കൊച്ചിയില്‍ നിശാപാര്‍ട്ടിക്കു നിയന്ത്രണം, നിരീക്ഷിക്കാന്‍ ഷാഡോ പോലീസും, കുഴപ്പക്കാര്‍ കുടുങ്ങും

dj 2പുതുവത്സരത്തോടനുബന്ധിച്ചു കൊച്ചിയിലെ ഹോട്ടലുകളില്‍ നടക്കുന്ന നിശാപാര്‍ട്ടികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഡിസിപി അരുള്‍ ആര്‍.ബി. കൃഷ്ണ ഹോട്ടല്‍ മാനേജുമെന്റുമായി ഇന്നു ചര്‍ച്ച നടത്തും. ഹൈക്കോടതിക്കു സമീപമുള്ള ട്രാഫിക് (വെസ്റ്റ്) ഹാളിലാണ് ചര്‍ച്ച നടക്കുന്നത്. നിശാ പാര്‍ട്ടികളില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇവക്കു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സിറ്റി പോലീസ് തീരുമാനിച്ചത്. കഴിഞ്ഞ പുതുവത്സരാഘോഷവുമായി ഒട്ടേറെ പരാതികള്‍ പോലീസിനു ലഭിച്ചിരുന്നു.

ലഹരി ഉപയോഗവും സ്ത്രീകള്‍ക്കെതിരായ മോശം പെരുമാറ്റവുമുള്‍പ്പെടെയുള്ള പരാതികളായിരുന്നു കൂടുതല്‍. ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് ഈവര്‍ഷം സിറ്റി പോലീസ് രജിസ്റ്റര്‍ ചെയ്തത് 1034 കേസുകളാണ്. 1200 ഓളം പേര്‍ അറസ്റ്റിലാവുകയും ചെയ്തു. കൊച്ചിയില്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം വര്‍ധിക്കുന്നുവെന്നാണ് കണക്ക്. ഈ സാഹചര്യത്തിലാണ് നിശാപാര്‍ട്ടികള്‍ക്കു നിയന്ത്രണം വയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, തുറന്ന വേദികളില്‍ പാട്ടും നൃത്തവും സംഘടിപ്പിക്കുന്നിനു വിലക്കുണ്ടാകില്ല. രാത്രി പത്തിന് മദ്യവില്പന നിര്‍ത്തുന്നതടക്കമുള്ള നിയന്ത്രണങ്ങളുമുണ്ടാകും.

പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നില്ലെന്നു സംഘാടകര്‍ ഉറപ്പാക്കണം. ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കാന്‍ പാര്‍ട്ടികളില്‍ ഷാഡോ പോലീസിനെ നിയോഗിക്കും. മയക്കുമരുന്ന് കണ്ടെത്തുകയാണെങ്കില്‍ സംഘാടകര്‍ വിശദീകരണം നല്‍കേണ്ടി വരും. ഇക്കാര്യങ്ങളെല്ലാം ഇന്നു നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. കൂടാതെ നിശാപാര്‍ട്ടികളില്‍ കുടുംബങ്ങള്‍ക്കു പങ്കെടുക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്നും ആഘോഷങ്ങള്‍ ഹോട്ടലുകള്‍ക്കുള്ളില്‍ തന്നെയാവണമെന്നും റോഡിലിറങ്ങി അപകടമോ, മറ്റുള്ളവര്‍ക്കു ശല്യമോ ഉണ്ടാക്കരുതെന്നും പോലീസ് നിബന്ധന വച്ചിട്ടുണ്ട്. പോലീസിന്റെ നിബന്ധനകള്‍ ലംഘിക്കപ്പെട്ടാല്‍ ഹോട്ടല്‍ മാനേജര്‍മാരും കേസില്‍ പ്രതികളാകും. ഇന്നു നടക്കുന്ന ചര്‍ച്ചില്‍ ഹോട്ടല്‍മാനേജുമെന്റുകളുടെ ഭാഗത്തു നിന്നുള്ള അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത ശേഷമായിരിക്കും നിയന്ത്രണങ്ങളില്‍ അന്തിമതീരുമാനമുണ്ടാകുക.

Related posts