ഇന്നെന്റെ അവസാനത്തെ പ്രവര്‍ത്തി ദിനമാണ്, അതുകൊണ്ടാ എല്ലാവര്‍ക്കും മധുരം നല്‍കാമെന്ന് കരുതിയത്! കെഎസ്ആര്‍ടിയിലെ അവസാന ഡ്യൂട്ടിദിനം സന്തോഷമാക്കിയതിനെക്കുറിച്ചുള്ള വനിതാ കണ്ടക്ടറുടെ കുറിപ്പ് വൈറല്‍

കെഎസ്ആര്‍ടിസി ബസ് എന്നാല്‍ മലയാളികള്‍ക്ക് ഒരു വികാരമാണ്. നമ്മുടെ സ്വന്തം എന്ന ഫീലാണ് പലര്‍ക്കും ആനവണ്ടിയോട്. അതിന് തെളിവാകുന്ന നിരവധി വാര്‍ത്തകള്‍ അടുത്ത കാലത്തും നാം കേട്ടതുമാണ്. പ്രതിസന്ധിയിലാണ് പ്രതിസന്ധിയിലാണ് എന്ന പല്ലവി മാറ്റി നിര്‍ത്തിയാല്‍ കെഎസ്ആര്‍ടിസിയെ വെറുക്കാത്തവരായി ആരും ഇല്ല എന്ന് തന്നെ പറയേണ്ടി വരും.

ഇപ്പോഴിതാ ഇക്കാര്യം സ്ഥിരീകിരിച്ചുകൊണ്ട്, കെഎസ്ആര്‍ടിസിയുമായി തനിക്കുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ചും ആ പ്രസ്ഥാനത്തില്‍ നിന്ന് തനിക്ക് കിട്ടിയ സ്‌നേഹത്തെക്കുറിച്ചും അവിടെ നിന്ന് താന്‍ പഠിച്ച ചില പാഠങ്ങളെക്കുറിച്ചുമെല്ലാം വിശദീകരിച്ചിരിക്കുകയാണ് പ്രിയ ജി. വാരിയര്‍ എന്ന യുവതി. യാത്രക്കാരിയുടെ സ്ഥാനത്തു നിന്നാണ് പ്രിയ സംസാരിക്കുന്നതെന്ന് വിചാരിക്കരുത്. മറിച്ച് കെഎസ്ആര്‍ടിസിയിലെ സുതുത്യര്‍ഹ സേവനത്തിനുശേഷം കണ്ടക്ടര്‍ ജോലിയില്‍ നിന്ന് വിരമിച്ച വ്യക്തിയുടേതാണ് ഈ കുറിപ്പ്. തന്റെ സര്‍വീസ് ജീവിതത്തിലെ വിലയേറിയ നിമിഷങ്ങളെക്കുറിച്ചാണ് പ്രിയ വെളിപ്പെടുത്തുന്നത്. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ആനവണ്ടി ട്രാവല്‍ ബ്ലോഗാണ് സോഷ്യല്‍ മീഡിയക്ക് പരിചയപ്പെടുത്തുന്നത്. പ്രിയയുടെ വാക്കുകളിങ്ങനെ…

പ്രിയയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം;

‘ങ്ങടെ കയ്യില്‍ ചില്ലറ ഇല്ലെങ്കില്‍ അത് പറഞ്ഞാല്‍ പോരെ….. ഞാന്‍ തരില്ല്യേ….” കൈയ്യില്‍ കൊടുത്ത മിഠായി തിരികെ നല്‍കാന്‍ ശ്രമിച്ച യാത്രക്കാരനോട് പറഞ്ഞു….. ”മുത്തശ്ശാ…. ഇന്ന് ഗടഞഠഇ യിലെ ന്റെ അവസാനത്തെ പ്രവൃത്തി ദിവസാണ്… അതോണ്ടാ ല്ലാര്‍ക്കും മധുരം നല്‍കാം ന്ന് കരുത്യേ…’ അന്ന് ആ ചോദ്യോത്തരങ്ങള്‍ പല ഭാവത്തില്‍ പല രീതിയില്‍ ബസില്‍ ഓടിക്കളിച്ചു. അവസാനത്തെ പ്രവൃത്തി ദിവസം എല്ലാര്‍ക്കും മധുരം നല്‍കിയാണ് ബസില്‍ നിന്നിറങ്ങിയത്…. അധികവും ആദ്യമായി കാണുന്നവര്‍. പലരും ന്നോട് യാത്ര പറഞ്ഞാണ് ബസില്‍ നിന്ന് ഇറങ്ങിയത്.

