പത്തനാപുരം : വനാതിര്‍ത്തികളില്‍ ഫയര്‍ലൈന്‍ തെളിയ്ക്കല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചില്ല. മലയോരഗ്രാമവാസികള് പ്രതിഷേധത്തില്‍.കഴിഞ്ഞ വര്‍ഷം ഫയര്‍ലൈന്‍ തെളിയ്ക്കാനുണ്ടായ കാലതാമസം കാരണം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞില്ല.ഇതോടെകാട്ടുതീയുടെ തീവ്രതയും കൂടുതലായിരുന്നു.കാട്ടുതീ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ജനവാസമേഖലയോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ ഫയര്‍ലൈന്‍ തെളിക്കുന്നത്.
വനം വകുപ്പും വനസംരക്ഷണസമിതിയും സംയുക്തമായാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.ജനവാസമേഖലയിലും പാതയുടെ വശങ്ങളിലുമാണ് കൂടുതലും ഫയര്‍ലൈന്‍ തെളിക്കല്‍ നടക്കുന്നത്.പത്തനാപുരം,പുനലൂര്‍ റേഞ്ചിൽ ഉൾപ്പെട്ടെ മിക്ക ഡിവിഷനുകളിലും അതിർത്തി തെളിക്കൽ പ്രവർത്തനങ്ങൾ ഡിസംബര്‍ ആദ്യം തന്നെ ആരംഭിക്കുന്നതാണ്.
ഇത്തവണ നവംബര്‍ മുതല്‍ തന്നെ ചൂട് വര്‍ദ്ധിച്ചിട്ടുണ്ട്.
പാതകളുടെ വശങ്ങളില് നിന്നും മൂന്ന് മീറ്റര്‍ വീതിയിലാണ് ഫയര്‍ലൈന്‍ തെളിക്കുന്നത്.കഴിഞ്ഞ വര്‍ഷം വനംവകുപ്പും വനസംരക്ഷണസമിതിയും തമ്മിലുള്ള അഭിപ്രായവ്യത്യാസം കാരണം കിഴക്കൻമേഖലയിൽ വനപ്രദേശങ്ങളിലെ അതിർത്തി തെളിയിക്കൽ പ്രവർത്തനങ്ങൾ പൂര്‍ണ്ണമായില്ല.ഇതിനാല്‍ തന്നെ ഏക്കർ കണക്കിന് വനഭൂമിയാണ് കത്തി നശിച്ചത്.
കാട്ടുതീ വർധിച്ചത് കാരണം ജീവജാലങ്ങൾക്കും വൃക്ഷങ്ങൾക്കും ഏറെ കേടുപാടുകളും വരുത്തിയിരുന്നു.ചൂടേറ്റ് വന്യമൃഗങ്ങൾ ജനവാസമേഖലകളിലേക്ക് ഇറങ്ങുകയും ചെയ്തു.കാട്ടുതീ തടയാൻ വേണ്ടിയാണ് സംസ്ഥാന വനം വകുപ്പിന്റെ ഫണ്ട് വിനിയോഗിച്ച് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്.കഴിഞ്ഞ തവണ വേതനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സമിതി വനം വകുപ്പിൽ നിവേദനവും നൽകിയിരുന്നു.