നിയമവിരുദ്ധം! നടിയെ ആക്രമിച്ച കേസില്‍ സാക്ഷിമൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരേ പോലീസ്; കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയത് ദീലീപാണെന്ന് പ്രോസിക്യൂഷന്‍

അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ സാക്ഷിമൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരേ പോലീസ് കോടതിയെ സമീപിച്ചു. താരങ്ങളുടെ മൊഴി പ്രസിദ്ധീകരിച്ചത് നിയമവിരുദ്ധമാണെന്നും കോടതി ഇടപെടൽ വേണമെന്നും ചൂണ്ടിക്കാട്ടി അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് പോലീസ് ഹർജി നൽകിയത്.

കുറ്റപത്രം ചോർന്ന സംഭവത്തിൽ പോലീസിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ പരാതിയിൽ വിധി പറയുന്നത് ജനുവരി ഒന്പതിലേക്ക് മാറ്റി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ഫയലിൽ സ്വീകരിക്കും മുന്പ് കുറ്റപത്രം ചോർന്നതിനാൽ കുറ്റപത്രം റദ്ദാക്കണമെന്നുമാണ് ദിലീപിന്‍റെ ആവശ്യം.

എന്നാൽ, അന്വേഷണ സംഘത്തിന്‍റെ പക്കൽ നിന്നും കുറ്റപത്രം ചോർന്നിട്ടില്ലെന്നും, വിവരങ്ങൾ ദിലീപാണ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതെന്നുമാണ് പ്രോസിക്യൂഷന്‍റെ നിലപാട്.

Related posts