ഡോക്ടര്‍ക്ക് നഗ്നത കാണാമോ? പഠനകാലത്ത് ആദ്യമായി പ്രസവം കാണാന്‍ പുരുഷസുഹൃത്തുക്കളുമുണ്ടായിരുന്നു; പുരുഷ ഡോക്ടര്‍മാരെക്കാള്‍ കരുണ സ്ത്രീകളില്‍ കണ്ടിട്ടില്ല; ഒരു വനിതാ ഡോക്ടറുടെ സാക്ഷ്യപ്പെടുത്തല്‍

ഒരു സ്ത്രീയേയും അവളുടെയ കുടുംബത്തെയും സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഒരു കാലഘട്ടമാണ് പ്രസവകാലം. കൃത്യമായി ആശുപത്രിയില്‍ പോണം, ചെക്കപ്പ് നടത്തണം, ഡോക്ടറുടെ വിദഗ്ധാഭിപ്രായങ്ങള്‍ തേടണം, തുടങ്ങി ചടങ്ങുകള്‍ പലതാണ്. എന്നാല്‍ കാലം ഇത്രയും പുരോഗമിച്ചിട്ടും ചില കാര്യങ്ങളില്‍ ആളുകള്‍ ഇന്നും പഴഞ്ചന്‍ ചിന്താഗതിയാണ് പുലര്‍ത്തുന്നത്. അതിലൊന്നാണ് ആശുപത്രിയില്‍ പോകുന്നത് ഒഴിവാക്കി, പ്രസവം വീട്ടില്‍ ആക്കുക എന്നത്. എന്നാല്‍ പ്രസവം വീട്ടില്‍ ആക്കുന്നതിന്റെ പ്രത്യാഘാതം എത്ര വലുതാണെന്നത് ആരും മനസിലാക്കുന്നുമില്ല. ഈയവസരത്തിലാണ് ഒരു ഡോക്ടര്‍ എന്ന നിലയില്‍ താന്‍ മനസിലാക്കിയിട്ടുള്ള കാര്യങ്ങള്‍ പൊതുജനത്തിന്റെ, പ്രത്യേകിച്ച് സ്ത്രീജനങ്ങളുടെ അറിവിലേയ്ക്കായി പങ്കുവയ്ക്കുന്നത്.

പ്രസവം അത്ര ലളിതമായി കാണേണ്ട ഒന്നാണോ? ഡോക്ടര്‍ക്ക് നഗ്‌നത കാണാമോ…പ്രസവം കാണാമോ…ശരീരം വെളിവാക്കാമോ… ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

ഡോക്ടര്‍ക്ക് നഗ്‌നത കാണാമോ…പ്രസവം കാണാമോ…ശരീരം വെളിവാക്കാമോ…

ഞാനൊരു മലപ്പുറത്തുകാരി മുസ്ലിം സ്ത്രീയാണ്. അസീസിനും ആയിഷക്കും ജനിച്ചതിലുമപ്പുറം കാരണങ്ങളാല്‍ ഇസ്ലാമെന്ന എന്റെ വിശ്വാസത്തെ മുറുകെ പിടിക്കാന്‍ ഇഷ്ടപ്പെടുന്നവള്‍. ഞാനൊരു ഡോക്ടറും കൂടിയാണ്.എനിക്ക് രണ്ട് മക്കള്‍. രണ്ട് പ്രസവവും ആശുപത്രിയില്‍ നിന്ന്. രണ്ടാമത് സിസേറിയന്‍ ചെയ്തത് എന്റെ തന്നെ പ്രഫസര്‍. കൂട്ടുകാരുടെ കലപിലക്കിടയിലായിരുന്നു സര്‍ജറി.

