നന്ദി പറയുന്നില്ല, പക്ഷേ മരിക്കുവോളം മറക്കാതെ മനസില്‍ സൂക്ഷിക്കും! തനിക്കും മറ്റനേകര്‍ക്കും രക്ഷകനായ വ്യക്തിയെ സന്ദര്‍ശിച്ച് സന്തോഷം പങ്കുവച്ച് നടന്‍ സലിം കുമാര്‍

പ്രളയത്തില്‍ പെട്ട് മണിക്കൂറുകളും ദിവസങ്ങളും മരണത്തെ മുഖാമുഖം കണ്ട് കഴിഞ്ഞവര്‍ ധാരാളമുണ്ട്. കുത്തൊഴുക്കിന് മുന്നില്‍ കുടുങ്ങിക്കിടന്ന പലരെയും രക്ഷപെടുത്തി കരയ്‌ക്കെത്തിച്ചത് മത്സ്യത്തൊഴിലാളികളാണ്. സമാനമായ രീതിയില്‍ പ്രളയത്തിന് മുന്നില്‍ പകച്ചു നിന്നുപോയ ഒരാളാണ് മലയാളികളുടെ പ്രിയ താരം സലിം കുമാര്‍.

അദ്ദേഹത്തെയും രക്ഷപെടുത്തിയത് മത്സ്യത്തൊഴിലാളികളാണ്. എന്നാല്‍ രക്ഷപെടുത്തിയ വ്യക്തിയെ ഓര്‍ത്തിരുന്ന്, അന്വേഷിച്ചെത്തി നന്ദി അറിയിച്ചിരിക്കുകയാണ് സലിം കുമാര്‍ ഇപ്പോള്‍. തന്നെയും കുടുംബത്തെയും കൂടെയുണ്ടായിരുന്നവരെയും രക്ഷിച്ച സുനില്‍ എന്ന മത്സ്യത്തൊഴിലാളിയെയും സംഘത്തെയുമാണ് സലിം കുമാര്‍ സന്ദര്‍ശിച്ചത്. നന്ദി പറയുന്നില്ലെന്നും എന്നാല്‍ മരിക്കും വരെ മറക്കില്ലെന്നുമാണ് സലിം കുമാര്‍ അറിയിച്ചത്.

പ്രളയത്തില്‍ അകപ്പെട്ട് മരണത്തെ നേരിട്ട് കണ്ട മണിക്കൂറുകളില്‍ പ്രദേശത്തെ 32 കുടുംബങ്ങള്‍ അഭയം തേടിയത് സലീം കുമാറിന്റെ ലാഫിങ് വില്ലയുടെ രണ്ടാം നിലയിലായിരുന്നു. അവിടെയും കൂടി വെള്ളം കയറിയാല്‍ ടെറസില്‍ കയറേണ്ട അവസ്ഥ. പക്ഷേ കൂട്ടത്തില്‍ പ്രായമായവര്‍ ഉള്ളതിനാല്‍ ഇവരെ മുകളില്‍ കയറ്റാന്‍ ബുദ്ധിമുട്ടാണ്.

കൂട്ടക്കരച്ചില്‍ കേട്ടാണ് അതുവഴി പോയ മാലിപ്പുറം സ്വദേശി കൈതവളപ്പില്‍ സുനിലും സംഘവും ഇരുനില വീട് ശ്രദ്ധിച്ചത്. രണ്ടാം നിലയില്‍ കയറി കുടുങ്ങിക്കിടന്നവരെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇത് നടന്‍ സലിം കുമാറിന്റെ വീടാണെന്ന് മനസ്സിലായത്. തോളില്‍ കയറ്റി അവിടെയുണ്ടായിരുന്ന എല്ലാവരെയും ബോട്ടില്‍ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു.

എസ്. ശര്‍മ എംഎല്‍എ ആവശ്യപ്പെട്ടതനുസരിച്ചാണു മാലിപ്പുറം മല്‍സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രസിഡന്റായ സുനില്‍ രണ്ടു ഫൈബര്‍ ബോട്ടുകളുമായി പറവൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. കുഞ്ഞുങ്ങളെ ഉള്‍പ്പെടെ 700 പേരെയാണ് സുനിലും സംഘവും രക്ഷപെടുത്തിയത്.

Related posts