കുറച്ച് നാൾ കുടി അഴിയെണ്ണണം..! ദിലീപ് സുപ്രീംകോടതിയിലേക്ക് ഇല്ല; ഹൈക്കോടതി ജാമ്യം തള്ളിയ സാഹചര്യത്തിൽ ഉടൻ സുപ്രീംകോടതിയിലേക്ക് പോയി അവസരം കളയേണ്ടന്ന് നിയമോപദേശം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന ദിലീപ് ജാമ്യം തേടി ഉടൻ സുപ്രീംകോടതി യിലേക്ക് പോകില്ല. ഹൈക്കോടതി ജാമ്യം തള്ളിയ സാഹചര്യത്തിൽ ഉടൻ സുപ്രീംകോടതിയിലേക്ക് പോയി അവസരം കളയേണ്ടെന്ന നിയമോപദേശമാണ് ദിലീപിനും അടുപ്പക്കാർക്കും ലഭിച്ചിരിക്കുന്നത്. അതിനിടെ ഇക്കാര്യം ഇന്ന് ജയിലിലെത്തി അഭിഭാഷകൻ ദിലീപിനെ അറിയിക്കുകയും ചെയ്തു.

കേസിൽ ദിലീപിനെതിരേ ശക്തമായ തെളിവുണ്ടെന്നും സാന്പത്തികമായി നല്ല നിലയിലുള്ള അദ്ദേഹം ജാമ്യം നേടിയാൽ സാക്ഷികളെ സ്വാധിനിക്കാൻ സാധ്യതയുണ്ടെന്നും വാദിച്ചാണ് പ്രോസിക്യൂഷൻ ജാമ്യത്തെ എതിർത്തിരുന്നു. ഡൽഹിയിലെ നിർഭയ കേസിന് സമാനമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്. മുൻ ഭാര്യയുമായുള്ള ബന്ധം തകർത്തതിന്‍റെ വൈരാഗ്യമാണ് ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകാൻ കാരണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ പ്രധാന വാദം. ഇത് സാധൂകരിക്കുന്ന നിരവധി തെളിവുകളും കേസ് ഡയറിയും പോലീസ് കോടതിയിൽ സമർപ്പിച്ചു.

കേസിൽ കുരുക്ക് മുറുകിയെന്ന കാര്യം വ്യക്തമായതോടെയാണ് സുപ്രീംകോടതിയിൽ പോയാലും ജാമ്യം ലഭിക്കില്ലെന്ന നിയമോപദേശം ദിലീപിന് ലഭിച്ചത്. രണ്ടാമത്തെ റിമാൻഡ് കാലാവധിയും കഴിഞ്ഞ ശേഷം മാത്രമേ ഇനി ജാമ്യത്തിനായി ദിലീപ് സുപ്രീംകോടതിയിലേക്ക് പോകാൻ സാധ്യതയുള്ളൂ. കഴിഞ്ഞ ദിവസം റിമാൻഡ് കാലാവധി പൂർത്തിയായ ദിലീപിനെ ഓഗസ്റ്റ് എട്ട് വരെ വീണ്ടും റിമാൻഡ് ചെയ്തിരുന്നു.

Related posts