KSRTC യില്‍ ജോലി ചെയ്തിട്ട് ആ സ്ഥാപനത്തിനെന്ത് നല്‍കി എന്ന ചോദ്യത്തിന് മറുപടി….. ഇത് മാത്രമാണ് ചെയ്തത്…. ഇത് മാത്രം. ഡ്യൂട്ടി എടുത്തിട്ടുണ്ടെങ്കില്‍ അതിന് തക്കതായ ശമ്പളം ഇത്തിരി വൈകിയാണെങ്കിലും കിട്ടാറുണ്ട്. അതെല്ലാം തൊഴിലിന്റെ ഭാഗം മാത്രം. ഡ്യൂട്ടിക്കപ്പുറത്ത് യാത്രക്കാരെ ഗടഞഠഇ യോട് അടുപ്പിക്കുക എന്നതാണ് ഓരോ സഹപ്രവര്‍ത്തകന്റെയും ധര്‍മ്മം. ന്റെ സുഹൃത്തുക്കള്‍ അങ്ങനെ തന്നാണ് ചെയ്യുന്നെ…. ഏറ്റവും വലിയ സമ്മാനമായ പുഞ്ചിരി അന്നെനിക്ക് എല്ലാവരില്‍ നിന്നും കിട്ടി…. കാരണം അവരുടെ സങ്കല്‍പ്പത്തില്‍ കൈയിലിരിക്കുന്ന മിഠായി ഗടഞഠഇ കൊടുത്തു വിട്ട സമ്മാനം പോലെയായിരുന്നു.

നിശ്ശബ്ദരായി യാത്ര ചെയ്യുന്നവര്‍ പരസ്പരം സന്തോഷത്തില്‍ സംസാരിക്കാന്‍ തുടങ്ങി…. സന്തോഷം അവര്‍ക്ക് വിട്ട് കൊടുത്ത് പുറത്തെ കാഴ്ചകള്‍ കണ്ടിരിക്കുമ്പോള്‍ മനസ്സില്‍ തെളിഞ്ഞ മുഖം… ന്റെ ആത്മാര്‍ഥ സുഹൃത്തിന്റേതാണ്….. ന്റെ മനസ്സ് മനസ്സിലാക്കി കാണുന്നവര്‍ക്കെല്ലാം കൊടുക്കാന്‍ മിഠായി വാങ്ങിത്തന്ന ആത്മസുഹൃത്തിന്റെ മുഖം….. ങ്ങനെയാണ് അടുപ്പമുള്ള സൗഹൃദം, നമ്മുടെ ഓരോ ചലനവും കണ്ടറിഞ്ഞ് മനസ്സിലാക്കുന്നവര്‍.

ഊക്കന്‍ മഴ യക്ഷിമഴയാകുമ്പോ മരത്തിനിടയില്‍ നിന്ന് പ്രാര്‍ത്ഥിക്കാറുണ്ട് ”മഴയൊന്ന് മാറണേ”…ന്ന്. മഴ ശമിക്കുമ്പോള്‍ മാത്രമാണ് മഴ യാത്രയാകുന്നത്. പ്രാര്‍ത്ഥനയിലൂടെ ശാരീരികമായി മഴയില്‍ നിന്ന് ലഭിക്കുന്ന തണുപ്പകലാറുണ്ട്…. പ്രാര്‍ത്ഥനകള്‍ ആത്മവിശ്വാസം കൂട്ടുമെന്നതിന് ന്റെ സഹപ്രവര്‍ത്തകര്‍ കാണിച്ചുതന്ന പാത വര്‍ണ്ണനീയമാണ്. ഗടഞഠഇ ബസ് ഡിപ്പോയില്‍ നിന്നിറങ്ങുമ്പോ പല ഡ്രൈവര്‍മാരും ഖുറാനിലെ വചനങ്ങളോ, കുരിശുവരക്കുകയോ നാമം ചൊല്ലുകയോ, മൗനമായിരിക്കുന്നതോ കാണാം. പ്രാര്‍ത്ഥനകള്‍ ആത്മവിശ്വാസം കൂട്ടുമെന്നതിന് വേറെന്തു ഉദാഹരണം വേണം.

സ്നേഹപാഠ്യം ഉള്ളില്‍ ഒതുക്കി ബദ്ധപ്പാടില്‍ വീണുപോകാത്ത മനസ്സോടെ മടുപ്പ് തോന്നാതിരിക്കുന്നു ഡ്രൈവര്‍ എന്ന ജോലിയോടവര്‍ക്ക്. പല സ്ഥലങ്ങളിലും കണ്ടിട്ടുണ്ട്, ഇത്തിരിയെങ്ങാന്‍ ഡ്രൈവിങ് പഠിച്ചാല്‍ ഇരുചക്രവാഹനങ്ങളില്‍ പിറകില്‍ ആളെ ഇരുത്തി റോഡിലിറങ്ങുന്ന പലരേയും. ഇവരുടെ ശ്രദ്ധയില്ലാത്ത ഡ്രൈവിങ്ങിന്റെ പഴി കേള്‍ക്കേണ്ടിവരുക അവസാനം ഗടഞഠഇ യിലെ ഡ്രൈവര്‍മാര്‍ക്കായിരിക്കും.

