ഭാര്യ എന്നെ വിളിക്കുന്നത് ആ പേരാണ് ! തന്റെ ജീവിതത്തില്‍ ഉണ്ടായ ഭാഗ്യത്തെക്കുറിച്ച് ഫഹദ് ഫാസില്‍ പറയുന്നതിങ്ങനെ…

ആദ്യം ചിത്രം ബോക്‌സോഫീസില്‍ തകര്‍ന്നടിയുക. പിന്നീട് വന്‍തിരിച്ചു വരവ് നടത്തി എണ്ണം പറഞ്ഞ നടന്മാരില്‍ ഒരാളാവുക. അപൂര്‍വം ചിലര്‍ക്കു മാത്രം സാധിക്കുന്ന ഇക്കാര്യം സാധ്യമാക്കിയ ആളാണ് ഫഹദ് ഫാസില്‍.

ആദ്യ ചിത്രമായ കൈയ്യെത്തും ദൂരത്തിന്റെ പരാജയം ഫഹദിനെ മനസ്സിരുത്തി ചിന്തിപ്പിച്ചു. പിന്നെ നീണ്ട ഏഴുവര്‍ഷം സിനിമയില്‍ നിന്നുള്ള വനവാസം. പിന്നീട് ഒരു ഒന്നൊന്നര തിരിച്ചു വരവായിരുന്നു.

ഇപ്പോള്‍ മലയാളം സിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായ ഫഹദ് പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ രാജ്യത്തെ സിനിമ പ്രേമികളെ തന്നെ വിസ്മയിപ്പിക്കുകയാണ്.

കൊവിഡ് 19നെ തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചതിന് ശേഷം ഫഹദ് അഭിനയിച്ച മൂന്ന് ചിത്രങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്തിരുന്നു.

നെറ്റ്ഫ്‌ളിക്‌സിലും ആമോസണിലുമായി റിലീസ് ചെയ്ത സീ യൂ സൂണ്‍, ഇരുള്‍, ജോജി എന്നീ ചിത്രങ്ങള്‍ രാജ്യവ്യാപകമായി ശ്രദ്ധ നേടിയിരുന്നു.

കഥാപാത്ര അവതരണത്തിലും സിനിമാ തെരഞ്ഞെടുപ്പിലും ഫഹദിന്റെ ചില മാജിക്കുകളുണ്ടെന്നാണ് ആരാധകരും പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.

ഇപ്പോള്‍ ഈ ചോദ്യങ്ങള്‍ക്ക് രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ഫഹദ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കി അഭിമുഖത്തിലായിരുന്നു ഫഹദിന്റെ പ്രതികരണം.

നല്ല പ്രോജക്ടുകള്‍ തെരഞ്ഞെടുക്കുന്നതില്‍ എന്തെങ്കിലും രഹസ്യ ശക്തിയോ മാജികോ ഇല്ലെന്ന് ഫഹദ് പറയുന്നു.

ഭാഗ്യം കൊണ്ടു മാത്രമാണ് തനിക്ക് നല്ല സിനിമകള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കുന്നതെന്നും നടന്‍ പറയുന്നു.
എന്റെ ഭാര്യ എന്നെ ലക്കി അലി എന്നാണ് വിളിക്കുന്നത്.

കാരണം, ഞാന്‍ വളരെ ഭാഗ്യവാനാണ്. ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് വരാന്‍ പറ്റുന്നു എന്ന് മാത്രമേയുള്ളു.

ഇതില്‍ മാജികോ റോക്കറ്റ് സയന്‍സോ ഒന്നുമില്ല. ഇങ്ങനെ സംഭവിക്കുന്നുവെന്നേ ഉള്ളൂ എന്നാണ് ഫഹദ് പറയുന്നത്.

ഒരു പോലെയുള്ള ചിത്രങ്ങള്‍ ചെയ്യാന്‍ തനിക്ക് താല്‍പര്യമില്ലെന്നും റീമേക്കിലാണെങ്കില്‍ പോലും വ്യത്യസ്തമായ നരേഷന്‍ ഉണ്ടാകണമെന്നാണ് കരുതുന്നതെന്നും ഫഹദ് പറയുന്നു.

ഒരേ കഥ പല രീതിയില്‍ പറഞ്ഞു കേള്‍ക്കാനാണ് ഇഷ്ടം. കഥ എങ്ങനെയാണ് പറയുന്നത് എന്നതിനാണ് ഏറ്റവും പ്രാധാന്യം നല്‍കുന്നതെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലിക്കാണ് ഫഹദിന്റെ ഇറങ്ങാനുള്ള ചിത്രം. അല്ലു അര്‍ജുന്‍ നായകനായ ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ഫഹദ് തെലുങ്കിലും അരങ്ങേറ്റം കുറിയ്ക്കുകയാണ്.

കമല്‍ഹാസന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന, ലോകേഷ് കനകരാജിന്റെ വിക്രം എന്ന ചിത്രത്തിലും ഫഹദ് മുഖ്യവേഷത്തില്‍ എത്തുന്നുണ്ട്.

Related posts

Leave a Comment