സ്വന്തം താല്‍പര്യമൊന്നുകൊണ്ടു മാത്രം മെഡിക്കല്‍ സയന്‍സ് പഠിക്കാന്‍ തീരുമാനിച്ചവള്‍. ആദ്യവര്‍ഷം അനാട്ടമി പഠിപ്പിക്കാന്‍ കിടന്നു തന്ന മൃതശരീരങ്ങളായിരുന്നു എന്റെ ആദ്യരോഗികള്‍. നൂല്‍ബന്ധമില്ലാതെ കിടന്ന അവരെ നേരെ നോക്കാന്‍ പോലും രണ്ട് ദിവസം എനിക്ക് നാണം തോന്നിയിരുന്നു. പിന്നെ മനസ്സിലായി ജീവനൊഴികെ ബാക്കിയെല്ലാം അവര്‍ക്കും എനിക്കും സമമെന്ന്. അസ്തിത്വം ഇതാണ്, വസ്ത്രമെന്ന മറയ്ക്കപ്പുറം എല്ലാവരും മണ്ണില്‍ അഴുകാനുള്ളവരെന്ന തിരിച്ചറിവ് ആണിയടിച്ച് ഉറപ്പിച്ചു.

രണ്ടാം വര്‍ഷം ആദ്യ ക്ലിനിക്കല്‍ ക്ലാസില്‍ എന്റെ ആദ്യ കേസായി ഞാന്‍ കണ്ടത് വൃഷ്ണസഞ്ചിയിലേക്കിറങ്ങിയ കുടലിറക്കം. രോഗിയുടെ നാണം കണ്ട് അസ്വസ്ഥയായി. സ്വകാര്യഭാഗം കാണിക്കേണ്ടി വരുന്ന രോഗിയെ സമാധാനിപ്പിക്കാനും, കാണുന്നത് ഡോക്ടറാണ്, വിഷമിക്കേണ്ട എന്ന് പറയാനും പഠിച്ചത് ഏതാണ്ടൊരാഴ്ച കൊണ്ടായിരുന്നു.

ആദ്യമായി പ്രസവം കാണാന്‍ കൂടെ പുരുഷസുഹൃത്തുക്കളുണ്ടായിരുന്നു, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍. പ്രസവം നടക്കുന്ന അവയവം ശ്രദ്ധിക്കാതെ അവര്‍ നിന്ന് വിയര്‍ക്കുന്നുണ്ടായിരുന്നു. ആ അമ്മയുടെ കരച്ചില്‍ സഹിക്കാന്‍ വയ്യാതെ അവര്‍ രണ്ടു പേരും ഇടക്ക് വെച്ച് ഇറങ്ങിപ്പോയി. അവരുടെ പ്രസവം കഴിഞ്ഞപ്പോഴേക്കും കണ്ടു നിന്ന ഞങ്ങള്‍ക്കെല്ലാം ഒന്ന് പെറ്റെണീറ്റ ആശ്വാസമായിരുന്നു.

പ്രസവസമയത്ത് പുരുഷ ഗൈനക്കോളജിസ്റ്റിനോളം കരുണ സ്ത്രീകളില്‍ കണ്ടിട്ടില്ല. പ്രസവസമയത്ത് ഡോക്ടറോ സ്റ്റാഫോ അവയവം ശ്രദ്ധിക്കാറില്ല, അതിനൊട്ട് കഴിയുകയുമില്ല. രണ്ടാളെ രണ്ടിടത്താക്കാന്‍ വേണ്ടി പണി പതിനെട്ടും പയറ്റുന്നതിനിടക്ക് ഓരോ സങ്കീര്‍ണതയും ഒഴിവാക്കാന്‍ ഡോക്ടര്‍ ശ്രദ്ധിക്കുന്നുണ്ടാകും. കുഞ്ഞ് കിടക്കുന്ന നിലയൊന്ന് മാറിയാല്‍, അമ്മ അപ്രതീക്ഷിതമായി പ്രഷര്‍ കൂടി ബോധരഹിതയായാല്‍, പ്രസവശേഷം മറുപിള്ള വേര്‍പെട്ടില്ലെങ്കില്‍…

Related posts