പക്ഷിപ്പനി; 30,000 താറാവുകളെ കൊല്ലാനുള്ള നടപടികള്‍ ആരംഭിച്ചു; ദ്രുതകര്‍മ സേനക്ക് ക്യാമ്പ് ചെയ്യുന്ന സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

alp-duckകോട്ടയം: ജില്ലയില്‍ പക്ഷിപ്പനി ബാധിച്ച 30,000 താറാവുകളെ കൂടി കൊന്നുനശിപ്പാക്കാനുള്ള പ്രവര്‍ത്തനം ഇന്നു രാവിലെ ആരംഭിച്ചു. ഇതിനായി വെറ്ററിനറി ഡോക്ടര്‍, പോലീസ്, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍,  അറ്റന്‍ഡര്‍, പഞ്ചായത്തംഗം എന്നിവരടങ്ങിയ വിവിധ സ്ക്വാഡുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു.  അയ്മനം, വെച്ചൂര്‍, പായിപ്പാട്, തലയാഴം, നീണ്ടൂര്‍ പ്രദേശങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി. പക്ഷിപ്പനി സ്ഥിരീകരിച്ച സ്‌പോട്ടിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള താറാവുകളെയാണ് നശിപ്പിക്കുന്നത്.

താറവുകളെ നശിപ്പിക്കുന്നതിന് ആവശ്യമായ മണ്ണെണ്ണ വിതരണം ചെയ്യുന്നതിന് ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 5000 താറാവുകള്‍ക്ക് അഞ്ചു മുതല്‍ 10 വരെ ടണ്‍ വിറക്, 50 കിലോ പഞ്ചസാര, ഒരു ബാരല്‍ മണ്ണെണ്ണ, 500 കിഗ്രാം തൊണ്ടും ചിരട്ടയും, പ്രദേശം അണുവിമുക്തമാക്കുന്നതിന് 150 കി.ഗ്രാം ബ്ലീച്ചിംഗ് പൗഡറും കുമ്മായവും എന്നിങ്ങനെയാണ് കണക്കാക്കിയിട്ടുള്ളത്. സ്ക്വാഡിനുള്ള ഭക്ഷണം, താമസം എന്നിവ പഞ്ചായത്തുകള്‍ ക്രമീകരിക്കണം. നശീകരണത്തില്‍ പങ്കെടുക്കുന്നവരെ മെഡിക്കല്‍ ചെക്കപ്പിന് വിധേയമാക്കണമെന്നും കളക്ടറുടെ നിര്‍ദേശത്തില്‍ പറയുന്നു. ഇതുവരെ 21000 താറാവുകളെയാണ് ജില്ലയില്‍ കൊന്നു നശിപ്പിച്ചിട്ടുള്ളത്.

ജില്ലാ കളക്ടര്‍ സി.എ. ലതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ജെ. ഹരിഹരന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ. എം. ദിലീപ്,  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജേക്കബ് വര്‍ഗീസ്, വൈക്കം തഹസില്‍ദാര്‍ എസ്. മായ, കോട്ടയം തഹസില്‍ദാര്‍ അനില്‍ ഉമ്മന്‍, വെറ്റിറനറി ഡോക്ടര്‍മാര്‍, ബന്ധപ്പെട്ട പഞ്ചായത്തു പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വളര്‍ത്തു പക്ഷികളുടെ കടത്ത് നിരോധിച്ചു
കോട്ടയം: അയ്മനം, വെച്ചൂര്‍, തലയാഴം, നീണ്ടൂര്‍, പായിപ്പാട്, കുമരകം എന്നീ പ്രദേശങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രദേശങ്ങളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ താറാവ്, കോഴി, മറ്റു വളര്‍ത്തുപക്ഷികള്‍ എന്നിവയും അവയുടെ കാഷ്ടം, മുട്ട എന്നിവയുടെയും കടത്തിക്കൊണ്ടുപോകല്‍ നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

സ്കൂളുകള്‍ക്ക് അവധി
കോട്ടയം: ജില്ലയിലെ അയ്മനം, വെച്ചൂര്‍, തലയാഴം, നീണ്ടൂര്‍, പായിപ്പാട്, കുമരകം എന്നീ പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട ദ്രുതകര്‍മ സേനക്ക് ക്യാമ്പ് ചെയ്യുന്നതിനായി ജില്ലയിലെ കരീമഠം യുപി സ്കൂള്‍, അച്ചിനകം, വെച്ചൂര്‍ സെന്റ് ജോര്‍ജ് എല്‍പി. സ്കൂള്‍, നീണ്ടൂര്‍ എസ്‌കെവിഎല്‍പി. സ്കൂള്‍, പൂവം എല്‍പി. സ്കൂള്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എട്ടു മുതല്‍ 12 വരെ അവധി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവായി.

Related posts