ദിലീപിനെ കാണാന്‍ ജയിലില്‍ വന്‍ താരനിര! നടന്‍ ജയറാമെത്തിയത് ഓണക്കോടിയുമായി; സേവ് ദിലീപ് ഫോറം രൂപീകരിക്കാനും നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന് ആശ്വാസവുമായി സഹനടന്മാര്‍ ജയിലില്‍ എത്തിയതായി റിപ്പോര്‍ട്ട്. കാവ്യ മാധവനും ദിലീപിന്റെ മകള്‍ മീനാക്ഷിയും ജയിലിലെത്തി താരത്തെ കണ്ടതിന് പിന്നാലെയാണ് സിനിമാക്കാര്‍ ഒന്നിന് പുറകേ ഒന്നായി ജയിലിലെത്തിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ നടുക്കം രേഖപ്പെടുകത്തിയ ജയറാം അടക്കമുള്ളവര്‍ ദിലീപിനെ കാണാന്‍ ജയിലിലെത്തി. ജാമ്യം കിട്ടാതെ തിരുവോണ നാളില്‍ ഉള്‍പ്പെടെ ദിലീപിന് ജയിലില്‍ കഴിയേണ്ടിവരുന്ന അവസരത്തിലാണ് സിനിമാക്കാര്‍ ആലുവ സെന്‍ട്രല്‍ ജയിലിലേക്ക് ഒഴുകിയെത്തിയത്. ദിലീപുമായുള്ള ജയറാമിന്റെ കൂടിക്കാഴ്ച 20 മിനിട്ട് നീണ്ടു. എല്ലാ ഓണക്കാലത്തും ഓണപ്പുടവ കൈമാറുകയെന്നത് തങ്ങളുടെ പതിവാണെന്ന് ദിലീപിനെ സന്ദര്‍ശിച്ചശേഷം ജയറാം മാധ്യമങ്ങളോട് പറഞ്ഞു.

ഒന്നുമില്ല, ഒരു ഓണക്കോടി കൊടുക്കാന്‍ പോയതാണ്. എല്ലാവര്‍ഷവും ഞങ്ങള്‍ തമ്മിലുള്ള ഒരു ഓണക്കോടി കൊടുക്കലുണ്ട്. അത് മുടക്കാന്‍ പാടില്ല അതുകൊണ്ടാണ് ജയിലിലെത്തി ദിലീപിന് ഓണക്കോടി കൊടുത്തത്. ജയിലിനുള്ളില്‍ ദിലീപ് സന്തോഷവാനാണോ എന്നുള്ള ചോദ്യത്തിന് അദ്ദേഹം നല്ല സന്തോഷവാനാണെന്നും ജയറാം പറഞ്ഞു. ജയിലില്‍ നിന്നിറങ്ങി വാഹനത്തിനുള്ളിലേക്ക് ധൃതിയില്‍ നടന്നുവരികെയാണ് ജയറാമിനെ മാധ്യമങ്ങള്‍ വളഞ്ഞത്. വേഗത്തില്‍ തന്നെ ചില ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി കാറില്‍ കയറി മടങ്ങുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസങ്ങളിലായി കാവ്യ മാധവനും ദിലീപിന്റെ മകളും സിനിമാ മേഖലയില്‍ നിന്നും അടുത്ത സുഹൃത്തുക്കളും ദിലീപിനെ കാണാനെത്തിയിരുന്നു.

സംവിധായകന്‍ രഞ്ജിത്ത്, നടന്മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് എന്നിവര്‍ ഉത്രാടനാളിലാണ് ജയിലിലെത്തി ദിലീപിനെ കണ്ടത്. പത്തുമിനിറ്റാണ് കൂടിക്കാഴ്ചയ്ക്ക് അനുവദിച്ചതെന്നും കൂടുതലൊന്നും സംസാരിച്ചില്ലെന്നും ഷാജോണ്‍ മാധ്യമങ്ങളോട് പറഞ്ഞു. സന്ദര്‍ശനത്തിന് ശേഷം മറ്റു താരങ്ങളൊന്നും മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല. കഴിഞ്ഞ ദിവസം സംവിധായകനും അടുത്ത സുഹൃത്തുമായ നാദിര്‍ഷായും സിനിമാ പ്രവര്‍ത്തകന്‍ ആല്‍വിന്‍ ആന്റണിയും ജയിലില്‍ എത്തി ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. ‘സേവ് ദിലീപ് ഫോറം’ എന്ന വിധത്തില്‍ ഒരു കൂട്ടായ്മ രൂപീകരിക്കാനും നീക്കം നടക്കുന്നുണ്ട്.

 

 

 

 

Related posts