കണ്‍സ്യൂമര്‍ കോടതി വിധിയ്ക്ക് പുല്ലുവില; മലബാര്‍ ഡെന്റല്‍ കോളജിലെ പ്രൊഫസര്‍ക്ക് നഷ്ടമായ 48,500 രൂപ തിരികെ നല്‍കാന്‍ കൂട്ടാക്കാതെ ഫെഡറല്‍ ബാങ്ക്; ഡോ.ഷബീറിന് നീതി നിഷേധിച്ചതിങ്ങനെ…

d600മലപ്പുറം: എടിഎം തട്ടിപ്പുകളിലൂടെ അനവധി മലയാളികള്‍ക്കാണ് അടുത്ത കാലത്ത് പണം നഷ്ടമായത്. റൊമാനിയ, ബള്‍ഗേറിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലെ പൗരന്മാരെ കേരളാ പോലീസ് പൊക്കുകയും ചെയ്തു. എന്നാല്‍ പണം നഷ്ടമായവര്‍ക്ക് യഥാസമയം പണം തിരികെ നല്‍കുന്നതില്‍ ബാങ്കുകള്‍ വീഴ്ച്ച വരുത്തുകയാണെന്നതാണ് വാസ്തവം. പണവും വിവരങ്ങളും സംരക്ഷിക്കേണ്ടത് ബാങ്കുകളുടെ ഉത്തവാദിത്തമാണെന്നിരിക്കെ പണം നഷ്ടപ്പെട്ടാല്‍ തിരികെ നല്‍കാന്‍ പലപ്പോഴും ബാങ്കുകള്‍ തയ്യാറാകില്ല, തയ്യാറാകുന്ന ബാങ്കുകള്‍ വളരെ ചുരുക്കവുമാണ്.

മലപ്പുറം തിരൂര്‍ കെജി പടി സ്വദേശി ഡോ. ഷബീര്‍ അഹമ്മദിനും പറയാനുള്ളത് ഇത്തരം ഒരു കഥയാണ്. ഇവിടെ വില്ലന്‍ ഫെഡറല്‍ ബാങ്കാണ്. എ.ടി.എമ്മില്‍ നിന്ന് നഷ്ടപ്പെട്ട തുക ലഭിക്കാനായി കോടതി വിധി സമ്പാദിച്ചിട്ടും ഫെഡറല്‍ ബാങ്ക് ധിക്കാരപരമായ സമീപനം തുടരുകയാണ്. നീതിക്കായി കഴിഞ്ഞ ഒന്നര വര്‍ഷമായി പോരാടുന്ന ഡോക്ടര്‍ ഒടുവില്‍ അനുകൂല വിധി സമ്പാദിച്ചിട്ടും പണം നല്‍കാന്‍ ബാങ്ക് തയ്യാറാകുന്നില്ലയെന്നതാണ് കൗതുകം.

2015 ഓഗസ്റ്റ് 12നാണ് മലബാര്‍ ഡെന്റല്‍ കോളേജിലെ പ്രൊഫസര്‍ കൂടിയായ ഡോക്ടര്‍ ഷബീറിന് എടിഎമ്മില്‍ നിന്ന് പണം നഷ്ടമാകുന്നത് .എട്ട് തവണകളായി 48,500 രൂപ ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നും നഷ്ടമായിരുന്നു. രാത്രി പന്ത്രണ്ടു മണിക്കു മുമ്പും ശേഷവുമായാണ് പണം പിന്‍വലിച്ചിട്ടുള്ളത്. തുകയോടൊപ്പം, മുംബൈയിലെ ആന്ദേരി വെസ്റ്റ് എടിഎമ്മില്‍ നിന്നുമാണ് പണം പിന്‍വലിച്ചതെന്നുമുള്ള എസ്.എം.എസ് ലഭിച്ചപ്പോഴാണ് പണം നഷ്ടമായ വിവരം ഷബീര്‍ അറിയുന്നത്. വിവരം കാണിച്ച് പൂങ്ങോട്ടുകുളത്തെ അക്കൗണ്ടുള്ള ഫെഡറല്‍ ബാങ്ക് ശാഖയില്‍ പരാതിപ്പെട്ടെങ്കിലും ബാങ്ക് അധികൃതര്‍ ഇത് ഗൗരവമായെടുത്തില്ല.തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും ഓംബുഡ്‌സ്മാന് പരാതി നല്‍കാനുമായിരുന്നു ബാങ്കിന്റെ നിര്‍ദ്ദേശം. ഇതനുസരിച്ച് ഓംബുഡ്‌സ്മാന് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ പറ്റില്ലെന്നായിരുന്നു ഇവരുടേയും മറുപടി.

