എം എസ് ധോണിയുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു! പ്രതികരണവുമായി ഭാര്യ സാക്ഷി ട്വിറ്ററില്‍; ഇനിയെന്തെങ്കിലും സ്വകാര്യത ബാക്കിയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി കേന്ദ്രമന്ത്രിയും

dc-Cover-s32qlhqseqjvdidr71t45h3m45-20170329111407.Mediസെലിബ്രിറ്റികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാന്‍ എക്കാലത്തും ആളുകള്‍ക്ക് ഒരു പ്രത്യേക താത്പര്യമുണ്ട്. സെലിബ്രിറ്റികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുവിടുമ്പോള്‍ അവരുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കുമാണ് തങ്ങള്‍ ഭംഗം വരുത്തുന്നതെന്ന കാര്യം ഇത്തരക്കാര്‍ മറക്കുകയാണ്. ക്രിക്കറ്റ് താരം ധോണിയുടെ സ്വകാര്യതക്കാണ് ഇപ്പോള്‍ ആളുകള്‍ ഭംഗം വരുത്തിയിരിക്കുന്നത്. ധോണിയുടെ ഭാര്യ സാക്ഷി പരാതിയുമായി എത്തിയപ്പോഴാണ് ഇക്കാര്യങ്ങള്‍ പുറത്താവുന്നത്. ധോണിയുടെ വ്യക്തിവിവരങ്ങള്‍ പരസ്യമാക്കിയതിനെതിരെയാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെ്കനോളജി മന്ത്രി രവി ശങ്കര്‍ പ്രസാദിനോട് ട്വിറ്ററില്‍ പരാതിപ്പെടുകയും ചെയ്തിരിക്കുകയാണ് അവര്‍. ആധാര്‍ പദ്ധതി നടപ്പാക്കാന്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയെ സഹായിക്കുന്ന ഏജന്‍സിയാണ് എം എസ് ധോണിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്താക്കിയത്.

ധോണി ആധാര്‍ എടുക്കുന്ന ഫോട്ടോയുള്‍പ്പെടെ നല്‍കിയുള്ള രവി ശങ്കര്‍ പ്രസാദിന്റെ ട്വീറ്റിനോടു രൂക്ഷമായാണ് സാക്ഷി പ്രതികരിച്ചത്. ‘ ഇനിയെന്തെങ്കിലും സ്വകാര്യത ബാക്കിയുണ്ടോ? അപേക്ഷയുള്‍പ്പെടെ ആധാര്‍ കാര്‍ഡ് വിവരങ്ങളെല്ലാം പബ്ലിക് പ്രോപ്പര്‍ട്ടിയാക്കി മാറ്റിയിരിക്കുന്നു. നിരാശതോന്നുന്നു.’ എന്നായിരുന്നു രവി ശങ്കര്‍പ്രസാദിന്റെ ട്വീറ്റിനോട് സാക്ഷി പ്രതികരിച്ചത്. ആധാര്‍ ഹെല്‍പ് നല്‍കുന്ന ഏജന്‍സിയുടെ ട്വീറ്റാണ് സാക്ഷിയെ രോഷാകുലയാക്കിയത്. ക്രിക്കറ്റര്‍ മഹേന്ദ്ര സിങ് ധോണിയും കുടുംബവും ജാര്‍ഖണ്ഡിലെ റാഞ്ചിയിലുള്ള വി.എല്‍.ഇ മരിയ ഫാറൂഖിയുടെ സി.എസ്.ഇയില്‍ ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തിരിക്കുന്നു.’ എന്നായിരുന്നു ഏജന്‍സി ട്വീറ്റു ചെയ്തത്. ട്വീറ്റില്‍ രവി ശങ്കര്‍ പ്രസാദിനെ ടാഗു ചെയ്യുകയും ചെയ്തിരുന്നു. ട്വീറ്റിനൊപ്പം ആധാര്‍വെബ്സൈറ്റില്‍ ധോണിയുടെ വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെട്ട ഫോട്ടോ ഉള്‍പ്പെടെ രണ്ടു ചിത്രങ്ങളുണ്ടായിരുന്നു. ട്വീറ്റ് വിവാദമായതോടെ പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു.

‘അല്ല ഇത് പൊതുമുതലല്ല. ഈ ട്വീറ്റ് എതെങ്കിലും വ്യക്തിപരമായ വിവരം പുറത്തുവിടുന്നുണ്ടോ?’ എന്നായിരുന്നു രവി ശങ്കര്‍ പ്രസാദിന്റെ മറുപടി. ഇതോടെ കാര്യം വിശദീകരിച്ച് സാക്ഷി രംഗത്തെത്തി. ‘സര്‍ വ്യക്തിവിവരങ്ങള്‍ പൂരിപ്പിച്ചിരിക്കുന്ന ഫോം പുറത്തുവിട്ടിരിക്കുകയാണ്.’ എന്നായിരുന്നു സാക്ഷിയുടെ ട്വീറ്റ്. കാര്യം വ്യക്തമായതോടെ നടപടിയെടുക്കുമെന്ന ഉറപ്പുമായി മന്ത്രിയെത്തി. ‘കാര്യം എന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനു നന്ദി. വ്യക്തിവിവരങ്ങള്‍ പുറത്തുവിടുന്നത് നിയമവിരുദ്ധമാണ്. ഇതിനെതിരെ കര്‍ശന നടപടിയെടുക്കും.’ എന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്. എന്നാല്‍ മന്ത്രിയുടെ വിശദീകരണം വന്നതോടെ പിന്നീട് പ്രതികരിച്ചത് മറ്റ് ട്വിറ്റര്‍ ഉപഭോക്താക്കളായിരുന്നു. കാര്യം ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടതെന്ന തരത്തിലുള്ള മന്ത്രിയുടെ വാദമാണ് ഇവരെ ചൊടിപ്പിച്ചത്. ധോണിയുടെ വ്യക്തിവിവരങ്ങള്‍ പുറത്തുവിട്ടുള്ള ട്വീറ്റ് മന്ത്രി ലൈക്ക് ചെയ്തത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ ഉപഭോക്താക്കള്‍ രംഗത്തെത്തിയത്. ആധാര്‍ സ്വകാര്യതയുടെ ലംഘനമാണെന്ന ആക്ഷേപം ഏറെക്കാലമായി ഉയരുന്നുണ്ട്. യു.ഐ.ഡി.എ.ഐ നിയമവിരുദ്ധമായാണ് വ്യക്തികളുടെ ബയോമെട്രിക് ഡാറ്റയുള്‍പ്പെടെയുള്ള വിവരങ്ങള്‍ സൂക്ഷിക്കുന്നതെന്നും നേരത്തെ തന്നെ ആക്ഷേപമുണ്ട്. ഇത്തരം വാര്‍ത്തകളെ ന്യായീകരിക്കുന്നതാണ് ഇതുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകള്‍.

Related posts