ഇത്തരം പ്രചരണങ്ങള്‍ എന്തിനാണെന്ന് എല്ലാവര്‍ക്കും മനസിലാവും! നല്ല സിനിമയാണെങ്കില്‍ വിജയിക്കുക തന്നെ ചെയ്യും; രാമലീലയെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ സംവിധായകന്‍ ഡോ. ബിജു രംഗത്ത്

ദിലീപ് നായകനാകുന്ന രാമലീല സെപ്റ്റംബര്‍ 28ന് തിയേറ്ററുകളിലെത്തുകയാണ്. പുതുമുഖ സംവിധായകന്‍ അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദിലീപ് അറസ്റ്റിലായതോടെ രാമലീലയുടെ റിലീസ് പ്രതിസന്ധിയിലായിരുന്നു. പുതുമുഖ സംവിധായകന്റെ സ്വപ്നങ്ങള്‍ തകരുകയാണെന്നും ഒരു സിനിമയെന്നത് ഒട്ടേറെപ്പേരുടെ അദ്ധ്വാനത്തിന്റെ ഫലമാണെന്നും ദിലീപ് നിരപരാധിയാണെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു. സിനിമയെ വിജയിപ്പിക്കാനുള്ള തന്ത്രങ്ങളാണ് ഇതെന്ന് പറയുന്നവരുമുണ്ട്. അക്കൂട്ടത്തില്‍ സംവിധായകന്‍ ഡോ. ബിജുവും ഇടം നേടിയിരിക്കുകയാണ്. ഇത്തരം പ്രചരണങ്ങള്‍ എന്തിനാണെന്ന് എല്ലാവര്‍ക്കും മനസ്സിലാകുമെന്നാണ് ഡോ.ബിജു പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് സംവിധായകന്റെ പ്രതികരണം. നിരവധി നവാഗത സംവിധായകരുടെ നിരവധി ചിത്രങ്ങള്‍ തിയേറ്റര്‍ കാണാതെ പോയിട്ടുണ്ടെന്നും ബിജു ഓര്‍മിപ്പിച്ചു. ദേശീയ, അന്തര്‍ദേശീയ, സംസ്ഥാന പുരസ്‌കാരം നേടിയിട്ടും മലയാളികള്‍ സ്വീകരിക്കാതെ പോയ ചിത്രങ്ങളുടെ ലിസ്റ്റ് ഡോ. ബിജു കുറിപ്പിനോടൊപ്പം പങ്കുവെച്ചു.

ഡോ. ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

1.ഒറ്റാല്‍. (ദേശീയ, അന്തര്‍ദേശീയ , സംസ്ഥാന പുരസ്‌കാരങ്ങള്‍)
2. പേരറിയാത്തവര്‍ (ദേശീയ, അന്തര്‍ ദേശീയ പുരസ്‌കാരങ്ങള്‍)
3. കന്യക ടാക്കീസ് (ആദ്യ സംവിധായകന്‍,സംസ്ഥാന പുരസ്‌കാരം, നിരവധി ചലച്ചിത്ര മേളകള്‍)
4. ക്രൈം നമ്പര്‍ 89 (ആദ്യ സംവിധായകന്‍, സംസ്ഥാന പുരസ്‌കാരം)
5. ഐന്‍ (ദേശീയ പുരസ്‌കാരം)
6.മാന്‍ഹോള്‍ (ആദ്യ സംവിധായിക, സംസ്ഥാന പുരസ്‌കാരം)
7.ആദിമധ്യാന്തം (ആദ്യ സംവിധായകന്‍, ദേശീയ , സംസ്ഥാന പുരസ്‌കാരങ്ങള്‍)
8. ഒഴിവു ദിവസത്തെ കളി ( സംസ്ഥാന പുരസ്‌കാരം)
9. ചായില്യം ( ആദ്യ സംവിധായകന്‍, സംസ്ഥാന പുരസ്‌കാരം)
10.അസ്തമയം വരെ (ആദ്യ സംവിധായകന്‍, നിരവധി ചലച്ചിത്ര മേളകള്‍)
11. മണ്റോ തുരുത്ത് (ആദ്യ സംവിധായകന്‍, സംസ്ഥാന പുരസ്‌കാരം)
12. ചിത്ര സൂത്രം ( ആദ്യ സംവിധായകന്‍, സംസ്ഥാന പുരസ്‌കാരം, നിരവധി ചലച്ചിത്ര മേളകള്‍)
13. ഒറ്റയാള്‍ പാത (സംസ്ഥാന പുരസ്‌കാരം)
14. ആലിഫ് ( ആദ്യ സംവിധായകന്‍, സംസ്ഥാന പുരസ്‌കാരം)
15. ആറടി (ആദ്യ സംവിധായകന്‍,നിരൂപക ശ്രദ്ധ നേടിയ ചിത്രം)
16. നഖരം (ആദ്യ സംവിധായകന്‍, നിരൂപക ശ്രദ്ധ നേടിയ ചിത്രം)
17. പതിനൊന്നാം സ്ഥലം (ആദ്യ സംവിധായകന്‍, നിരൂപക ശ്രദ്ധ നേടിയ ചിത്രം )
18. കരി (ആദ്യ സംവിധായകന്‍, നിരൂപക ശ്രദ്ധ നേടിയ ചിത്രം)
19. ഗപ്പി (ആദ്യ സംവിധായകന്‍, നിരൂപക ശ്രദ്ധ നേടിയ ചിത്രം)