തുടര്‍ന്ന് സംഭവം വിവരിച്ച് തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്തര്‍ സംസ്ഥാന എടിഎം തട്ടിപ്പ് ആയതിനാല്‍ പരിമിതികള്‍ കാണിച്ച് പൊലീസും കൈമലര്‍ത്തി. ഈ സാഹചര്യത്തിലായിരുന്നു ഡോ.ഷബീര്‍ 2015 ഡിസംബര്‍ മാസത്തില്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ഫെഡറല്‍ ബാങ്കിനെതിരെയുള്ള ഈ കേസ് ഒരു വര്‍ഷത്തിലധികം കാലം നീണ്ടു. ഒടുവില്‍ വിധി ഷബീറിന് അനുകൂലമായി. നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും കോടതി ചെലവുമടക്കം 1,48,000 രൂപ ഫെഡറല്‍ ബാങ്കില്‍ നിന്ന് ഈടാക്കാനും കണ്‍സ്യൂമര്‍ കോര്‍ട്ട് ഉത്തരവിടുകയും ചെയ്തു. വിധിയുടെ പകര്‍പ്പ് കൈപറ്റി 30 ദിവസത്തിനകം തുക അടക്കണമെന്നായിരുന്നു വിധി. എന്നാല്‍ വിധി പുറപ്പെടുവിച്ച് നാലര മാസം കഴിഞ്ഞിട്ടും ഇതുവരെ പണം നല്‍കാന്‍ ഫെഡറല്‍ ബാങ്ക് തയ്യാറായിട്ടില്ല.

വിധിയുടെ പകര്‍പ്പുമായി വക്കീല്‍ മുഖേനയും നേരിട്ടും ബാങ്കിനെ സമീപിച്ചു. അപ്പോഴൊക്കെ ഓരോ കാരണം പറഞ്ഞ് ബാങ്ക് അധികൃതര്‍ ഒഴിഞ്ഞുമാറി. തുക ലഭിക്കും വരെ നടപടികളുമായി മുമ്പോട്ടു പോകാനാണ് തന്റെ തീരുമാനമെന്ന് ഷബീര്‍ പറയുന്നു. സമാനമായ കേസുകള്‍ മറ്റു ബാങ്കുകളിലും നിലനില്‍ക്കുന്നുണ്ടെങ്കിലും വിധി വന്നാല്‍ പണം അടക്കാന്‍ അവര്‍ തയ്യാറാകുന്നു. എടിഎം തട്ടിപ്പിനിരയായി പണം നഷ്ടപ്പെടുന്നവര്‍ക്ക് നിയമ നടപടിക്ക് പോകാതെ തന്നെ പണം നല്‍കി മാതൃകയാവുന്ന ബാങ്കുകളുമുണ്ട്. എന്നാല്‍ കോടതി വിധിയെപ്പോലും ചോദ്യം ചെയ്യുന്ന ധിക്കാരപരമായ സമീപനമാണ് ഫെഡറല്‍ ബാങ്ക് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. നഷ്ടപ്പെട്ട പണത്തിനു പുറമെ സമയവും സമ്പത്തും ചിലവഴിച്ചാണ് കേസിനു പിന്നാലെ പോയത്, അതിനാല്‍ കണ്‍സ്യൂമര്‍ കോര്‍ട്ട് വിധിച്ച തുക തിരികെ നല്‍കണമെന്നാണ് ഷബീര്‍ ആവശ്യപ്പെടുന്നത്.

Related posts