തെങ്ങില്‍ കയറി ചെത്തുകള്ള് അകത്താക്കി പൂസാകുന്ന കുരങ്ങന്‍ നാട്ടുകാര്‍ക്കു കൊടുക്കുന്നത് എട്ടിന്റെ പണി, കുടിയും കഴിഞ്ഞ് കലവും എറിഞ്ഞുപൊട്ടിക്കുന്ന കുരങ്ങച്ചന്റെ വികൃതികള്‍ കാണണമെങ്കില്‍ കുമരകത്തേക്ക് വരൂ

കുമരകം ബോട്ടുജെട്ടിയിലും പരിസരത്തുമാണ് രണ്ടു മൂന്നു ദിവസമായി വാനരമദ്യപന്‍ വിലസുന്നത്. രണ്ടു മൂന്നു ദിവസംകൊണ്ട് ചെത്തുകാര്‍ക്ക് വന്‍ നഷ്ടമാണ് ഈ കുടിയന്‍ വരുത്തിവച്ചിരിക്കുന്നത്. പൂസായിക്കഴിഞ്ഞാല്‍പ്പിന്നെ നാട്ടുകാര്‍ക്കാണ് കിടക്കപ്പൊറുതി ഇല്ലാത്തത്. അതേസമയം, ആരാന്‍റമ്മയ്ക്കു ഭ്രാന്തുവന്നാല്‍ കാണാന്‍ രസം എന്നു പറഞ്ഞതുപോലെ ജെട്ടിയിലെത്തുന്ന സഞ്ചാരികള്‍ക്ക് വാനരന്റെ വിക്രിയകള്‍ കൗതുകകരവും ആഹ്ലാദകരവുമായിരിക്കുകയാണ്.

സമീപത്തെ പുരയിടത്തിലുള്ള തെങ്ങുകളില്‍ ചെത്തിക്കൊണ്ടിരിക്കുന്ന ചെത്തുകാരാണ് കുരങ്ങനെക്കൊണ്ടു പൊറുതിമുട്ടിയിരിക്കുന്നത്. ചുട്ടയില്‍നിന്ന് ഊറിവരുന്ന കളള് ശേഖരിക്കാന്‍ വച്ചിരിക്കുന്ന കുടത്തില്‍നിന്നു കള്ള് ഊറ്റിക്കുടിക്കുന്നു എന്നതു മാത്രമല്ല, കുടിയും കഴിഞ്ഞ് കുടം എറിഞ്ഞുപൊട്ടിക്കലാണ് ആശാന്‍റെ ഹോബി. മാട്ടം പൊട്ടുന്നതോടെ പിന്നീടുവരുന്ന കള്ള് തെങ്ങിന്‍റെ കൂന്പില്‍ വീഴുന്നു. ഇത് തെങ്ങിന്‍റെ നാശത്തിനും ഇടയാക്കും.

നിരവധി മണ്‍കുടം പൊട്ടിച്ചതോടെ കള്ളു ശേഖരിക്കാന്‍ ചെത്തുകാര്‍ പ്ലാസ്റ്റിക് ജാര്‍ വച്ചെങ്കിലും കളി തന്നോടു വേണ്ട എന്ന മട്ടില്‍ ജാര്‍ കെട്ടഴിച്ചെടുത്തു കള്ളു കുടിച്ചശേഷം ദൂരത്തേക്ക് എറിഞ്ഞുകളയുകയാണിപ്പോള്‍ കക്ഷി. സമീപ വീടുകളിലെ ചക്ക മുതല്‍ വാഴക്കുലവരെ പലതും വാനരന്‍ മോഷ്ടി ക്കുകയാണെന്നു നാട്ടുകാര്‍ പറയുന്നു. കുമരകം ബോട്ടുദുരന്തസ്മാരകത്തിന്റെ മുകളിലാണു വാനരന്റെ താവളം. നാട്ടുകാര്‍ക്കും കച്ചവടക്കാര്‍ക്കും ഏറെ ശല്യമായതോടെ വിരട്ടി ഓടിക്കാന്‍ ശ്രമിച്ചെങ്കിലും വാനരന്‍ പോകാന്‍ തയാറായിട്ടില്ല. ബോട്ടുജെട്ടി തോടിനു വടക്കേക്കരയില്‍ ഒരു വര്‍ഷംമുമ്പ് നാട്ടുകാര്‍ക്കു ശല്യംചെയ്തിരുന്ന കുരങ്ങനെ വനംവകുപ്പ് കെണിവച്ചു കൂട്ടിലാക്കിയതുപോലെ ഈ കുരങ്ങനെ പിടികൂടി നാടുകടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related posts