വള്ളം കവുങ്ങില്‍ ഇടിച്ച് തകര്‍ന്ന് ഒരറ്റം വയറ്റില്‍ തുളച്ചുകയറി! ആശുപത്രിയില്‍ നേരിട്ടത് മുറിവിനേക്കാള്‍ വേദനിപ്പിക്കുന്ന അനുഭവം; ഹീറോകളെന്ന് വാഴ്ത്തുന്ന മത്സ്യത്തൊഴിലാളികളുടെ നിലവിലെ അവസ്ഥ ഇങ്ങനെയൊക്കെ

ജീവനും ജീവിതവും പണയംവച്ച് പ്രളയത്തില്‍ അകപ്പെട്ടവരെ സഹായിച്ച നിരവധിയാളുകള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായുണ്ട്. അതില്‍ പ്രധാനികളാണ് മത്സ്യത്തൊഴിലാളികള്‍. എന്നാല്‍ അക്കൂട്ടത്തില്‍ ചിലര്‍ക്ക് ഗുരുതരമായ ചില അപകടങ്ങള്‍ സംഭവിച്ച് ജീവിതം വഴിമുട്ടിയിരിക്കുകയാണിപ്പോള്‍.

ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ കള്ളിക്കാട് തീരദേശമേഖലയിലെ മല്‍സ്യതൊഴിലാളി രത്‌നകുമാറിന്റെ ദുരവസ്ഥയാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഗുരുതരമായി പരുക്കേറ്റ് ചികില്‍സയില്‍ കഴിയുകയാണിപ്പോള്‍ രത്‌നകുമാര്‍. കവുങ്ങ് ഒടിഞ്ഞുവീണ് വയറ്റില്‍ തുളച്ചുകയറിയാണ് രത്‌നകുമാറിന് പരിക്കേറ്റത്.

ചെങ്ങന്നൂര്‍ പാണ്ടനാട് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന് പോയതാണ് രത്‌നകുമാര്‍. വണ്ടിയിടിച്ച് അപകടത്തില്‍പ്പെട്ട ഒരു യുവാവിനെ സഹായിക്കാനായി വെള്ളം കയറിയ വീട്ടിലേക്ക് എത്തിയതാണ് സംഘം. വീടിന്റെ പരിസരത്ത് ശക്തമായ അടിയൊഴുക്കുണ്ടായിരുന്നു. ഒഴുക്കില്‍ വലിയ മരങ്ങള്‍ കടപുഴകി വരുന്നുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ വീടിനകത്തേക്ക് വള്ളത്തെ വലിച്ച് കൊണ്ട് പോകുന്ന തരത്തിലായിരുന്നു ഒഴുക്ക്.

വീട്ടുകാരിലൊരാള്‍ വള്ളത്തിന്റെ ഒരറ്റം പിടിച്ചു, അതോടെ വള്ളത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഒഴുക്കില്‍പ്പെട്ട വള്ളം അവിടെ നിന്ന കവുങ്ങില്‍ ചെന്നിടിച്ചു, രണ്ടായി മുറിഞ്ഞ കവുങ്ങിന്റെ ഒരറ്റം രത്‌നാകന്റെ വയറില്‍ തുളഞ്ഞ് കയറി, കാലിനും ഗുരുതരമായി മുറിവ് പറ്റി. 26 തുന്നലുകളുണ്ട്. മുറിവ് പറ്റിയിട്ടും വേദനകടിച്ചമര്‍ത്തി രത്‌നകുമാര്‍ യുവാവിനെ രക്ഷിച്ചു. ബോട്ടില്‍ ഇന്ധനം നിറയ്ക്കാന്‍ ഒപ്പമുള്ള ആര്‍ക്കും അറിയില്ലായിരുന്നു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ കഴിയുവോളം ബോട്ടില്‍ കിടന്നുകൊണ്ട് രത്‌നകുമാര്‍ ഇന്ധനം നിറച്ചുകൊടുത്തു. എല്ലാവരെയും രക്ഷപ്പെടുത്തിയശേഷം സുഹൃത്തുക്കള്‍ ഇദ്ദേഹത്തെ അടുത്തുള്ള പരുമല സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നും നേരിട്ടത് മുറിവിനേക്കാള്‍ വേദനിപ്പിക്കുന്ന അനുഭവം. സ്‌കാനിങ്ങിന് 8000 രൂപ നല്‍കാനില്ലാകത്തതിന്റെ പേരില്‍ ചികില്‍സനിഷേധിച്ചു. ഉച്ചയ്ക്ക് ചോരവാര്‍ന്ന നിലയില്‍ എത്തിച്ച രത്‌നകുമാറിനെ പരിശോധിക്കാന്‍ അധികൃതര്‍ കൂട്ടാക്കിയില്ല.

വൈകുന്നേരം ഏഴുമണിവരെയാണ് കരുണകാത്ത് കുടുംബം ആശുപത്രിയില്‍ പ്രതീക്ഷയോടെ നിന്നത്. അവസാനം വണ്ടാനം മെഡിക്കല്‍ കൊളജില്‍ എത്തിച്ചു. അവിടെ നിന്നാണ് മുറവില്‍ തുന്നലുകള്‍പോലും ഇട്ടത്. വീട്ടില്‍ തിരിച്ചെത്തിയ ഇദ്ദേഹം എഴുന്നേല്‍ക്കാന്‍ പോലുമാകാത്ത അവസ്ഥയിലാണിപ്പോള്‍. അമ്മയും ഭാര്യയുമടങ്ങുന്ന കൊച്ചുകുടുംബത്തിന്റെ ഏക അത്താണിയാണ് ഈ മല്‍സ്യതൊഴിലാളി.

പ്രതിപക്ഷനേതാവും ഹരിപ്പാട് എംഎല്‍എയുമായ രമേശ് ചെന്നിത്തല രത്‌നകുമാറിനെ മികച്ച ആശുപത്രിയില്‍ ചികില്‍സ നല്‍കാനുള്ള ഏര്‍പ്പടുകള്‍ ചെയ്തിട്ടുണ്ട്. ഒപ്പം ചികില്‍സയ്ക്കുള്ള ചെലവുകളും വഹിക്കുമെന്ന് പ്രവര്‍ത്തകര്‍ മൂഖേന കുടുംബത്തെ അറിയിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയും രത്‌നകുമാറിന്റെ കുടുംബത്തെ വിളിച്ച് ആശ്വസിപ്പിച്ചു.

Related posts