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ ചിത്രങ്ങളുടെ പേരുകള്‍ വെറുതേ ഒന്ന് സൂചിപ്പിച്ചതാണ്. ഭൂരിഭാഗവും ആദ്യ സംവിധായകരുടേത് ആയിരുന്നു. മിക്ക സിനിമകളും മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തി ദേശീയ അന്തര്‍ദേശീയ സംസ്ഥാന തലത്തില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രങ്ങള്‍ ആയിരുന്നു. ഈ ചിത്രങ്ങള്‍ ഒക്കെ റിലീസ് ചെയ്യാന്‍ പോലും തിയേറ്ററുകള്‍ കിട്ടാന്‍ ഏറെ ബുദ്ധിമുട്ട് ആയിരുന്നു. (ഇപ്പോഴും റിലീസ് ചെയ്യാന്‍ സാധിക്കാത്ത ചിത്രങ്ങളും ഇതില്‍ ഉണ്ട്). ഈ ചിത്രങ്ങളുടെ എല്ലാം പിന്നണിയില്‍ നിരവധി ആളുകള്‍ പ്രവര്‍ത്തിച്ചിരുന്നു. മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തിയ ഈ ചിത്രങ്ങള്‍ കാണാന്‍ ആളുകള്‍ ചെല്ലാത്തതിനാല്‍ പ്രബുദ്ധ കേരളത്തിലെ തിയേറ്ററുകളില്‍ കൂടുതല്‍ ദിവസങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഈ ചിത്രങ്ങള്‍ക്ക് സാധിച്ചിരുന്നില്ല.

അപ്പോ പറഞ്ഞു വന്നത് ഇത്രയേ ഉള്ളൂ. ആദ്യ സംവിധായകനെയും സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ അധ്വാനത്തിനേയും ഒക്കെ ഇങ്ങനെ സ്‌നേഹിച്ചു കൊല്ലുന്ന, തിയേറ്ററില്‍ കയറി കാണാന്‍ ആഹ്വാനം ചെയ്യുന്ന ഇത്രയേറെ ”കലാ സ്‌നേഹികള്‍’ ഈ നാട്ടില്‍ ഉണ്ടായിരുന്നു എന്നറിഞ്ഞതില്‍ സന്തോഷം. ഈ ഉത്തമ സിനിമാ പിന്തുണക്കാരെ ഒന്നും ഇതിന് മുന്‍പ് മുകളില്‍ സൂചിപ്പിച്ച സിനിമകളുടെ വഴിയേ കണ്ടിട്ടില്ല. വെറുതെ ഓര്‍മിച്ചു എന്നേയുള്ളൂ. ഇപ്പോള്‍ ഈ ആദ്യ സംവിധായക സ്‌നേഹവും നല്ല സിനിമയാണെങ്കില്‍ കാണും എന്ന ടാഗും ഒക്കെ എന്തിനാണെന്ന് എല്ലാവര്‍ക്കും മനസ്സിലാകും..അപ്പൊ ഇവിടെയൊക്കെ തന്നെ കാണുമല്ലോ ഈ ഹാഷ് ടാഗ് ചങ്ങാതിമാര്‍.

കുറച്ച് ആദ്യ സംവിധായകര്‍ പിന്നാലെ വരാനുണ്ട്…ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും മലയാള സിനിമയുടെ യശസ്സ് ഉയര്‍ത്താന്‍ പ്രാപ്തിയുള്ളവര്‍.കോടി ക്ലബ്ബ് നിര്‍മ്മാതാക്കളുടെ പിന്തുണ ഒന്നുമില്ലാത്ത ചില കുഞ്ഞു സ്വതന്ത്ര സിനിമകള്‍.. ആദ്യം അക്കമിട്ടു സൂചിപ്പിച്ച സിനിമകളെ പോല ഇനി വരുന്ന സിനിമകളോടും പ്രബുദ്ധ കേരളം പിന്‍ തിരിഞ്ഞു നില്‍ക്കും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട.

അപ്പോ ‘നല്ല സിനിമയാണേല്‍ കാണും’, ‘ആദ്യ സംവിധായകന്റെ സ്വപ്നം’ ‘പിന്നണിയില്‍ പ്രവര്‍ത്തിച്ച ഒട്ടേറെ ആളുകളുടെ കഷ്ടപ്പാടാണ് സിനിമ’ തുടങ്ങിയ പേരുകളില്‍ ഇപ്പോള്‍ നടന്നു വരുന്ന നാടകങ്ങളുടെ സംഘാടകര്‍ സെപ്റ്റംബര്‍ 28 ന് ശേഷവും ഇവിടെയൊക്കെ ഉണ്ടാകുമല്ലോ….

 

Related posts