രാജ്യദ്രോഹിയായ മകന്റെ മൃതദേഹം കാണേണ്ട..! ലക്‌നോവില്‍ കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹം സ്വീകരിക്കില്ലെന്ന് പിതാവ്‌

sartaj_0803ലക്നോ: ഉത്തർപ്രദേശിൽ കൊല്ലപ്പെട്ട ഭീകരന്‍റെ മൃതദേഹം സ്വീകരിക്കാൻ പിതാവ് വിസമ്മതിച്ചു. രാജ്യദ്രോഹിയായ മകന്‍റെ മൃതദേഹം കാണേണ്ടെന്നുചൂണ്ടിക്കാട്ടിയാണ് പിതാവ് സർതാജ് കൊല്ലപ്പെട്ട സെയ്ഫുള്ളയുടെ മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ചത്. ഒരു രാജ്യദ്രോഹി ഒരിക്കലും ഞങ്ങളുടെ മകനല്ലെന്നും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന മകന്‍റെ മൃതദേഹം സ്വീകരിക്കില്ലെന്നും സർതാജ് വ്യക്തമാക്കി. ഇതേതുടർന്ന് സെയ്ഫുള്ളയുടെ മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

പുതിയതായി രൂപപ്പെട്ട ഐഎസ് സെല്ലിന്‍റെ ഒന്പത് അംഗങ്ങളിൽ ഒരാളാണ് സെയ്ഫുള്ള എന്നാണ് സൂചന. പന്ത്രണ്ടു മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിലാണ് ലക്നോവിലെ ഠാക്കൂർഗഞ്ചിലെ വീട്ടിൽ തങ്ങിയിരുന്ന ഇയാളെ സൈന്യം വധിച്ചത്. തെലുങ്കാന പോലീസ് നൽകിയ വിവരത്തെത്തുടർന്നാണ് ഐഎസ് ഭീകരന്‍റെ സാന്നിധ്യം ഭീകര വിരുദ്ധ സേന തിരിച്ചറിഞ്ഞത്. പിടികൂടാൻ വീടു വളഞ്ഞപ്പോൾ സുരക്ഷാസേനയ്ക്കെതിരേ ഇയാൾ വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടൽ നടന്നത്.

ചൊവ്വാഴ്ച ഭോപ്പാൽ- ഉജ്ജയ്ൻ പാസഞ്ചർ ട്രെയിൻ സ്ഫോടനവുമായി ഇയാൾക്കു ബന്ധമുണ്ടെന്നാണ് സൂചന. സ്ഫോടനത്തിൽ 10 യാത്രക്കാർക്കു പരിക്കേറ്റിരുന്നു. മൂന്നുപേർ ഗുരുതരാവസ്ഥയിലാണ്. സ്ഫോടനം ഭീകരാക്രമണമാണെന്നും ഇതിന് ഐഎസ് പങ്കുണ്ടെന്നും വ്യക്തമാക്കുന്ന സൂചനകൾ തെലുങ്കാന പോലീസിനാണ് ലഭിച്ചത്. ട്രെയിനിന്‍റെ ജനറൽ കംപാർട്ട്മെൻറിൽ സ്ഥാപിച്ച ബോംബിന്‍റെ ചിത്രം ഭീകരരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പോലീസിന് അയച്ചു നൽകിയിരുന്നു.

സെയ്ഫുള്ളയെ വധിച്ചശേഷം ഇയാളുടെ വീട്ടിൽ സൈന്യം നടത്തിയ പരിശോധനയിൽ എട്ടു തോക്കുകൾ, 650 വെടിയുണ്ടകൾ, 50 ഫയർ റൗണ്ട്സ്, വെടിക്കോപ്പുകൾ, സ്ഫോടക വസ്തുക്കൾ, ഐഎസ് പതാക, കത്തികൾ, സ്വർണം, കറൻസികൾ, പാസ്പോർട്ടുകൾ, സിം കാർഡുകൾ, മൊബൈൽ ഫോണുകൾ, വോക്കി ടോക്കി, റെയിൽവേ മാപ്പ് തുടങ്ങി നിരവധി വസ്തുക്കൾ കണ്ടെത്തിയിരുന്നു.

Related posts