ഇ ശ്രീധരന്റെ ഹൈക്കോടതിയിലെ ഹര്‍ജി വെട്ടിലാക്കുക മന്ത്രി എംഎം മണിയെ; കാലാവസ്ഥാ പ്രവചനങ്ങള്‍ കണക്കിലെടുക്കാതെ ഡാമുകള്‍ നിറച്ചുവെച്ചത് പ്രളയത്തിന് കാരണമായെന്ന് മെട്രോമാന്‍; വൈദ്യുതി മന്ത്രി മറുപടി പറയേണ്ടി വരും…

തിരുവനന്തപുരം: കേരളത്തില്‍ ഉണ്ടായത് മനുഷ്യനിര്‍മിത പ്രളയമാണെന്ന് പ്രസ്താവിച്ച് മെട്രോമാന്‍ ഇ ശ്രീധരന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വൈദ്യുത മന്ത്രി എംഎം മണിയ്‌ക്കെതിരേ ഉന്നയിച്ചിരിക്കുന്നത് ഗുരുതരമായ ആരോപണങ്ങള്‍. കേരളത്തിലെ ഡാമുകള്‍ മഴ പെയ്ത് നിറഞ്ഞുകൊണ്ടിരുന്നപ്പോള്‍ വൈദ്യുത മന്ത്രി എംഎം മണി പ്രകടിപ്പിച്ച സന്തോഷം എല്ലാ കേരളീയരുടെയും മനസ്സില്‍ ഉണ്ടാവണം.ഡാമുകള്‍ നിറയുന്നത് സന്തോഷകരമായ കാര്യമാണെന്നായിരുന്നു അന്ന് മണിയുടെ പ്രതികരണം.

എന്നാല്‍ ഇത്തരത്തില്‍ ഡാമുകള്‍ നിറച്ചുവെച്ചത് മഹാപ്രളയത്തിന്റെ പ്രധാനകാരണങ്ങളില്‍ ഒന്നാണെന്നാണാണ് മെട്രോമാന്‍ ഇ. ശ്രീധരന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. എത്രയധികം വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നോ അത്രയുമധികം വെള്ളം സംഭരിക്കാനായിരുന്നു സര്‍ക്കാരിന്റെയും ഡാം ഉദ്യോഗസ്ഥരുടെയും ശ്രമം. എന്നാല്‍ മഴ കനത്തതോടെ സാഹചര്യങ്ങള്‍ ആകെ മാറി. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ഡാം ഉദ്യോഗസ്ഥര്‍ അവഗണിച്ചത് ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിച്ചു. കനത്ത മഴ പെയ്തതോടെ ഡാമുകളുടെ ക്യാച്ച്മെന്റ് ഏരിയയില്‍ ലഭിക്കുന്ന വെള്ളത്തിന്റെ അളവ് വലിയ തോതില്‍ വര്‍ദ്ധിച്ചു. ഡാമുകളിലേക്കുള്ള നീരൊഴുക്ക് കൂടി. റിസര്‍വ്വോയറിലെ ജലനിരപ്പ് അനുനിമിഷം ഉയര്‍ന്നുകൊണ്ടിരുന്നു.

എന്നാല്‍ പെയ്യുന്ന മഴയുടെ അളവും ഒഴുകിയെത്തുന്ന ജലത്തിന്റെ അളവും കണക്കാക്കി റിസര്‍വ്വോയറിന്റെ ഉയരുന്ന ജലനിരപ്പ് സമയം അനുസരിച്ച് നിര്‍ണ്ണയിക്കുന്നതില്‍ ഡാം ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടു. കനത്ത മഴ തുടരുന്നതിനിടെ എം.എം. മണിയോട് ഇടുക്കിഡാം തുറക്കുന്നതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇപ്പോള്‍ അതിനുള്ള സാഹചര്യം ഇല്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. പിന്നീട് ഡാമിലെ ജലനിരപ്പ് പിടിച്ചാല്‍ കിട്ടാത്ത വണ്ണം ക്രമാതീതമായി ഉയര്‍ന്നപ്പോള്‍ ഡാം തുറന്നുവിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു. മറ്റ് ഡാമുകളും ഈ സമയത്തിന് മുമ്പും പിന്നാലെയും തുറന്നതോടെ സംസ്ഥാനത്തെ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു.

ഡാമുകളുടെ ഷട്ടറുകളിലൂടെ പുറംതള്ളുന്ന വലിയ തോതിലുള്ള ജലം നദികളിലെ ജലനിരപ്പ് എത്ര ഉയര്‍ത്തുമെന്നോ അധികജലം എവിടെയൊക്കെ എത്തുമെന്നോ ഏതൊക്കെ സമയത്ത് ഏതൊക്കെ സ്ഥലത്ത് ഒഴുക്കിവിടുന്ന ജലം എത്തുമെന്നോ സംബന്ധിച്ച് യാതൊരു ധാരണയും വൈദ്യുതി വകുപ്പിനും ജലവിഭവ വകുപ്പിനോ ഉദ്യോഗസ്ഥര്‍ക്കോ ഉണ്ടായിരുന്നില്ല. ഡാമുകള്‍ തുറക്കുന്നത് സംബന്ധിച്ച് ഒരു കോ ഓര്‍ഡിനേഷനും ഉണ്ടായിരുന്നില്ല. ഇത്രയധികം ഡാമുകള്‍ ഒരുമിച്ച് തുറന്നാല്‍ എന്തുസംഭവിക്കുമെന്ന് മുന്‍കൂട്ടി കാണാനുള്ള ഒരു ഡാറ്റയും സര്‍ക്കാരിന്റെ കൈവശമില്ലായിരുന്നു. വിവിധ ഡാമുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു കേന്ദ്രീകൃത ഏജന്‍സിയുണ്ടായിരുന്നില്ല. ഇത്തരത്തില്‍ വിവിധ നദികളിലെ ഡാമുകളൊക്കെ തുറന്നുവെച്ചപ്പോള്‍ അസാധാരണമായ അളവിലുള്ള ജലപ്രവാഹമാണ് നദികളിലേക്ക് ഉണ്ടായത്.

മാത്രമല്ല സമയബന്ധിതമായി തീരുമാനങ്ങള്‍ എടുക്കുന്നതിലും സര്‍ക്കാരിനു വീഴ്ചപറ്റി. ജലനിരപ്പ് ഉയര്‍ന്ന് പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകുമ്പോള്‍ സര്‍ക്കാരിന്റെ പ്രതികരണം സാവധാനത്തിലായിരുന്നു. ഇത്തരത്തില്‍ നിരവധി മനുഷ്യന്‍ വരുത്തി വെച്ച ഘടകങ്ങള്‍ ഒരുമിച്ച് സംഭവിച്ചതുകൊണ്ടാണ് മഹാപ്രളയം ഉണ്ടായതെന്നാണ് മെട്രോമാന്‍ ഇ. ശ്രീധരന്‍ ഹര്‍ജിയില്‍ പറയുന്നത്. അല്ലാതെ മന്ത്രി എം.എം. മണി പറയുന്നതുപോലെയല്ല കാര്യങ്ങളെന്ന് വ്യക്തമാകുകയാണ് ഇ. ശ്രീധരന്റെ ഹര്‍ജി പരിശോധിക്കുമ്പോള്‍. പ്രളയത്തില്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്തുവെന്ന് വീമ്പിളക്കുന്ന വൈദ്യുതി മന്ത്രി മണിയ്ക്ക് ശ്രീധരന്റെ ചോദ്യങ്ങള്‍ കൃത്യമായ ഉത്തരം നല്‍കേണ്ടി വരും.

Related posts