ഡബ്ബിംഗ് കലാകാരി ആനന്ദവല്ലി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഡബ്ബിംഗ് കലാകാരി ആനന്ദവല്ലി (67) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അന്തരിച്ച സംവിധായകൻ ദീപൻ മകനാണ്. 1992-ൽ പുറത്തിറങ്ങിയ ആധാരം എന്ന ചിത്രത്തിന് ശബ്ദം നൽകിയതിന് സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചിരുന്നു.

ഡബ്ബിംഗ് മേഖലയിലെ നിറസാന്നിധ്യമായിരുന്ന ആനന്ദവല്ലി മൂവായിരത്തോളം സിനിമകൾക്ക് ശബ്ദം നൽകിയിട്ടുണ്ട്. ഇടയ്ക്ക് ചില പരന്പരകളിലും സിനിമകളിലും അഭിനയത്തിലൂടെയും സാന്നിധ്യമറിയിച്ചു. ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ നായിക പൂർണിമ ജയറാമിന് ശബ്ദം നൽകിയാണ് ചലച്ചിത്ര ലോകത്ത് എത്തിയത്. പിന്നീട് നാല് പതിറ്റാണ്ടോളം മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു ആനന്ദവല്ലി.

കൊല്ലം ജില്ലയിലെ വെളിയം സ്വദേശിനിയായ ആനന്ദവല്ലി കഥാപ്രസംഗത്തിലൂടെയാണ് കലാലോകത്ത് എത്തിയത്. പിന്നീട് നാടകത്തിലേക്ക് ചുവടുമാറ്റിയ അവർ കെപിഎസി പോലുള്ള നിരവധി പ്രശസ്ത സമിതികൾക്കൊപ്പം പ്രവർത്തിച്ചു. ആദ്യകാലത്ത് വളരെ തിരക്കുള്ള നാടക നടിയായിരുന്ന ആനന്ദവല്ലി ഡബ്ബിംഗ് മേഖലയിൽ ശോഭിച്ചതോടെയാണ് പ്രശസ്തയായത്.

മലയാളത്തിലെ ബഹുഭൂരിപക്ഷം നടിമാർക്കും ആനന്ദവല്ലി ശബ്ദം നൽകിയിട്ടുണ്ട്. 1980-90 വർഷങ്ങളിൽ വെള്ളിത്തിരയിൽ എത്തിയ ചിത്രങ്ങളിലെ നായികമാരിൽ ഭൂരിഭാഗത്തിനും ശബ്ദം നൽകിയത് ആനന്ദവല്ലിയായിരുന്നു. പഞ്ചാഗ്നിയിൽ നടി ഗീതയ്ക്ക് ശബ്ദം നൽകിയത് ഏറെ പ്രശംസ പിടിച്ചുപറ്റി. കന്മദം എന്ന ചിത്രത്തിലെ മുത്തശ്ശിക്കും ശബ്ദം നൽകിയത് ആനന്ദവല്ലിയാണ്.

കലാരംഗത്ത് പ്രവർത്തിച്ചിരുന്ന വെളിയം ചന്ദ്രനായിരുന്നു ഭർത്താവ്. വിവാഹത്തിന് ശേഷമാണ് ആനന്ദവല്ലി ഡബ്ബിംഗ് ലോകത്ത് പ്രശസ്തയായത്. മകൻ ദീപന്‍റെ മരണം അവരെ തളർത്തിയിരുന്നെങ്കിലും വീണ്ടും കലാലോകത്ത് മടങ്ങിയെത്തിയിരുന്നു. ദീർഘകാലമായി വിവിധ രോഗങ്ങൾക്ക് ആനന്ദവല്ലി ചികിത്സയിലായിരുന്നു.

Related posts