ജീവിച്ചിരിക്കുന്ന യുവാക്കളെ കൊന്ന് സോഷ്യല്‍ മീഡിയ; അഞ്ചംഗ സുഹൃത്തുക്കള്‍ മരണപ്പെട്ടെന്ന് വ്യാപക പ്രചരണം;ആദരാഞ്ജലികളുമായി ‘നിഷ്‌കുകളും’;നുണ പ്രചാരകരെ പൊക്കാനുറച്ച് പോലീസ്…

മലപ്പുറം: അഞ്ച് യുവാക്കളുടെ ചിത്രം വച്ചുള്ള വാര്‍ത്തകള്‍ ഏതാനും ദിവസമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഉറ്റ സുഹൃത്തുക്കള്‍ മരണത്തിലും ഒന്നായി എന്ന തരത്തിലുള്ളതാണ് പോസ്റ്റുകളെല്ലാം. വാഹനാപകടത്തില്‍ മരണപ്പെട്ട യുവാക്കള്‍ക്ക് ആദരാജ്ഞലികളുമായി ഫേസ്ബുക്കിലെ ‘നിഷ്‌കുകളും’ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത് വ്യാജപ്രചരണമായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല യുവാക്കളെ സോഷ്യല്‍ മീഡിയയിലൂടെ വധിച്ച ആളുകള്‍ക്കെതിരേ നിലമ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തകേസില്‍ സൈബര്‍സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിലമ്പൂര്‍ മേഖലയിലെ അഞ്ചംഗ സുഹൃത്തുക്കളായ യുവാക്കള്‍ വാഹനാപകടത്തില്‍ മരിച്ചുവെന്ന് ഇവുടെ ഫോട്ടോസഹിതം വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെയാണ് യുവാക്കളുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചത്. സുഹൃത്തുക്കളായ യുവാക്കള്‍ പെരുന്നാളിന് ഊട്ടിയില്‍ വിനോദ യാത്രപോയപ്പോള്‍ എടുത്ത സെല്‍ഫി ഫോട്ടോ ഉപയോഗിച്ചാണ് ഇവര്‍ വാഹനാപകടത്തില്‍ മരണപ്പെട്ടതായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരണം നടത്തിയത്. നേരത്തെ ഇടുക്കി, എറണാകുളം, തൃശൂര്‍ ഭാഗങ്ങളില്‍നടന്ന വാഹനാപകടത്തില്‍ മരിച്ചുവെന്ന് പറഞ്ഞ ഇവരുടെ ഫോട്ടോ ഉപയോഗിച്ച് പ്രചരണം നടത്തിയെങ്കിലും ഇതൊന്നും കാര്യമായ ആളുകളിലെത്തിയില്ല, പീന്നീട് കഴിഞ്ഞ ദിവസം പാലക്കാട് എട്ടുപേരുടെ മരണത്തിനിടയാക്കിയ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചതായി പ്രചരിച്ചതോടെയാണ് പ്രചരണം വൈറലായത്. പാലക്കാട് വാഹനാപകത്തില്‍ എട്ടുപേര്‍ മരിച്ചതായി ടി.വി ചാനലുകളിലും സോഷ്യല്‍ മീഡിയയിലും പ്രചരണം നടക്കുന്നതിനിടയിലാണ് യുവാക്കളുടെ സെല്‍ഫി ഫോട്ടോ സഹിതം മരണപ്പെട്ട യുവാക്കളെന്ന നിലയില്‍ പ്രചരണം നടത്തിയത്.

ഇതോടെ അപകടത്തില്‍ മരണപ്പെട്ടവരുടെ വിവരങ്ങള്‍ അറിയുന്നതിനു മുമ്പു തന്നെ ഇവരുടെ ഫോട്ടോ വ്യാപകമായി പ്രചരിച്ചു. ഇതോടെ യുവാക്കളുടെയും രക്ഷിതാക്കളുടെയും ഫോണുകളിലേക്ക് കോള്‍പ്രവാഹമായിരുന്നു. അയല്‍വാസികള്‍ വീട്ടിലെത്തി അന്വേഷിക്കുന്ന അവസ്ഥപോലുമുണ്ടായി. ഇതോടെയാണ് യുവാക്കള്‍ നിലമ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. മമ്പാട് സ്വദേശികളായ അജ്‌നാസ് നടുവക്കാട്, ജംഷീര്‍ തൃക്കൈക്കുത്ത്്, ജംഷീദ് കൂളിക്കല്‍, ആസിഫ് ഓടായിക്കല്‍, അഫ്‌ലു എടക്കര എന്നിവരാണ് പരാതി നല്‍കിയത്. ഇവരുടെ സെല്‍ഫി ഫോട്ടോയാണ് മരണപ്പെട്ടതായി കാണിച്ച് പ്രചരണം നടന്നത്.

ഇതോടെ കഥയറിയാതെ പ്രപചരിച്ച യുവാക്കളുടെ ഫോട്ടോകള്‍ക്ക് താഴെ നാട്ടുകാരും സുഹൃത്തുക്കളും വരെ യാത്രാമൊഴിയും, ആദരാഞ്ജലികളും കമന്റ് ചെയ്തു, യുവാക്കളുടെ മരണത്തില്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി എന്ന തലക്കെട്ടോയാണ് ഇവരുടെ ഫോട്ടോ ഫേസ്ബക്കിലും, വാട്‌സ് ആപ്പ് വഴിയും പ്രചരിച്ചിരുന്നത്. സംഭവം യുവാക്കളുടെ ബന്ധുക്കള്‍ക്കും, രക്ഷിതാക്കള്‍ക്കും ഏറെ മാനസിക വിഷമമുണ്ടാക്കി. ഇവരുടെ കൂടി നിര്‍ദ്ദേശ പ്രകാരമാണ് യുവാക്കള്‍ പരാതിയുമായി നിലമ്പൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. യുവാക്കളുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത നിലമ്പൂര്‍ പൊലീസ് വ്യാജ പ്രചരണം നടത്തിയവരുടെ വിവരങ്ങള്‍ക്കായി സൈബര്‍സെല്ലിന് വിവരം കൈമാറി. സൈബര്‍ സെല്ലില്‍നിന്നു വിവരം ലഭിക്കുന്ന മുറക്ക് അടുത്ത നടപടി സ്വീകരിക്കുമെന്നു നിലമ്പൂര്‍ സിഐ: രൂപേഷ് വ്യക്തമാക്കി.

Related posts