നമ്മുടെ ശബ്ദം കൂടുതല്‍ ഉയരേണ്ടതുണ്ട്…കരിമണല്‍ ഖനനം നാശോന്മുഖമാക്കിയ ആലപ്പാടിനു വേണ്ടി ശബ്ദമുയര്‍ത്തി പൃഥിരാജും ടൊവിനോയും അടക്കമുള്ള താരങ്ങള്‍ ! സേവ് ആലപ്പാട് ക്യാമ്പയ്ന്‍ കേരളമാകെ വ്യാപിക്കുന്നു…

ഏതാനും മാസം മുമ്പ് ഉണ്ടായ മഹാപ്രളയത്തില്‍ വലഞ്ഞ കേരളത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളുമായി മുന്‍പന്തിയിലുണ്ടായിരുന്നവരാണ് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കില്‍ കടലിനും കായലിനും മധ്യേ കിടക്കുന്ന ചെറുഗ്രാമമായ ആലപ്പാട്ടിലെ മത്സ്യത്തൊഴിലാളികള്‍. അന്ന് കേരളത്തെ രക്ഷിക്കാന്‍ മുന്‍പന്തിയില്‍ നിന്ന അവരെ രക്ഷിക്കാന്‍ ഇന്ന് ആരുമില്ലാത്ത അവസ്ഥയാണ്.

കരിമണല്‍ ഖനനം ഒരു ഗ്രാമത്തെ മുഴുവന്‍ വിഴുങ്ങുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. അന്നാട്ടിലെ ഒരു പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ വന്നു സംസാരിച്ചതോടെയാണ് സംഭവത്തിന്റെ ഗുരുതരാവസ്ഥ പുറംലോകം അറിഞ്ഞത്.

ഇപ്പോള്‍ ആലപ്പാടിനു പിന്തുണയുമായി പല പ്രമുഖരും രംഗത്തെത്തിയിരിക്കുകയാണ്. പൃഥിരാജും ടൊവിനോയും സണ്ണിവെയ്‌നും അടക്കമുള്ള സിനിമാതാരങ്ങളും സേവ് ആലപ്പാട് ക്യാമ്പെയ്‌നുമായി മുന്‍പന്തിയിലുണ്ട്. സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തപോലെ മുഖ്യധാരയിലേക്കും ആലപ്പാട് കടന്നുവരണമെന്നാണ് ടൊവിനോയ്ക്ക് പറയാനുല്‌ളത്. എല്ലാവരുടെയും ശബ്ദം ആലപ്പാടിനുവേണ്ടി ഉയരണമെന്നും താന്‍ അവരോടൊപ്പം ഉണ്ടെന്നും സണ്ണി വെയ്ന്‍ പറയുന്നു.

ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് എത്രമാത്രം ഫലം ചെയ്യുമെന്ന് തനിക്കറിയില്ലെന്നും തുറന്നുപറഞ്ഞാല്‍ സോഷ്യല്‍ മീഡിയയിലൂടെ മാത്രം കൂടുതല്‍ ക്യാമ്പയ്ന്‍ നടത്തുന്നത് എത്രമാത്രം ഫലം ചെയ്യുമെന്ന് തനിക്ക് സംശയമുണ്ട് പൃഥി പറയുന്നു. ഒരിടത്ത് വിശ്വാസങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയും മതം ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍ മറ്റൊരിടത്ത് ആളുകള്‍ അതിജീവനത്തിനായുള്ള ജീവന്മരണപ്പോരാട്ടത്തിലാണ്.

സേവ് ആലപ്പാട് ഹാഷ് ടാഗില്‍ ഈ പോസ്റ്റ് അവസാനിപ്പിക്കുന്നതില്‍ ചെറിയ വിഷമമുണ്ട്. ആലപ്പാടിനു വേണ്ടി ശബ്ദമുയര്‍ത്തുന്നവരുടെ ഒപ്പം കൂടുകയാണ്. ബന്ധപ്പെട്ട അധികൃതരുടെ കാതു തുറപ്പിക്കാന്‍ നാം കൂടുതല്‍ ശബ്ദമുയര്‍ത്തേണ്ടിയിരിക്കുന്നു. പൃഥിയുടെ പോസ്റ്റില്‍ പറയുന്നു. ഇപ്പോള്‍ നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയിലൂടെ ആലപ്പാടിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.

Related posts