ചൂണ്ടയിടാന്‍ പോയ മത്സ്യത്തൊഴിലാളിക്ക് കിട്ടിയത് വമ്പന്‍ സ്രാവിന്റെ തല ! ഉടല്‍ കടിച്ചെടുത്തത് ദിനോസറിന്റെ കാലത്ത് ജീവിച്ചിരുന്ന ജീവി ?

ഓസ്‌ട്രേലിയയിലുള്ള ഒരു മീന്‍പിടുത്തക്കാരന്റെ വലയില്‍ കുടുങ്ങിയ വമ്പന്‍സ്രാവാണ് ഇപ്പോള്‍ സമുദ്രഗവേഷകര്‍ക്കിടയില്‍ വമ്പന്‍ ചര്‍ച്ചയായിരിക്കുന്നത്. ന്യൂ സൗത്ത് വെയ്ല്‍സിലാണു സംഭവം. ജേസണ്‍ എന്ന മത്സ്യത്തൊഴിലാളി പതിവു പോലെ ചൂണ്ടയിടാന്‍ പോയതാണ്. ചൂണ്ടയില്‍ ഒരുഗ്രന്‍ സ്രാവ് കുരുങ്ങുകയും ചെയ്തു. വലിച്ചു പൊക്കിയപ്പോള്‍ ആ സ്രാവിന് തലമാത്രമേ ഉണ്ടായിരുന്നുള്ളൂ.

അതില്‍ നിന്നു മാത്രം ശേഖരിക്കാനായത് 35 കിലോഗ്രാം മാംസവും! മാക്കോ ഷാര്‍ക്ക് എന്നറിയപ്പടുന്ന ആ സ്രാവിന്റെ തലയൊഴികെ ബാക്കിയെല്ലാം ഭാഗങ്ങളും ഒരു ജീവി തിന്നു തീര്‍ത്തതാണ്, ഒരുപക്ഷേ ഒന്നിലേറെ ജീവികള്‍. എന്നാല്‍ ഭീമാകാരന്മാരും കടലിലെ ഏറ്റവും വേഗതയേറിയതുമായ ഈ സ്രാവുകളെ ഒറ്റയടിക്കു തിന്നു തീര്‍ക്കാന്‍ ശേഷിയുള്ള ജീവിയെക്കുറിച്ച് ചിന്തിച്ചാണ് ഇപ്പോള്‍ ഗവേഷകര്‍ തലപുകയ്ക്കുന്നത്.

‘ചെറിയ സ്രാവുകളെ അന്വേഷിച്ചാണു കടലില്‍ പോയത്. കിട്ടിയത് ഈ വലിയ സ്രാവിനെയും. പക്ഷേ അതിലും വലിയ സ്രാവുകള്‍ തിന്നുതീര്‍ത്തതാണെന്നു മാത്രം’ എന്നാണ് ഇതിനെപ്പറ്റി ജേസണ്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത്. പോസ്റ്റ് എന്തായാലും വൈകാതെ വൈറലായി. പ്രാചീന കാലത്തു കടലിലെ ഭീകരന്മാരായിരുന്ന മേഗലൊഡോണ്‍ സ്രാവുകളാണ് ഇതിനു പിന്നിലെന്നു വരെ കഥകളിറങ്ങി.

ന്യൂ സൗത്ത് വെയ്ല്‍സില്‍ ഇപ്പോഴും ഇവ ഉണ്ടാകാമെന്നാണ് അവരുടെ വാദം. മേഗലൊഡോണ്‍ പൂര്‍ണമായും വംശമറ്റു പോയിട്ടില്ലെന്ന വാദം നേരത്തേ തന്നെ ശക്തവുമാണ്. അതല്ല, ഒരു കൂട്ടം സ്രാവുകള്‍ കൂട്ടത്തോടെ ആക്രമിച്ചതാകാമെന്നും പറയുന്നു. എന്തായാവും ഒറ്റയ്ക്ക് ഒരു സ്രാവിനോ മറ്റെന്തെങ്കിലും ജീവിക്കോ ഇതിനെ കടിച്ചെടുക്കാനാകില്ല. പ്രായപൂര്‍ത്തിയായ ആണ്‍ മാക്കോ സ്രാവിന് ഏകദേശം 280 കിലോഗ്രാം ഭാരം വരും.

