ലോക ബോക്‌സിംഗ് റാണിയ്ക്ക് പട്ടിയിറച്ചി പെരുത്തിഷ്ടം ! തന്റെ ആരോഗ്യ രഹസ്യത്തെക്കുറിച്ചും ആഹാരരീതിയെക്കുറിച്ചും മേരികോം പറയുന്നതിങ്ങനെ…

ആറാം സ്വര്‍ണത്തോടെ ലോക ബോക്‌സിംഗില്‍ പുതുചരിതമെഴുതിയ എം.സി മേരികോമിന്റെ ആരോഗ്യരഹസ്യം എല്ലാവരും എന്നും കൗതുകത്തോടെ തിരക്കുന്ന കാര്യമാണ്. ബോക്‌സിംഗ് കഴിഞ്ഞാല്‍ ഏറ്റവും ഇഷ്ടം എന്തെന്ന് മേരികോമിനോടു ചോദിച്ചാല്‍ കുട്ടികളും അടുക്കളയും എന്നായിരിക്കും മറുപടി. പാചകത്തോടും ഭക്ഷണത്തോടും മേരിക്കുള്ള ഇഷ്ടം ഈ ഒറ്റ മറുപടിയില്‍നിന്ന് വ്യക്തം. മല്‍സരങ്ങളുമായി ബന്ധപ്പെട്ട് അന്യനാട്ടില്‍ കിട്ടുന്ന ഭക്ഷണം രുചിച്ചുനോക്കുക മാത്രമല്ല അവ തന്റെ പാചകപ്പുരയില്‍ പരീക്ഷിക്കുക എന്നതും മേരിയുടെ ഹോബിയാണ്. പുറത്തുനിന്ന് കഴിക്കുന്നതെന്തും തന്റെ കുടുംബത്തിനായി പരീക്ഷണം നടത്താന്‍ മേരി മറക്കാറില്ല. അമ്മയാണ് പാചകത്തില്‍ മേരിയുടെ ഗുരു.

കായികതാരം എന്ന നിലയില്‍ ഭക്ഷണം തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ നിയന്ത്രണമുണ്ടെങ്കിലും ഇഷ്ടമുള്ളതൊക്കെ കഴിക്കാന്‍ മരിക്ക് മടിയില്ല. ഏറ്റവും രുചിയേറിയ വിഭവങ്ങളുടെ പറുദീസ ചൈനയാണെന്നാണ് മേരിയുടെ പക്ഷം. ബോക്‌സിംഗ് ടൂര്‍ണമെന്റുകളുമായി ബന്ധപ്പെട്ട് അന്യനാട്ടിലാണെങ്കില്‍ ചൈനീസ് വിഭവങ്ങളാണ് മേരിക്ക് കൂടുതല്‍ പ്രിയം. ഏതു നാട്ടിലാണെങ്കിലും അവിടുത്തെ ഭക്ഷണവും രീതികളുമൊക്കെ മനസിലാക്കും. എങ്കിലും തന്റെ ഏറ്റവും ഇഷ്ടവിഭവങ്ങള്‍വരുന്നത് തന്റെ അടുക്കളയില്‍നിന്നുതന്നെയാവും. ഇതിനായി സ്വന്തം അടുക്കളത്തോട്ടംപോലും മേരിക്കുണ്ട്. അവിടെ ഒട്ടുമിക്ക സുഗന്ധവ്യഞ്ജനങ്ങളും കൃഷിചെയ്യുന്നുണ്ട്:

മണിപ്പൂരിന്റെ തനതുവിഭവങ്ങളോടാണ് മേരിയ്ക്ക് കൂടുതല്‍ പ്രിയം. എന്‍ങ അറ്റോയിബ തോങ്ബ എന്ന മീന്‍ കറിയാണ് ഏറ്റവും ഇഷ്ടമുള്ള വിഭവം. മീന്‍ നന്നായി ഉടച്ചെടുത്ത വിഭവമാണിത്. മീന്‍ കൊണ്ടുണ്ടാക്കുന്ന മറ്റൊരു വിഭവമായ ചാമ്‌തോങ്ങാണ് മറ്റൊരു ഇഷ്ടവിഭവം. ഉണക്കിയെടുത്ത മീന്‍കൊണ്ടുണ്ടാക്കുന്ന ഒരു കറിയാണിത്. നമ്മള്‍ കേട്ടാല്‍ അയ്യേ എന്നു പറയുന്ന ഒരു വിഭവവും മേരിയുടെ ഇഷ്ടഭക്ഷണമാണ് ‘പട്ടിയിറച്ചി’. പട്ടിയിറച്ചിയുടെ രുചി അനന്യമാണെന്നാണ് മേരി പറയുന്നത്. ബീഫും പോര്‍ക്കും ഏറെ ഇഷ്ടപ്പെടുന്ന മണിപ്പൂരികളില്‍നിന്ന് വ്യത്യസ്തയല്ല മേരിയും.

എന്നാല്‍ ഭക്ഷണകാര്യത്തില്‍ മേരിക്ക് ചില ചിട്ടകളുണ്ട്. ആരോഗ്യകരവും സമ്പൂര്‍ണവുമായ ആഹാരരീതിയാണ് പിന്തുടരുന്നത്. രാവിലെയുള്ള പതിവ് വ്യായാമങ്ങള്‍ക്കും പരിശീലനത്തിനും മുന്‍പായി ലഘു സ്‌നാക്ക്‌സ്. പരിശീലനം കഴിഞ്ഞാലുടന്‍ പ്രാതല്‍. ഉച്ചയ്ക്ക് ഒന്നിനും രണ്ടിനുമിടയില്‍ ഉച്ചഭക്ഷണം. അത്താഴം എട്ടിനും ഒന്‍പതിനുമിടയില്‍ കഴിച്ചിരിക്കും. വ്യത്യസ്ത തരം പഴച്ചാറുകളോടാണ് താല്‍പര്യം. കിടക്കുന്നതിനുമുന്‍പ് ഒരു ഗ്ലാസ് പാല്‍ നിര്‍ബന്ധം. മല്‍സരങ്ങള്‍ നടക്കുന്ന സമയങ്ങളില്‍ ഏറെ എരിവും പുളിയുമുള്ള ആഹാരം ഒഴിവാക്കും. ഈ ആഹാരക്രമം കൊണ്ടൊക്കെത്തന്നെയാണ് 35-ാം വയസിലും ചുറുചുറുക്കോടെ മേരി ബോക്‌സിംഗ് റിംഗില്‍ കസറുന്നത്.

Related posts