിലോ വരുന്ന തിങ്കളാഴ്ച്ച മുതല്‍ പ്രവേശനം ഉണ്ടായിരിക്കില്ല.

അടുത്തകാലത്ത് രാജ്യത്ത് രോഗവ്യാപനം ക്രമാതീതമായി വര്‍ദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം സര്‍ക്കാര്‍ എടുത്തത്.

സമാനമായ നിയന്ത്രണം നടപ്പില്‍ വരുത്താന്‍ സ്ലോവാക്യന്‍ സര്‍ക്കാരും ആലോചിക്കുന്നുണ്ട്. ഇവിടെയും രോഗവ്യാപനം കണക്കില്ലാതെ വര്‍ദ്ധിക്കുകയാണ്.

ജര്‍മന്‍ സംസ്ഥാനമായ ബവേറിയയിലും സമാനമായ നിയമമുണ്ട്. വാക്‌സിന്‍ എടുക്കാത്തവര്‍ ജോലിക്ക് പോകുന്നതും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതും നിരോധിക്കുമെന്നും ജര്‍മന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഓസ്ട്രിയയില്‍ ഇത് ഇപ്പോള്‍ തന്നെ പ്രാബല്യത്തിലുണ്ട്. ഇറ്റലിയും ഇത്തരത്തിലുള്ള നിയമങ്ങള്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നു.

ബ്രിട്ടനും വൈകാതെ ഇത്തരം നടപടികളിലേക്ക് കടക്കുമെനനാണ് വിദഗ്ധര്‍ പറയുന്നത്. കൂടിയും കുറഞ്ഞും ബ്രിട്ടനിലെ കോവിഡ് വ്യാപനം തുടരുകയാണ്.

ശൈത്യകാലത്ത് രോഗവ്യാപന തോതില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായേക്കാം എന്നാണ് ആരോഗ്യരംഗത്തെ ചില പ്രമുഖര്‍ പറയുന്നത്.

അത്തരമൊരു സാഹചര്യത്തില്‍ എന്‍എച്ച്എസിനു മേല്‍ അമിതസമ്മര്‍ദ്ദമുണ്ടായാല്‍ പ്ലാന്‍ ബി നടപ്പിലാക്കേണ്ടതായി വരും എന്നതിന്റെ സൂചനകള്‍ പലപ്പോഴായി പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയിരുന്നു.

എന്നാല്‍, കാര്യങ്ങള്‍ കൈവിട്ടുപോവുകയാണെങ്കില്‍ ചിലപ്പോള്‍ ബ്രിട്ടനില്‍ ഒരു ലോക്ക്ഡൗണ്‍ കൂടി വരാന്‍ സാധ്യതയുണ്ടെന്നും വിവരമുണ്ട്.

Related posts

Leave a Comment