ഒത്ത ഒരു മനുഷ്യനേക്കാള്‍ നീളവുമുണ്ട്. അതായത് ഏകദേശം പത്തടി. ചെറിയ ചിറകുള്ള മാക്കോ സ്രാവുകള്‍ക്ക് ബ്ലൂ പോയിന്റര്‍ എന്നും പേരുണ്ട്. ഷോട്ട്ഫിന്‍ മാക്കോകളാണ് വലിയ ചിറകുള്ള ലോങ്ഫിന്‍ മാക്കോകളേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുക. കടലിലെ ചീറ്റപ്പുലി എന്നും മാക്കോയ്ക്കു വിളിപ്പേരുണ്ട്. മത്സ്യത്തൊഴിലാളികളെ പറ്റിച്ചു കൊണ്ട് കടലില്‍ അക്രോബാറ്റിക് ചലനങ്ങള്‍ നടത്തുന്നതും ഇതിന്റെ പ്രത്യേകതയാണ്. സ്രാവുകളുടെ കൂട്ടത്തില്‍ ഏറ്റവും വേഗത്തില്‍ നീന്തുന്നതിന്റെ റെക്കോര്‍ഡും ഷോട്ട്ഫിന്‍ മാക്കോകള്‍ക്കാണ് സെക്കന്‍ഡില്‍ 18.8 മീറ്റര്‍.

ജെറ്റുവിമാനങ്ങളുടെ ചിറകുകളുടെ രൂപകല്‍പന പോലും ഇവയുടെ പുറന്തോല്‍ മനസ്സില്‍ കണ്ടാണെന്നു പറയപ്പെടുന്നുണ്ട്. ജെറ്റ് കാറ്റിനെ കീറിമുറിച്ചു സഞ്ചരിക്കുന്നതിനു സമാനമായാണ് ജലത്തെ പിന്നിലാക്കിയുള്ള മാക്കോകളുടെ സഞ്ചാരം. ലഭിച്ച സ്രാവിന്റെ ശരീരത്തില്‍ നിന്ന് മാര്‍ലിന്‍ മത്സ്യത്തിന്റെ കൊമ്പും കണ്ടെത്തിയിട്ടുണ്ട്. മാര്‍ലിന്‍ ബില്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഓസ്‌ട്രേലിയന്‍ സമുദ്രങ്ങളില്‍ കാണപ്പെടുന്ന മാര്‍ലിന്‍ എന്ന മത്സ്യത്തിന്റെ കൊമ്പാണിത്. മത്സ്യക്കൂട്ടത്തിലേക്കു പാഞ്ഞുകയറി കൊമ്പു കൊണ്ട് അവയിലൊന്നിലെ കുത്തി കൊന്നു തിന്നുന്നതാണ് മാര്‍ലിന്റെ രീതി.

ഇത്തരത്തില്‍ മാക്കോയുടെ തലയ്ക്കു കുത്തേറ്റതാകാമെന്നും ആ കൊമ്പ് തറഞ്ഞിരുന്നതാകാം മറ്റു സ്രാവുകള്‍ ആക്രമിക്കാനിടയാക്കിയതെന്നുമാണ് ഒരു നിഗമനം.ജലത്തില്‍ ചോര കലര്‍ന്നാല്‍ അവിടേക്കു കൂട്ടത്തോടെ സ്രാവുകള്‍ എത്തുന്ന രീതിയുമുണ്ട്. ജേസണ്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ സ്രാവിനെ കീറിമുറിച്ചത് വ്യക്തമാണ്. ഒന്നിലേറെ വലിയ കടികള്‍ ഏറ്റതിന്റെ പാടുകളുമുണ്ട്. എന്തായാലും ദിനോസറിന്റെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മത്സ്യമാണ് സ്രാവിന്റെ ഉടല്‍ കടിച്ചെടുത്തത് എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ വരെ ഇപ്പോള്‍ സജീവമാണ്.

Related posts