പി.കെ.ശശിക്കെതിരായ ലൈംഗികാരോപണ വിഷയം പാർട്ടിക്കാര്യം; കാര്യങ്ങളെക്കുറിച്ച് പാർട്ടി സെക്രട്ടറിയോട് ചോദിക്കുന്നതാകും ഉചിതമെന്ന് മന്ത്രി ഇ.പി. ജയരാജൻ

തിരുവനന്തപുരം: പ്രളയക്കെടുതിയേത്തുടർന്ന് സ്കൂൾ കലോത്സവവും ഫിലിം ഫെസ്റ്റിവെലും ഒഴിവാക്കിയ സർക്കാർ നടപടി പിൻവലിക്കില്ലെന്ന് മന്ത്രി ഇ.പി.ജയരാജൻ. എന്നാൽ, സ്കൂൾ കലോത്സവം ഒഴിവാക്കുമ്പോൾ കുട്ടികളുടെ ഗ്രേസ് മാർക്ക് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടെന്നും ഇതിനേക്കുറിച്ച് ആലോചിച്ച ശേഷം ഉചിതമായ തീരുമാനങ്ങളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം എംഎൽഎ പി.കെ.ശശിക്കെതിരായ ലൈംഗികാരോപണ വിഷയം പാർട്ടിക്കാര്യമാണെന്നും ഇതേക്കുറിച്ച് പാർട്ടി സെക്രട്ടറിയോട് ചോദിക്കുന്നതാകും ഉചിതമെന്നും ജയരാജൻ പറഞ്ഞു.

മന്ത്രി എന്ന നിലയിൽ സർക്കാരിന്‍റെ കാര്യങ്ങൾ മാത്രമാണ് താൻ സംസാരിക്കുന്നത് എംഎൽഎയ്ക്കെതിരായ ആരോപണം സർക്കാരിന് മുന്നിൽ വന്നിട്ടില്ലെന്നും ഈ വിഷയത്തിൽ കൂടുതൽ അഭിപ്രായ പ്രകടനങ്ങൾക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിന്‍റെ പുനർ നിർമാണവുമായി ബന്ധപ്പെട്ട് കെപിഎംജി പ്രവർത്തിക്കുന്നത് തീർത്തും സൗജന്യമായാണ്. ഇത്തരത്തിൽ ഇനിയും സൗജന്യമായി പഠനങ്ങൾ നടത്തി റിപ്പോർട്ട് നൽകാൻ ഏതെങ്കിലും ഏജൻസികൾ തയാറാണെങ്കിൽ അവർക്കും ഇതിന്‍റെ ഭാഗമാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts