നേപ്പാളിലുണ്ടായ രൂക്ഷമായ മിന്നൽപ്രളയത്തിനിടെ വീടിന്റെ മേൽക്കൂരയിൽ കുടുങ്ങിയ യുവാവിനെ നേപ്പാൾ സൈന്യം ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്തിയ ദൃശ്യങ്ങൾ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
“പ്രളയബാധിതരെ രക്ഷിക്കുന്ന നേപ്പാൾ സൈന്യം. എല്ലാവരും അതീവ ജാഗ്രത പാലിക്കുകയും സുരക്ഷിതരായിരിക്കുകയും ചെയ്യണമെന്ന് അഭ്യർഥിക്കുന്നു. പ്രതിസന്ധി എവിടെയുണ്ടോ അവിടെ നേപ്പാൾ സൈന്യമുണ്ട്.” എന്ന കുറിപ്പോടെ സംഭവത്തിന്റെ വീഡിയോ നേപ്പാൾ സൈന്യം എക്സിൽ പങ്കുവച്ചു.
കുത്തിയൊഴുകുന്ന പ്രളയജലം കെട്ടിടത്തെ പൂർണമായും ചുറ്റിയതോടെ യുവാവ് വീടിന്റെ മേൽക്കൂരയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. പ്രദേശമാകെ പ്രളയജലം നിറഞ്ഞതും അതിലൂടെ അവശിഷ്ടങ്ങൾ ഒഴുകിപ്പോകുന്നതും ദൃശ്യങ്ങളിൽ കാണാം. രക്ഷാപ്രവർത്തകരുടെ ഹെലികോപ്റ്റർ സമീപത്തേക്ക് എത്തുന്നതിനിടെ യുവാവ് തന്റെ ടി-ഷർട്ട് വീശി രക്ഷാപ്രവർത്തകരുടെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുന്നതും കാണാം.
ഹെലികോപ്റ്റർ കൃത്യമായ സ്ഥാനത്ത് എത്തിയതോടെ രക്ഷാസംഘത്തിലെ ഒരാൾ യുവാവിന്റെ അടുത്തേക്ക് കൈ നീട്ടി അദ്ദേഹത്തെ സുരക്ഷിതമായി ഹെലികോപ്റ്ററിലേക്ക് മാറ്റുകയായിരുന്നു. പെട്ടെന്നുണ്ടായ പ്രളയത്തിൽ ഒറ്റപ്പെട്ടുപോയവരിലേക്ക് എത്തിച്ചേരാൻ രക്ഷാപ്രവർത്തകർ നേരിട്ട കഠിനമായ സാഹചര്യങ്ങളാണ് വീഡിയോയിലൂടെ നമുക്ക് കാണാൻ സാധിക്കുന്നത്.