ആ മുഖങ്ങളില്‍ ഏറ്റവും കൂടുതല്‍ തെളിച്ചം മറ്റുള്ളവര്‍ക്ക് അനുഭവപ്പെടുന്നത് തിരിച്ച് ഡിപ്പോയില്‍ യാത്ര അവസാനിപ്പിക്കാനായി പ്രവേശനകവാടത്തില്‍ എത്തുമ്പോഴായിരിക്കും. എത്ര തിരക്കുണ്ടെങ്കിലും ആ സമയത്ത് ഞാനവരുടെ മുഖത്തേക്ക് നോക്കാറുണ്ട്. ആര്‍ക്കും കാണാത്ത സന്തോഷം ഒപ്പിയെടുക്കാന്‍. ന്തൊക്കെ പ്രതിസന്ധിയുണ്ടേലും ഞങ്ങ കൂടെയുണ്ട്..

ഗടഞഠഇ യിലെ എന്റെ പ്രവൃത്തി ദിവസങ്ങള്‍ അവസാനിച്ചിരിക്കുന്നു. പല മേഖലകളിലേയും പോലെ സ്ത്രീകളെ ബഹുമാനിക്കുന്ന പുരുഷന്മാര്‍ക്കിടയില്‍ ജോലി ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു. നമ്മുടെ ബസും, യൂണിഫോമും എന്നില്‍ ഉണ്ടാക്കിയ പോസിറ്റീവ് വൈബ്രേഷന്‍ ചെറുതല്ല. സ്വന്തം കൂടപ്പിറപ്പിനെ പോലെ എന്നെ ഡ്യൂട്ടിക്കിടയില്‍ കരുതലോടെ നോക്കുന്ന ഡ്രൈവര്‍മാരോടുള്ള നന്ദി വാക്കില്‍ ഒതുങ്ങുന്നതല്ല…. സ്നേഹം മാത്രം.

വൈകിയ വേളകളില്‍ ഡ്യൂട്ടി കഴിഞ്ഞു മടക്കത്തില്‍ ശാരീരിക ക്ഷീണം അനുഭവപ്പെടുമ്പോള്‍ പാതയോരത്ത് ഇറങ്ങി ചായ കുടിക്കാന്‍ നില്‍ക്കുമ്പോള്‍ അവിടെ കൂടിയ ആള്‍കാര്‍ക്കിടയില്‍ നിന്നു പഠിപ്പിച്ച കുട്ടികളുടെ രക്ഷിതാക്കളോ, നാട്ടുകാരോ, അയല്‍വാസികളോ കടന്നു വന്ന് ‘ ദ് മ്മടെ വാര്യത്തെ കുട്ട്യാ ‘ എന്ന് പറയുന്ന വാക്കില്‍ ആ കുടിക്കുന്ന ചായയേക്കാള്‍ എനര്‍ജി കിട്ടും.

ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങുമ്പോള്‍ ശ്രദ്ധിച്ചു പോണം എന്ന വാക്ക് ഏതെങ്കിലും സുഹൃത്തുക്കളായ സഹപ്രവര്‍ത്തകരില്‍ നിന്നു ഉണ്ടാകുമ്പോള്‍ ഒരു പുഞ്ചിരി മാത്രം മറുപടി നല്‍കും. അവര്‍ക്കറിയില്ലല്ലോ ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ ആനക്കര ഗവ :സ്‌കൂളിലേക്ക് പോകുമ്പോള്‍ കുന്നിന്‍ ചെരുവിലൂടെ മുക്കാല്‍ മണിക്കൂറോളം നടന്ന് സൗഹൃദത്തിന്റെ ദീപ്തമായ വര്‍ഷങ്ങള്‍ നിറഞ്ഞ സമയത്ത് ന്റെ പ്രിയ സുഹൃത്തുക്കള്‍ മുരളിയും സന്ദീപും എന്നില്‍ ഉണ്ടാക്കിയ ധൈര്യത്തിന്റെ കണക്കു പാഠപുസ്തകങ്ങളില്‍ നിന്നൊന്നും ലഭിക്കാത്ത അത്യപൂര്‍വ സൗഹൃദത്തിന്റെ ആവേശം.

പുരുഷന്മാരെ അടച്ചാക്ഷേപിക്കുന്ന ഇന്നത്തെ കാലത്തു എനിക്ക് തോന്നിയിട്ടുള്ളത് ബസില്‍ കയറുന്ന ഓരോ പാസ്സഞ്ചേഴ്സിന്റെ കണ്ണിലും നന്മ മാത്രമാണ് കണ്ടിട്ടുള്ളത്. ഗടഞഠഇ യിലെ എന്റെ സുഹൃത്തുക്കളായ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും നന്ദിയോടൊപ്പം തുടര്‍പ്രവത്തനത്തിനുള്ള ആശംസകളും നേരുന്നു. പ്രത്യേകിച്ച് കോഴിക്കോട് ഡിപ്പോക്കും പൊന്നാനി ഡിപ്പോക്കും. വളരട്ടെ ഈ പ്രസ്ഥാനം എന്നേക്കും എന്നന്നേക്കും. സ്നേഹപൂര്‍വ്വം

പ്രിയ ജി വാരിയര്‍.

Related posts