എംബിബിഎസ് വിദ്യാര്‍ഥിനിയെ പ്രണയിച്ച മത്സ്യത്തൊഴിലാളി യുവാവിന്റെ വീടിനു തീയിട്ടു ! വീട്ടുകാര്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടു; കണ്ണൂരില്‍ നടന്ന സംഭവങ്ങള്‍ ഇങ്ങനെ…

കണ്ണൂര്‍: എംബിബിഎസ് വിദ്യാര്‍ഥിനിയെ പ്രേമിച്ച മത്സ്യത്തൊഴിലാളിയായ യുവാവിന്റെ വീടിനു യുവതിയുടെ ബന്ധുക്കള്‍ തീയിട്ടെന്നു പരാതി. അതിരകം പള്ളിപ്രം കൊളെക്കര തായത്ത് പി.പി.അക്ബറലിയുടെ വീടാണ് ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ കത്തിനശിച്ചത്. അക്ബറലിയുടെ മകന്‍ മത്സ്യത്തൊഴിലാളിയായ ബി.കെ.മുഹമ്മദ് അസ്‌കറലി (27)യും എംബിബിഎസ് വിദ്യാര്‍ഥിനിയും തമ്മിലുള്ള പ്രണയമാണ് സംഭവത്തിനു കാരണമെന്ന് പൊലീസ് പറ!ഞ്ഞു.

ശബ്ദം കേട്ടു വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും ജനലുകളും കതകുകളും പാടേ നശിച്ചിരുന്നു. വീടിനു സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്കും പൂര്‍ണമായി നശിച്ചു. വീട്ടുകാര്‍ ഉടന്‍ പുറത്തിറങ്ങിയതിനാല്‍ ആര്‍ക്കും പരുക്കില്ല. ജനല്‍ ഗ്ലാസ് തകര്‍ത്തു മുറിക്കുള്ളിലേക്കു പെട്രോള്‍ ഒഴിച്ചു തീയിടുകയായിരുന്നെന്നാണു പൊലീസ് കരുതുന്നത്. പ്രണയത്തില്‍ നിന്നു പിന്‍മാറണമെന്നു യുവതിയുടെ ബന്ധുക്കള്‍ അസ്‌കറലിയോട് ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടിലെത്തിയ യുവതിയുടെ സഹോദരനും സംഘവും മകനെ മര്‍ദിച്ചതായി അസ്‌കറലിയുടെ ഉമ്മ ബി.കെ.സാബിറ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. വീട് കത്തിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പരുക്കേറ്റ അസ്‌കറലി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയും തേടി.

വീടിനു സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും പോലീസ് സഹായം ലഭിച്ചില്ലെന്ന് അസ്‌കറലി പറഞ്ഞു. കുടുംബപ്രശ്‌നമാണെന്നും ഇടപെടാന്‍ പറ്റില്ലെന്നും പറഞ്ഞ് പൊലീസ് ഒഴിഞ്ഞു മാറി. മേലുദ്യോഗസ്ഥരെ കാണുമെന്നു പറഞ്ഞപ്പോള്‍ മാത്രമാണു പരാതി സ്വീകരിക്കാന്‍ പൊലീസ് തയാറായതെന്നും അസ്‌കറലി പറഞ്ഞു. മര്‍ദ്ദനക്കേസില്‍ യുവതിയുടെ ബന്ധുക്കളായ കെ.കെ.അനസ് (28), കെ കെ.ശബീര്‍ (45) എന്നിവരെ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Related posts