തകഴിയുടെ വെള്ളപ്പൊക്കത്തിലെ ചേന്നന്റെ നായയെ അനുസ്മരിപ്പിക്കുന്ന പ്രകടനവുമായി മറ്റൊരു നായ! പെരുമഴയില്‍, കോഴിക്കോട്ടെ അഞ്ച് കുടുംബങ്ങള്‍ക്ക് നായ രക്ഷകനായ സംഭവമിങ്ങനെ

തകഴി ശിവശങ്കരപിള്ളയുടെ വെള്ളപ്പൊക്കത്തില്‍ എന്ന ചെറുകഥയിലെ പ്രധാന കഥാപാത്രമാണ് ചേന്നന്റെ പട്ടി. ഒരു വെള്ളപ്പൊക്കത്തില്‍ വീട്ടുകാരെ മുഴുവന്‍ കാത്തുരക്ഷിച്ച പട്ടിയെ സ്വയം രക്ഷപെടാനുള്ള ശ്രമത്തിനിടെ വീട്ടുകാര്‍ ഉപേക്ഷിച്ച് പോകുന്നതും, വീട്ടുകാര്‍ തന്നെ മറന്നുപോയെന്ന് മനസിലാക്കിയിട്ടും യജമാനന്റെ വസ്തുവകകള്‍ക്ക് കാവലിരിക്കുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്ത ഒരു പട്ടിയുടെ കഥ.

സമാനമായ രീതിയില്‍ ഇത്തവണത്തെ വെള്ളപ്പൊക്ക കാലത്ത് അഞ്ച് കുടുംബങ്ങളെ രക്ഷിച്ച ഒരു നായയാണ് വാര്‍ത്തകളില്‍ താരമായിരിക്കുന്നത്. തകഴിയുടെ കഥയിലെ നായയെപ്പോലെ വീട്ടുകാരാല്‍ ഉപേക്ഷിക്കപ്പെട്ടില്ല പക്ഷേ ഈ നായ.

ഞായറാഴ്ച കോഴിക്കോട് ഗുജറാത്തി തെരുവിലെ പഴയ കെട്ടിടം നിലംപൊത്തുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് തന്നെ നായ തുടര്‍ച്ചയായി കുരച്ച് വീട്ടുകാരെ പുറത്തിറക്കി. വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയതിനാല്‍ അത്യാഹിതം ഒഴിവായി. രാവിലെ എട്ട് മണിയോടെ ഗുജറാത്തിത്തെരുവിലെ പഴയ കെട്ടിടം ഇടിഞ്ഞുവീഴാന്‍ തുടങ്ങി. നിര്‍ത്താതെ കുരച്ച് നായ മുന്നറിയിപ്പ് നല്‍കി.

സമീപത്തെ വീട്ടുകാരുള്‍പ്പെടെ പുറത്തിറങ്ങി. നിമിഷനേരം കൊണ്ട് പ്രതിരോധ നടപടികള്‍ തുടങ്ങിയതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി. പഴക്കം കാരണം നിലംപൊത്താറായ നിരവധി കെട്ടിടങ്ങള്‍ ഗുജറാത്തിത്തെരുവിലുണ്ട്. ഉണ്ട ചോറിന് മനുഷ്യരേക്കാള്‍ കൂടുതല്‍ നന്ദിയുള്ള വര്‍ഗമാണ് നായയെന്ന് തെളിയിക്കുന്ന മറ്റൊരു സംഭവം കൂടി.

Related posts