കൊച്ചി: സംസ്ഥാനത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വാഹനത്തിന്റെ വ്യാജ പെറ്റി സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് സൈബര്‍ സാമ്പത്തിക തട്ടിപ്പ് വ്യപകമാകുന്നു. കാര്‍ ഇന്‍ഫോ എന്ന എന്ന വെബ്സൈറ്റിന്റെ പേരിലാണ് വ്യാജ സന്ദേശങ്ങള്‍ വരുന്നത്.
സന്ദേശത്തില്‍ വാഹന ഉടമയുടെ പേരും അടുത്തിടെ ലഭിച്ച ട്രാഫിക് പിഴ തുക അടയ്ക്കണമെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളും പിഴ തുക അടയ്ക്കാന്‍ ഒരു ലിങ്ക് ഉണ്ടാകും. യഥാര്‍ഥ വെബ്സൈറ്റിന്റെ പേര് ഉപയോഗിച്ചിരിക്കുന്നതിനാല്‍ സന്ദേശത്തില്‍ വിശ്വസിച്ച് ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നവരാണ് തട്ടിപ്പിന് ഇരയാകുന്നത്.
പണം അടയ്ക്കും മുമ്പ്….
വാട്സ്ആപ്പ് അല്ലെങ്കില്‍ എസ്എംഎസ് വഴി ലഭിക്കുന്ന ട്രാഫിക് പിഴ സംബന്ധിച്ച സന്ദേശങ്ങള്‍ മാത്രം വിശ്വസിച്ച് പണമടക്കരുത്. സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. ബാങ്ക്, യുപിഐ വിവരങ്ങള്‍ അപരിചിത വെബ്സൈറ്റുകളില്‍ നല്‍കാതിരിക്കുക. തട്ടിപ്പ് സംഭവിച്ചാല്‍ ഉടന്‍ 1930 ഹെല്പ്ലൈന് നമ്പറിലോ https://cybercrime.gov.in എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലോ പരാതി നല്‍കുക.
- സ്വന്തം ലേഖിക
