ധോണിയുടെ മകള്‍ ഇനി കേരളത്തിന്റെ മകള്‍, അമ്പലപ്പുഴ ക്ഷേത്ര ഉത്സവത്തിലേക്ക് സിവയ്ക്ക് ക്ഷണം, അടുത്ത ഉത്സവത്തിന് ധോണിയുടെ വരവുകാത്ത് അമ്പലപ്പുഴക്കാര്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ മകള്‍ സിവയ്ക്ക് അമ്പലപ്പുഴ ക്ഷേത്രോത്സവത്തിലേക്ക് ക്ഷണം. മോഹന്‍ലാലും ജയറാമും അഭിനയിച്ച അദ്വൈതം എന്ന ചിത്രത്തിലെ അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ എന്നു തുടങ്ങുന്ന ഗാനം രണ്ടുവയസുകാരിയായ സിവ ആലപിച്ചത് വൈറലായിരുന്നു. ഈ സാഹചര്യത്തിലാണ് ക്ഷേത്രം ഉപദേശകസമിതി സിവയെ ഉത്സവത്തിലേക്ക് ക്ഷണിക്കാന്‍ ഒരുങ്ങുന്നത്.

ഗാനാലാപനത്തിന് അഭിനന്ദനം അറിയിച്ചു കൊണ്ടും ഉത്സവത്തിലേക്ക് സിവയെ ക്ഷണിച്ചുകൊണ്ടുമുള്ള കത്ത് ഇന്നു തന്നെ എം.എസ്. ധോണിക്ക് അയക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പിന്തുണയും ഇക്കാര്യത്തിലുണ്ട്. അമ്പലപ്പുഴ ക്ഷേത്രത്തിലെ പന്ത്രണ്ടുകളഭം ഉത്സവം ജനുവരി മാസത്തിലാണ് നടക്കുന്നത്. താന്‍ പാടി നടക്കുന്ന പാട്ടിലെ ഉണ്ണിക്കണ്ണനെ കാണാനും അവിടത്തെ പാല്‍പ്പായസം നുകരാനുമുള്ള അവസരം സിവയ്‌ക്കൊരുക്കുകയുമാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്.

ലോകത്തില്‍ തന്നെ പഠിക്കാന്‍ ഏറ്റവും പാടുള്ളതെന്ന കരുതപ്പെടുന്ന മലയാളം ഭാഷയിലുള്ള ഒരുഗാനം മലയാളം അറിയാത്ത സിവ എങ്ങനെ പാടുന്നുവെന്നത് തന്നെ അദ്ഭുതമായിരുന്നു. ഒരു കൊച്ചുമലയാളി കുട്ടി പാടുന്ന പോലെ ഈസിയായിട്ടായിരുന്നു സിവയുടെ ആലാപനവും. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്ത ഗാനം 15 മണിക്കൂര്‍ കൊണ്ട് ഒരുലക്ഷത്തിലേറെ പേര്‍ ഇഷ്ടപ്പെട്ടു. യുട്യൂബില്‍ ലക്ഷക്കണക്കിനു പേരാണ് സിവയുടെ ആലാപനം ആസ്വദിച്ചത്.

Related posts