നെയ്യാറ്റിന്‍കര : നഗരസഭ പരിധിയില്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വ്യാപകമെന്ന് ആക്ഷേപം. ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണം. നെയ്യാറ്റിന്‍കര നഗരസഭയിലെ കൗണ്‍സിലര്‍ ജോജിന്‍ കഴിഞ്ഞ ദിവസം കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ഉദാഹരണ സഹിതം ചൂണ്ടിക്കാണിച്ചു. നഗരസഭയില്‍ അദ്ദേഹം നേരിട്ട് ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന നിര്‍ദേശം നല്കി.
എന്നാല്‍ അനധികൃതമാണ് ഈ നിര്‍മാണം എന്ന തലത്തില്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗരസഭയുടെ എല്ലാ വാര്‍ഡുകളിലും അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് യോഗത്തില്‍ സന്നിഹിതയായിരുന്ന മുനിസിപ്പല്‍ എൻജിനീയര്‍ പ്രതികരിച്ചു.
ഒരിടത്തെ പ്രശ്നം അവസാനിപ്പിക്കാന്‍ ചെല്ലുന്പോള്‍ തൊട്ടപ്പുറത്ത് അതിനെക്കാള്‍ വലിയ വിഷയം നിലവിലുണ്ടെന്ന അവസ്ഥയാണിവിടെ. എന്നാല്‍ അത്തരം അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നഗരസഭ കൃത്യമായി നോട്ടീസ് നല്‍കുകയും അവ പൊളിച്ചു മാറ്റുവാന്‍ നിര്‍ദേശിക്കുകയും ചെയ്യാറുണ്ടെന്നും എഞ്ചിനീയര്‍ അറിയിച്ചു.
നഗരസഭ ഈ വിഷയം ഗൗരവമായി കാണുന്നുവെന്നും കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും നഗരസഭ ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര്. ഹീബയും പറഞ്ഞു.
