ഇന്ത്യക്കാര്‍ എന്തിലും ഏതിലും വിദേശികളെ കണ്ടു പഠിക്കണമെന്ന് ഉപദേശിക്കാന്‍ ധാരാളം പേരുണ്ട് നമ്മുടെ നാട്ടില്‍. പക്ഷേ, ഇന്ത്യക്കാരെ പോലെ ലോകത്ത് മറ്റാരുമില്ല എന്നാണ് വിദേശത്ത് നിന്നും ഇന്ത്യയിലെത്തിയ ഒരു ട്രാവല്‍ വ്‌ളോഗറുടെ അഭിപ്രായം. ഇന്ത്യയില്‍ അനുഭവിച്ച ആതിഥ്യമര്യാദ തനിക്ക് പുതിയ അനുഭവം പകര്‍ന്നുവെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ഓസ്റ്റിന്‍ എന്ന വ്ളാഗർ.
ഡല്‍ഹിയിലെ ഒരു പാര്‍ക്കില്‍ നടക്കാനിറങ്ങിയ ഓസ്റ്റിനെ യാതൊരു മുന്‍പരിചയവുമില്ലാത്ത കുറച്ച് പേര്‍ വിളിച്ചു. ‘ വരൂ. ചുമ്മാ ഒരു ചായ കുടിച്ചിട്ടു പോകാമെന്ന് അവര്‍ എന്നോട് പറഞ്ഞു. കഴിക്കാന്‍ ബ്രെഡും ചീസും തന്നു. ഇന്ത്യയില്‍ ചെലവഴിച്ച ആദ്യ പ്രഭാതത്തില്‍ തന്നെ സൗജന്യ മായി ആഹാരം കിട്ടി. പരിചയമില്ലാത്തവര്‍ വെറുതെ നമ്മെ വിളിച്ച് ആഹാരം നല്‍കുന്നൊരു രാജ്യത്ത് ഇതുവരെ പോയിട്ടില്ല. ഇന്ത്യന്‍ ആതിഥ്യമര്യാദ യാഥാര്‍ഥ്യമാണ്’, ഓസ്റ്റിന്‍ പറയുന്നു.
ഇന്‍സ്റ്റാഗ്രാമില്‍ ഒരു ലക്ഷം വ്യൂസ് കടന്നു മുന്നേറുകയാണ് വീഡിയോ. ‘പാശ്ചാത്യ മനസുകള്‍ക്ക് ഇതൊന്നും ഒരിക്കലും മനസിലാകില്ല, ഭക്ഷണം നല്‍കുകയെന്നത് ഞങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്, ഇന്ത്യന്‍ അതിഥ്യമര്യാദ നെക്സ്റ്റ് ലെവലാണ്’, തുടങ്ങിയ പ്രതികരണങ്ങളാണ് കമന്റ് ബോക്‌സില്‍ നിറയുന്നത്.
ഒരു മാസം മുൻപ് യുഎസിൽ നിന്നുള്ള മറ്റൊരു വ്ളോഗറും ഇന്ത്യൻ സംസ്കാരത്തെക്കുറിച്ച് നടത്തിയ സമാന നിരീക്ഷണങ്ങൾ വൻതോതിൽ വൈറലായിരുന്നു.
ഇത്തരമൊരു രാജ്യം മുന്‍പ് സന്ദര്‍ശിച്ചിട്ടില്ലെന്ന് വിദേശ വ്‌ളോഗര്‍
