പ്രളയ ബാധിത മേഖലകളിലെ പിന്നോക്കക്കാർക്ക് മൂന്ന് മാസത്തേക്ക് സൗജന്യ കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയ ബാധിത മേഖലകളിലെ പിന്നോക്ക വിഭാഗക്കാർക്ക് മൂന്ന് മാസത്തേക്ക് സൗജന്യമായി അവശ്യസാധനങ്ങൾ ഉൾപ്പെടുന്ന കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രളയത്തിൽ ജീവനോപാധി നഷ്ടമായവർക്കുള്ള പാക്കേജ് തയാറാക്കാൻ പ്ലാനിംഗ് ബോർഡിനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. പത്തു ദിവസത്തിനകം പുനർ നിർണാണ പ്രവർത്തനങ്ങൾക്ക് രൂപം നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളിലെ പ്രളയാനന്തര സാഹചര്യം വിവിധ വകുപ്പുകൾ വിലയിരുത്തും. ജീവനോപാധി നഷ്ടമായവർക്ക് സർക്കാർ സഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയത്തെ തുടർന്ന് നിർത്തിവച്ച സംസ്ഥാനത്തിന്‍റെ വിവിധ വികസന പദ്ധതികൾ ഒക്ടോബർ ഒന്നിനകം ആരംഭിക്കും. ദേശീയപാത നിർമാണം, ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതി, സിറ്റിഗ്യാസ് പദ്ധതി എന്നിവയും നിർമാണം അടിയന്തരമായി തുടങ്ങും. അഗ്നിശമനസേനയിൽ വനിതാ പ്രാധിനിത്യം ഉറപ്പാക്കുന്നതിന് 100 ഫയർ വുമണ്‍ തസ്തികകൾ സൃഷ്ടിക്കാൻ സർക്കാർ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related posts