ശിവരഞ്ജിത്തും നസിമും ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റ് മരവിപ്പിച്ചു ! നടപടി കായികക്ഷമത പരീക്ഷയില്‍ വ്യാപക ക്രമക്കേടു നടന്നെന്ന് കാട്ടി ഉദ്യോഗാര്‍ഥികള്‍ നല്‍കിയ ഹര്‍ജി പരിശോധിച്ച ശേഷം

സ്വന്തം സംഘടനയിലെ പ്രവര്‍ത്തകനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച എസ്.എഫ്.ഐ നേതാവ് ശിവരഞ്ജിത്തും രണ്ടാം പ്രതിയായ നസീമും ഉള്‍പ്പെട്ട പി.എസ്.സി പൊലീസ് റാങ്ക് പട്ടിക കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ മരവിപ്പിച്ചു. കെ.എ.പി ബറ്റാലിയന്‍ നാലിലേക്ക് നടന്ന കായിക ക്ഷമതാ പരീക്ഷയില്‍ ക്രമക്കേടുണ്ടെന്ന് പത്ത് ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി പരിശോധിച്ച ശേഷമാണ് തീരുമാനം. ശിവരഞ്ജിത്തും നസീമും അടക്കമുള്ളവര്‍ക്ക് നിയമനം നല്‍കാന്‍ പാടില്ലെന്ന് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ പ്രസിഡന്റ് പ്രണവും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് ചോദ്യം ചോര്‍ത്തി നല്‍കിയെന്ന ആരോപണവും ശക്തമാവുകയാണ്.

ശിവ രഞ്ജിത്, നസീം, പ്രണവ് എന്നിവര്‍ പിഎസ് സി നടത്തിയ പരീക്ഷയില്‍ ഉന്നതറാങ്ക് വാങ്ങിയതിന്റെ ദൂരൂഹതയുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. കാസര്‍ഗോഡ് പരീക്ഷ എഴുതാനാണ് ഇവര്‍ അപേക്ഷിച്ചിരുന്നത്. പിന്നീട് പ്രത്യേക അനുമതി വാങ്ങി തിരുവനന്തപുരം ജില്ലയിലെ വിവിധയിടങ്ങളിലാണ് മൂവരും പരീക്ഷ എഴുതിയത്. 2018 ജൂലായ് 22ന് എഴുത്തു പരീക്ഷ നടന്നു. 9-04-19 മുതല്‍ 4-05- 19 വരെ നടന്ന കായിക ക്ഷമത പരീക്ഷയുടേയും ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 555683ാം രജിസ്റ്റര്‍ നമ്പരുള്ള ശിരവരഞ്ജിത്. ആര്‍ ഒന്നാം റാങ്കുകാരനാണ്. പരീക്ഷയില്‍ 78.33 മാര്‍ക്കും ദേശീയ ആര്‍ച്ചറി ചാംപ്യന്‍ഷിപ്പില്‍ കേരള സര്‍വകലാശാലയ്ക്കു വേണ്ടി മത്സരിച്ചതിന് കിട്ടിയ 13.58 അധിക മാര്‍ക്കുമായി ആകെ 91.91 മാര്‍ക്കുമായാണ് ശിവരഞ്ജിത് ഒന്നാം റാങ്ക് നേടിയത്.

പ്രണവ് 78 മാര്‍ക്കുമായി രണ്ടാം റാങ്ക് നേടി. ധാരാളം മൈനസ് മാര്‍ക്ക് ലഭിക്കാവുന്നത്ര കടുപ്പമേറിയ പരീക്ഷയില്‍ ഇത്രയും മാര്‍ക്ക് നേടുക അത്ര എളുപ്പമല്ല
ചോദ്യപ്പേപ്പര്‍ നേരത്തെ കിട്ടുകയോ, അല്ലെങ്കില്‍ ചോദ്യങ്ങള്‍ ചോര്‍ത്തി നല്‍കുകയോ ചെയ്യാതെ ഇത്തരത്തില്‍ മാര്‍ക്ക് ലഭിക്കാന്‍ കഴിയില്ലെന്നാണ് പി.എസ്.സി കോച്ചിംഗ് സെന്ററുകള്‍ നടത്തുന്ന ചില സ്ഥാപനങ്ങളിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആള്‍മാറാട്ടം നടത്തി പി.എസ്.സി പരീക്ഷ എഴുതാന്‍ കഴിയില്ല. അതീവരഹസ്യമായി തയ്യാറാക്കുന്ന ചോദ്യപേപ്പര്‍ എങ്ങനെ ചോര്‍ന്നു എന്ന് പി.എസ്.സി പരിശോധിക്കുമെന്നാണ് അറിയുന്നത്. ക്രിമിനലുകള്‍ കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഉന്നതറാങ്ക് നേടിയത് സംബന്ധിച്ച് പൊതുസമൂഹത്തിലും ആശങ്കപടര്‍ത്തുന്നുണ്ട്.

റാങ്ക് പട്ടികയിലുള്ള എസ്.എഫ്.ഐ നേതാക്കള്‍ പഠനത്തില്‍ അത്രമികവ് പുലര്‍ത്തുന്നവരല്ലെന്ന് സഹപാഠികള്‍ തന്നെ പറയുന്നുണ്ട്. പലരും മറ്റുള്ളവരെ വെച്ചാണ് പരീക്ഷ എഴുതുന്നതെന്ന ആക്ഷേപവും ശക്തമാണ്. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് യൂണിവേഴ്സിറ്റി പരീക്ഷാ ഷീറ്റ് കണ്ടെത്തിയതും ഏറെ ദുരൂഹത ഉയര്‍ത്തുന്നു. ചോദ്യങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞ ശേഷം ഇവര്‍ ഉത്തരം എഴുതിക്കൊണ്ട് വരികയായായിരുന്നോ എന്നും സംശയമുണ്ട്. ബിഎസ്‌സി കെമിസ്ട്രിക്ക് ശേഷം എംഎ ഫിലോസഫിക്കാണ് ശിവരഞ്ജിത് യൂണിവേഴ്സിറ്റി കോളജില്‍ പഠിക്കുന്നത്. നസീമും ഫിലോസഫിക്കാണ് പഠിക്കുന്നത്. സാധാരണ ക്ലാസുകളില്‍ പോലും ഇവര്‍ കയറാറില്ല. പാഠ്യേതര വിഷയങ്ങളിലും മികവ് പുലര്‍ത്തുന്നവരല്ല. അതിനാല്‍ തന്നെ പി.എസ്.സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടതില്‍ സംശയമുണ്ട്. മാത്രമല്ല കായികക്ഷമത പരീക്ഷ ജയിക്കണമെങ്കില്‍ നല്ല പരിശീലനവും ആവശ്യമാണ്. ഇക്കാരണങ്ങള്‍ കൊണ്ടാണ് പത്ത് ഉദ്യോഗാര്‍ത്ഥികള്‍ പരാതി നല്‍കിയത്.

Related posts